ദോഹ: നവംബർ 2 മുതൽ 13 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറിൽ നിന്നും അര ഡസൻ മലയാളി ഗ്രന്ഥകാരന്മാർ .

പുസ്തക സീരീസ് പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരിയായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ലൈബ അബ്ദുൽ ബാസിതിന്റെ ഓർഡർ ഓഫ് ദ ഗാലക്സി നവംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് റൈറ്റേർസ് ഹാളിൽ വെച്ച് പുനഃപ്രകാശനം ചെയ്യും. ലിപി ബുക്സാണ് പ്രസാധകർ.

ഡോ. താജ് ആലുവയുടെ 'അസമത്വങ്ങളുടെ ആൽഗരിതം നവംബർ 7 ന് ഉച്ചക്ക് 2.30 ന് ഹാൾ നമ്പർ 7 ൽ പ്രകാശനം ചെയ്യും. മലയാളത്തിന്റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയാണ് പ്രകാശനം നി4വഹിക്കുന്നത്. ടി എൻ പ്രതാപൻ എം പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങും. പ്രസാധകരായ ഐ പി എച്ചിന്റെ ഡയരക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി പങ്കെടുക്കും.

ഡാറ്റയാണ് രാജാവ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയു മുപയോഗപ്പെടുത്തി സാങ്കേതിക വിദ്യ അനുദിനം മുന്നോട്ട് കുതിക്കുമ്പോൾ കിതച്ചു പോകുന്ന, ചൂഷണ വിധേയരാകുന്ന വലിയൊരു ജനവിഭാഗമുണ്ട്.അവരെ കുറിച്ച വേവലാതിയും അവർക്ക് വേണ്ടിയുള്ള ജാഗ്രതയുമാണ് ഡോ: താജ് ആലുവയുടെ 'അസമത്വങ്ങളുടെ ആൽഗരിതം' എന്ന പുസ്തകം പങ്ക് വെക്കുന്നത്.

മാധ്യമ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.താജ് ആലുവയുടെ രണ്ടാമത് പുസ്തകമാണിത്.ആദ്യ ഗ്രന്ഥമായ ഫലപ്രദമായ ജീവിതം ഇതിനകം 4 പതിപ്പുകൾ പിന്നിട്ട് കഴിഞ്ഞു.

അൽ ജസീറ മീഡിയ ശൃംഖലയുടെ മുൻ ഡയറക്ടർ ജനറൽ വദ്ദാഹ് ഖൻഫർ രചിച്ച് ഹുസൈൻ കടന്നമണ്ണ മലയാളമൊഴിമാറ്റം നിർവഹിച്ച റബീഉൽ അവ്വൽ ആണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. നവംമ്പർ 9 ന് ബുധനാഴ്ച 2 മണിക്ക് പ്രകാശനം. ഐ പി എച്ച് ആണ് പുസ്തകം മലയാള വായനാക്കാർക്ക് എത്തിക്കുന്നത്. 10 വിവർത്തന കൃതികളും 5 സ്വതന്ത്ര കൃതികളുമുള്ള ഹുസൈൻ കടന്നമണ്ണ ഖത്തറിലെ ഇന്ത്യൻ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം ജനറൽ സെക്രട്ടറിയാണ് .

മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ ആറാം ഭാഗമാണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. നവംബർ 10 ന് രാത്രി 8.30 നാണ് പ്രകാശനം. അമാനുല്ല വടക്കാങ്ങരയുടെ എൺപത്തി രണ്ടാമത് പുസ്തകമാണിത്.

ബന്ന ചേന്ദമംഗല്ലൂർ എഡിറ്റ് ചെയ്ത കഥാശ്വാസം രണ്ടാം ഭാഗവും അതേ ദിവസം അതേ വേദിയിൽ പ്രകാശനം ചെയ്യും.

സലീം നാലകത്തിന്റെ പുതിയ കഥാസമാഹാരമായ സുഗന്ധക്കുപ്പികൾ ആണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്‌കത്തിന്റെ അവതാരിക പി. കെ പാറക്കടവിന്റേതാണ് .നവംബർ 13 ഞായറാഴ്ച 6 മണിക്കാണ് പ്രകാശനം. സലീം നാലകത്തിന്റെ മൂന്നാമത് കൃതിയാണിത്.