ദോഹ. ഖത്തറിൽ വിജയം വരിച്ച മലയാളി സംരംഭകർക്ക് കേരള എൻട്രപ്രണേർസ് ക്ളബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡിന് ഈ മാസം 20 വരെ അപേക്ഷിക്കാമെന്ന് കെ.ഇ.സി. പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് ചിറക്കൽ അറിയിച്ചു. മൈക്രോ , സ്മോൾ , മീഡിയം വിഭാഗങ്ങളിലായി വിജയം വരിച്ച മലയാളി പ്രവാസികളെ ആദരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്കെത്തുവാൻ സഹായിക്കുകയുമാണ് അവാർഡ് ലക്ഷ്യം വെക്കുന്നത്.

ബിസിനസിലെ നൂതന ആശയങ്ങൾ, ആരോഗ്യകരമായ വളർച്ച, കോവിഡ് പ്രതിസന്ധി നാളുകളിലൈ അതിജീവനം തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്ന സംരംഭകരെയാണ് അവാർഡിന് പരിഗണിക്കുക. ഭക്ഷണം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, ട്രാൻസ്പോർട്ട്, ഗാർമെന്റ്സ് ആൻഡ് ഫൂട് വെയർ, ഹെൽത്ത് ആൻഡ് വെൽനസ്, ലോജിസ്റ്റിക്സ്,ഐ.ടി, മീഡിയ, കായികം തുടങ്ങി 14 മേഖലകളിൽ നിന്ന് നോമിനേഷനിലൂടെയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തുക.

സംരംഭകർക്ക് സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റാരെങ്കിലും മുഖേന നോമിനേഷൻ സമർപ്പിക്കുകയോ ചെയ്യാം. www.kecqa.com എന്ന വെബ്സൈറ്റ് വഴിയോ https://docs.google.com/forms/d/1YsFUh_WPHOuKXw7GOT4ZnUqrSOMpDjzQWWSOpY_PvW0/edit എന്ന ഗൂഗിൾ ഫോം വഴിയോ അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് 77431473 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഖത്തറിലെ മലയാളി സംരംഭകരുടെ സമഗ്ര വളർച്ചക്കുതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് കെ.ഇ.സി.ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.

കേരളത്തിലെ വ്യവസായ വകുപ്പ് , സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവയിലെ പ്രഗൽഭർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. ഒക്ടോബർ ആദ്യവാരം ദോഹയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. അവാർഡ് ദാനത്തോടനുബന്ധിച്ച് ഖത്തറിലെ മലയാളി ചെറുകിട സംരംഭകരുടെ സംഗമവും കലാവിരുന്നുമൊരുക്കും. ഖത്തർ വാണിജ്യ മന്ത്രാലയം പ്രതിനിധികൾ, കേരളത്തിൽ നിന്നുള്ള മന്ത്രിമാർ, ബിസിനസ് പ്രമുഖർ തുടങ്ങിയവർ അവാർഡ് ദാനചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷരീഫ് പറഞ്ഞു.