രോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേൽക്കാം എന്ന ആശയം മുൻ നിർത്തി എക്‌സ്പാറ്റ് സ്‌പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് ഖത്തർ ഡയബറ്റീസ് അസോസിയേഷന്റെ അംഗീകാരത്തോടെ സ്പോർട്സ് കാർണ്ണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെയ്റ്റ് ലോസ് കോമ്പറ്റീഷൻ (ശരീര ഭാരം കുറക്കൽ) മത്സരത്തിന് പ്രൗഢോജ്വല തുടക്കം.

ബർവ്വ സിറ്റിയിലെ കിംസ് ഹെൽത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഡോ. മോഹൻ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്നും മറ്റെല്ലാ തിരക്കുകൾക്കിടയിലും ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിൽ പ്രവാസ ജീവിതത്തിൽ ശ്രദ്ധ ചെലുത്തണമെന്നും സ്വന്തം ആരോഗ്യത്തെ കുറിച്ച് ചില വീണ്ടു വിചാരങ്ങൾക്ക് ഈ മത്സരം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയിൽ ഇത്തരം നൂതന ആശയങ്ങളുമായി മുന്നോട്ട് പോകുന്ന എക്‌സ്പാറ്റ് സ്‌പോർട്ടീവിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പാറ്റ് സ്‌പോർട്ടീവ് പ്രസിഡണ്ട് സുഹൈൽ ശാന്തപുരം അദ്ധ്യക്ഷത വഹിച്ചു. ശരീര ഭാരവും ആവശ്യത്തിലധികം വണ്ണവും ഉള്ളവർക്ക് മത്സരബുദ്ധിയോടെ അത് കുറച്ച് ആത്മവിശ്വാസം നൽകുകയും ജീവിത ശൈലിയിൽ ഒരു തിരുത്ത് നൽകുകയുമാണ് എക്‌സ്പാറ്റ് സ്‌പോർട്ടീവ് ഇതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കിംസ് ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മറ്റി മെമ്പർ സഫീർ റഹ്മാൻ, ഖത്തർ ഡയബറ്റിസ് അസോസിയേഷൻ പ്രതിനിധി അഷ്റഫ് പി.വി, കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, മലബാർ ഗോൾഡ് & ഡയമണ്ട്‌സ് സോണൽ ഹെഡ് നൗഫൽ തടത്തിൽ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രസിഡണ്ട് റഷീദ് അഹമ്മദ്, കിംസ് ഹെൽത്ത് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ ഡോ. ദീപിക, ഡോ. നുസൈബ തുടങ്ങിയവർ സംസാരിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകളായ ഹുസൈൻ വാണിമേൽ, മുഹമ്മദ് അസ്ലം കൾച്ചറൽ ഫോറം സ്പോർട്സ് വിങ് സെക്രട്ടറി അനസ് ജമാൽ തുടങ്ങിയവർ സംബന്ധിച്ചു. എക്‌സ്പാറ്റ് സ്‌പോർട്ടീവ് ജനറൽ സെക്രട്ടറി താസീൻ അമീൻ സ്വാഗതവും സ്പോർട്സ് കാർണ്ണിവൽ ജനറൽ കൺവീനർ അബ്ദുറഹീം വേങ്ങേരി നന്ദിയും പറഞ്ഞു.

ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്‌നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഈ കാലയളവിൽ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നൽകും. സപ്തംബർ 30 ന് റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ വച്ച് നടക്കുന്ന സ്പോർട്സ് കാർണ്ണിവലിൽ വിജയികളെ ആദരിക്കും. ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.