ദോഹ: ലോകം അതി ഭയാനകമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്നേഹ സഹകരണങ്ങളിലൂടെ ഏത് പ്രതിസന്ധികളേയും മറികടക്കാമെന്നും പ്രവാസ ലോകത്തെ പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവർത്തകനും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തകോൽവസത്തിൽ മാധ്യമ പ്രവർത്തകനായ അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ പരമ്പരയായ വിജയമന്ത്രങ്ങളുടെ ആറാം ഭാഗത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളിൽ തളർന്നുവീഴാതെ പിടിച്ചുനിൽക്കുവാനും ലക്ഷ്യം നേടാനും ആത്മവിശ്വാസവും ഊർജവും നൽകിയ പരമ്പരയാണ് വിജയമന്ത്രങ്ങൾ. ലക്ഷക്കണക്കിന് ശ്രോതാക്കൾ നെഞ്ചെറ്റിയ വിജയമന്ത്രങ്ങളുടെ പുസ്തക പരമ്പരയും സഹൃദയലോകം സ്വീകരിച്ചത് സന്ദേശങ്ങളുടെ സമകാലിക പ്രസക്തിയാണണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായ പരിശ്രമങ്ങളും പ്രചോദനങ്ങളും ലക്ഷ്യത്തിലേക്കുള്ള വഴി അനായസമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

എല്ലാ വിഭാഗമാളുകൾക്കും നിരന്തരമായ പ്രചോദനം ആവശ്യമാണെന്നും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനും പ്രവർത്തിപഥത്തിൽ മുന്നേറാനും ഇത്തരം പ്രചോദനങ്ങൾ ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.യു.എ. ഇ.യിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ലൈഫ് വേ ഗ്രൂപ്പ് സി.ഇ. ഒ.യുമായ അൻസാർ കൊയിലാണ്ടിക്ക് ആദ്യ പ്രതി നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീം പുസ്തകം പ്രകാശനം ചെയ്തു.

ബന്ന ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ഇന്ദു മേനോൻ, ജാസ്മിൻ സമീർ, സലാം കൊടിയത്തൂർ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു.എം. എ. സുഹൈൽ സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.