ദോഹ:- സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യ ഫുട്‌ബോൾ ടൂർണമെന്റിലെ അവസാന ലീഗ് മത്സരവും കഴിഞ്ഞതോടെ സെമി ഫൈനലുകൾ തീ പാറുമെന്നുറപ്പായി. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ സീഷോർ മേറ്റ്‌സ് ഖത്തർ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോഴ്സ് എക്‌സ് കേയെർ ആൻഡ് ക്യൂയറിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗ്രാൻഡ് മാൾ എഫ്സിയെ പരാജയപ്പെടുത്തി. സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി ഗ്രൂപ്പ് ചാമ്പ്യൻ മാരായി.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ക്യു ഐ ഇ നഹ്ദി മന്തി എഫ്സി orbit എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇരു ടീമുകൾക്കും സെമി സാധ്യത ഇല്ലാതിരുന്ന മത്സരം പക്ഷെ കടുത്തതായിരുന്നു. തുടർന്ന് നടന്ന വാശിയേറിയ സിറ്റി എക്‌സ്‌ചേഞ്ച് എഫ്സി, സ്പിരിറ്റ് ഇവെന്റ്‌സ് ഒലെ എഫ്സി മത്സരം സമനിലയിലായി. സിറ്റി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി.

ഒമ്പതാം തിയതി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ യഥാക്രമം സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി , സ്പിരിറ്റ് ഇവെന്റ്‌സ് ഒലെ എഫ്സിയെയും സിറ്റി എക്‌സ്‌ചേഞ്ച് എഫ്സി, സീഷോർ മേറ്റ്‌സ് ഖത്തർനെയും നേരിടും. പ്രാഥമിക മത്സരങ്ങളിൽ നിന്നും ഭിന്നമായി മത്സരങ്ങൾ 90 മിനുട്ടുള്ളതിനാൽ കളിമികവിനൊപ്പം കായികക്ഷമതക്കും തുല്യ പ്രാധാന്യമുള്ളതായിരിക്കും സെമി ഫൈനൽ മത്സരങ്ങൾ. വിജയ പരാജയങ്ങൾ പ്രവചനാതീതമായ മത്സരങ്ങൾ കാണാൻ കുടുംബങ്ങൾക്ക് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിക്കുന്നു. കാണികളിൽ നിന്നും തിരഞ്ഞെടുക്കന്നവർക്ക് വിവിധ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.