കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ല 39 വയസ്സ് പൂർത്തീകരിച്ച ദിനത്തിൽ ജില്ലയോട് തുടരുന്ന കടുത്ത അവഗണനയ്ക്കെതിരെ ഫോറം ഫോർ കാസറഗോഡിന്റെ വേറിട്ട പ്രതിഷേധം. ജില്ലയുടെ അതിദയനീയമായ അവസ്ഥ ചൂണ്ടിക്കാണിക്കാൻ വയ്യാണ്ടായ കാസറഗോഡ് ജില്ലയെ പ്രതീകാത്മമായി ചിത്രീകരിക്കാൻ കാസറഗോഡ് ജില്ല എന്ന പോസ്റ്റർ പതിപ്പിച്ച് ദേഹമാസകലം പരിക്ക് പറ്റിയ നിലയിൽ ഒരു പ്രവർത്തകനെ വീൽചെയറിലിരുത്തി കൊണ്ടായിരുന്നു പ്രതിഷേധം.

വായ് മൂടിക്കെട്ടിയുള്ളപ്രതിഷേധ മാർച്ച് ഫോറം ഫോർ കാസറഗോഡ് ജില്ലാ ചെയർമാൻ പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ദുർ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരെ പുനരധിവസിപ്പിക്കുന്ന ദുർഗുണ പരിഹാര പാഠശാലയാണോ കാസറഗോഡെന്നും, കാസറഗോഡ് ജില്ലയുടെ വികസനത്തിനായ് ഒന്നും ചെയ്യാൻ ഇനിയും സർക്കാർ തയ്യാറാവുന്നില്ലായെങ്കിൽ ജില്ലയെ കർണ്ണാടകത്തിൽ ചേർക്കാനെങ്കിലും തയ്യാറാവണമെന്നും പത്മരാജൻ അഭ്യർത്ഥിച്ചു. ഫോറം രക്ഷാധികാരി പ്രേമചന്ദ്രൻ ചോമ്പാല അധ്യക്ഷത വഹിച്ചു. അനിൽ വാഴുന്നോറൊടി, സിസ്റ്റർ ജയ ആന്റോ, ദിനേശൻ മൂലക്കണ്ടം, മനോജ് ഉപ്പിലിക്കൈ, സുഹറ പടന്നക്കാട്, രാജൻ തെക്കേക്കര, റഫീഖ് ഹാജി റോഡ്, വി വി ചന്ദ്രൻ, ശ്രീനിവാസൻ ചൂട്ട്വം, മുസ്താഖ്, ബുഷറ, ഉമേശൻ തുടങ്ങിയവർ സംസാരിച്ചു