ദോഹ. ഇന്ത്യയുടെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും അതിന് സൗകര്യമൊരുക്കിയ ഗൾഫ് രാജ്യങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും എൻ.ആർ.ഐ.കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും പ്രവാസി ഭാരതി മുഖ്യ പത്രാധിപരുമായ പ്രവാസി ബന്ധു ഡോ.എസ്.അഹ് മദ് അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിൽ മീഡിയ പ്ളസും റേഡിയോ സുനോയും ചേർന്നൊരുക്കിയ ഇശൽ നിലാവ് സീസൺ 2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ഗൾഫ് പ്രവാസം വലിയ സംഭാവനകൾചെയ്തിട്ടുണ്ട്. പ്രവാസി പെൻഷൻ, പുനരധിവാസ പദ്ധതി തുടങ്ങി പ്രവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്നത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ ഇനിയും കുറേ പരിഹരിക്കാനുണ്ട്. അതിനുള്ള നിരന്തര ശ്രമങ്ങൾ നടന്നുവരികയാണ്. പ്രവാസികൾ ജോലി ചെയ്യുന്ന നാടിനോടും സംസ്‌കാരത്തോടും ആദരവ് നിലനിർത്തിയാണ് രാജ്യത്തിന്റെ യശസ്സ് ഉയർത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ഡോം ഖത്തർ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് എന്നിവർ ചേർന്ന് പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദിനെ ആദരിച്ചു.

--