ദോഹ : കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഖത്തറിന്റെ പ്രവാസി ഭൂമികയിൽ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് വൈവിധങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മെഷാഫിലെ പേൾ പോഡാർ സ്‌കൂൾ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ് പത്താം വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രവാസികളെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക,സാമ്പത്തിക,വിദ്യാഭ്യാസ വിഭവശേഷികളെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം വിഭവശേഷികളിൽ ബഹുദൂരം മുന്നേറിയതിന്റെ കാരണം ഗൾഫ് പ്രവാസമാണ്. അധ്വാനം മാത്രം മൂലധനമാക്കി പ്രവാസത്തിലേക്ക് ചേക്കേറിയവരുടെ ഫലമായിട്ടാണ് അടുത്ത തലമുറ വിദ്യാഭ്യാസം മൂലധനമാക്കി പ്രവാസത്തിലേക്ക് കടന്നതെന്നും അതിലൂടെ കേരളത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രവാസികൾക്ക് വലിയ പങ്കുവയ്ക്കാൻ സാധിക്കുമെന്നും ആ ദൗത്യം നിർവഹിക്കാൻ പ്രവാസ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ഖത്തറിലെ മലയാളി പ്രവാസികൾക്കിടയിൽ സാംസ്‌കാരിക സേവന മേഖലകളിൽ നിറഞ്ഞു നിന്ന പത്തു വർഷങ്ങളാണ് കഴിഞ്ഞു പോയതെന്നും വരും കാലങ്ങളിലും കൂടുതൽ മികവോടെ ഖത്തറിലെ പ്രവാസി സമൂഹത്തിൽ പ്രവാസി വെൽഫെയർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പത്തിന പരിപാടികൾ വൈസ് പ്രസിഡന്റ് മജീദലി പ്രഖ്യാപിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ആകാശം അതിര്' എന്ന തീം സോങ് വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റ് കെ എ ഷെഫീഖ് പുറത്തിറക്കി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി അഹമ്മദ് ഷാഫി തീം സോങ് പരിചയപ്പെടുത്തി സംസാരിച്ചു.

പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി താസിൻ അമീൻ, വൈസ് പ്രസിഡന്റ് നജ്ല നജീബ് എന്നിവർ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖിനും പരിപാടിയിൽ സാബന്ധിക്കാനെത്തിയ പ്രശസ്ത ഗായിക മീരക്കും മൊമെന്റോ കൈമാറി.

എസ് എം എ ടൈപ്പ് വൺ ബാധിച്ച് ചികിത്സാ സഹായം തേടുന്ന മലയാളി ദമ്പതികളുടെ പിഞ്ചുമോൾ മൽഖാ റൂഹിക്ക് സമ്മേളനത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചും സഹായമഭ്യർത്ഥിച്ചും പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് റഷീദലി പി സംസാരിച്ചു. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരായ ആയിഷയും ആമിനയും അവരുടെ രണ്ട് വർഷത്തെ സമ്പാദ്യക്കുടുക്ക മൽഖാറൂഹിയുടെ ചികിത്സാ ഫണ്ടിലേക്കായി വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റ് കെ എ ഷെഫീഖിന് കൈമാറിയത് സദസ്സിനെ ഹൃദ്യമാക്കി.

പ്രശസ്ത ഗായിക മീര നയിച്ച ഗാനമേളയിൽ ശ്യാം മോഹൻ, ഹിസാന നസ്രീൻ, ഷബീബ് അബ്ദുറസാഖ്, ഷഫാഹ് കണ്ണൂർ, അനീസ് എടവണ്ണ, ശാസ ഷബീബ്, കൃഷ്ണൻ, മെഹ്ദിയ എന്നിവർ ഗാനങ്ങളാലപിച്ചു.

സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാൻ മാള നന്ദിയും പറഞ്ഞു.