ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന പത്താമത് ദോഹ റമദാൻ മീറ്റ് ഏപ്രിൽ 14 വ്യഴാഴ്ച നടക്കും. സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും സഹജീവികളുടെ നിലനിൽപിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കാലത്ത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഹ്വാനമുയർത്തിക്കൊണ്ട് അൽ അറബി സ്പോർട്സ് ക്ലബിൽ വൈകുന്നേരം 4.00ന് ആരംഭിക്കുന്ന പരിപാടി ഡി.ഐ.സിഐ.ഡി ചെയർമാൻ ഡോ. ഇബ്റാഹിം ബിൻ സാലിഹ് അൽ നുഐമി ഉദ്ഘാടനം നിർവഹിക്കും. സ്നേഹ സംവാദ വേദികളിലെ സാന്നിദ്ധ്യവും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായ ബിഷപ് ഗീവർഗീസ് മാർ കൂറിലോസ് മുഖ്യാതിഥിയായിരിക്കും. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ്സ് ഇന്ത്യ ചെയർമാൻ സുഹൈബ് സി.ടി മുഖ്യപ്രഭാഷണം നിർവഹിക്കും.

ഡി.ഐ.സിഐ.ഡി, ഖത്തർ ചാരിറ്റി, സിഐ.സി ഖത്തർ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം യുവാക്കൾ പങ്കെടുക്കും. മനുഷ്യ മഹത്വത്തെയും ആശയ വൈവിധ്യങ്ങളെയും നിരാകരിക്കുന്ന വർഗീയ പ്രവണതകളെ, മാനവിക സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു മറികടക്കാൻ പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മതസമൂഹങ്ങളുടെ ആഘോഷ വേളകൾ പോലും സാമൂഹിക സൗഹാർദത്തിന് വിള്ളലുകൾ ഉണ്ടാക്കുന്ന കാലത്ത്, റമദാനും ഇഫ്താറും പഠിപ്പിക്കുന്ന പങ്കുവെക്കലുകളുടെയും സഹകരണത്തിന്റെയും പാഠങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് റമദാൻ മീറ്റിന്റെ ഉദ്ദേശ്യമെന്നും സംഘാടകർ അറിയിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ സ്വാഗത സംഘം ചെയർമാനും സെക്രട്ടറി ഹബീബ് റഹ്മാൻ ജനറൽ കൺവീനറുമായിരിക്കും. അസിസ്റ്റന്റ് കൺവീനറായി അഹ്മദ് അൻവറിനെയും പി.ആർ ആൻഡ് ഗസ്റ്റ് വകുപ്പിലേക്ക് കെ.എ അസ്ലമിനെയും തെരഞ്ഞെടുത്തു.