- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം ഫാൻസ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്: ഫാർമകെയർ എഫ്. സി. ജേതാക്കൾ
ദോഹ: കാൽപന്ത് കളിയുടെ വിശ്വമേളക്ക് കാത്തിരിക്കുന്ന ഖത്തറിലെ ഫുട്ബോൾ ആരവങ്ങൾക്ക് ആവേശം പകർന്ന് യൂത്ത് ഫോറം സംഘടിപ്പിച്ച സ്പീഡ് ലൈൻ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഓർബിറ്റ് എഫ്.സി. യെ 2-1 ന് പരാജയപ്പെടുത്തി ഫാർമകെയർ എഫ്. സി. കിരീടം നേടി. ഖത്തർ സി.എൻ.എ.ക്യൂ ഗ്രൗണ്ടിൽ വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ടൂർണമെന്റിൽ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ ഫാൻടീമുകളും വിവിധ പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളിൽ നിന്നുമായി 32 ടീമുകളാണ് മാറ്റുരച്ചത്.
വ്യാഴാഴ്ച നടന്ന പ്രാഥമിക മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയ 16 ടീമുകളാണ് വെള്ളിയാഴ്ച നടന്ന കോർട്ടർ, ഫൈനൽ മത്സരങ്ങളിൽ കളിക്കാനിറങ്ങിയത്. യൂത്ത് ഫോറം ഭാരവാഹികളും ടൂർണമെന്റ് സംഘാടക സമിതിയും കളിക്കാരെ പരിചയപ്പെട്ടു. ഖത്തറിലെ സർട്ടിഫൈഡ് റഫറിമാരാണ് കളി നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ 1-1 ന് തുല്യത നേടിയ ആദ്യ പകുതിക്ക് ശേഷം ഫാർമകെയർ താരം സജാദിന്റെ ത്രോയിലൂടെ പിറന്ന സെൽഫ് ഗോളിലൂടെയാണ് ഫാർമകെയർ വിജയമുറപ്പിച്ചത്. കളിയിലെ മികച്ച ഗോൾകീപ്പറായി ഫാർമകെയറിന്റെ അനസിനെ തിരഞ്ഞെടുത്തു. ഓർബിറ്റ് എഫ്.സി. യുടെ കണ്ണനാണ് ടൂർണമെന്റിൽ കൂടുതൽ ഗോളുകൾ നേടിയത്. കളിയിലെ മികച്ച കളിക്കാരനുള്ള സമ്മാനത്തിന് ഓർബിറ്റ് എഫ്.സി. യുടെ പ്രിൻസ് അർഹനായി.
സി.എൻ.എ.ക്യൂ. ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ ഖത്തർ ദേശീയ ടീമിന്റെ മുൻ ഗോൾകീപ്പർ അലി ഫുആദ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ലോകകപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫാൻലീഡർ സഫീർ റഹ്മാൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ജേതാക്കൾക്കുള്ള ട്രോഫിയും മറ്റ് ഉപഹാരങ്ങളും വിതരണം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസ്ലം ഈരാറ്റുപേട്ട, അസ്ലം എം ഐ, ഭാരവാഹികളായ ഹബീബ് റഹ്മാൻ, സുഹൈൽ, അഹ്മദ്, ആദിൽ, സൽമാൻ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
നവംബറിൽ ആരംഭിക്കുന്ന ലോകകപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് വ്യത്യസ്തങ്ങളായ കായിക പരിപാടികൾ വരുന്ന ആഴ്ചകളിലും സംഘടിപ്പിക്കുമെന്ന് ടൂർണമെന്റ് സംഘാടക സമിതി അംഗങ്ങളായ മുഫീദ്, മുഅ്മിൻ, ഷഫീഖലി, ഷഹനാസ് തുടങ്ങിയവർ അറിയിച്ചു. ടൂർണമെന്റിൽ ഭാഗമായ മുഴുവൻ സ്‌പോൺസർമാർക്കും കളി വീക്ഷിക്കാൻ എത്തിച്ചേർ കായിക പ്രേമികൾക്കും സംഘാടക സമിതി നന്ദി അറിയിച്ചു. യൂത്ത് ഫോറം ഖത്തറിൽ പ്രവർത്തനമാരംഭിച്ച് പത്ത് വർഷങ്ങൾ പൂർത്തിയാവുന്ന വേളയിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഫാൻസ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്.