ദോഹ: ഖത്തറിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ പരമ്പരയായ വിജയമന്ത്രങ്ങളുടെ ആറാം ഭാഗം നവംബർ 10 ന് രാത്രി 8.30 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലെ റൈറ്റേർസ്് ഹാളിൽ പ്രകാശനം ചെയ്യും. കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച മോട്ടിവേഷണൽ ലേഖന പരമ്പരയാണ് വിജയമന്ത്രങ്ങൾ എന്ന പേരിൽ പുസ്തകങ്ങളായും പോഡ്കാസ്റ്റായും പ്രചാരം നേടിയത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനകരമായ കഥകളാലും ഉദ്ധരിണികളാലും സമ്പന്നമായ വിജയമന്ത്രങ്ങൾ പരമ്പര മലയാളം പോഡ്കാസ്റ്റായും പുസ്തകമായും കേരളീയ സമൂഹം ഏറ്റെടുത്ത ശ്രദ്ധേയമായ ഒരു പരമ്പരയാണ് . ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച പരമ്പര ഖത്തറിലെ റേഡിയോ മലയാളവും സംപ്രേഷണം ചെയ്യുന്നുണ്ട്.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി ബുക്സാണ് പ്രസാധകർ. അമാനുല്ല വടക്കാങ്ങരയുടെ എൺപത്തി രണ്ടാമത് പുസ്തകമാണിത്.