ദോഹ. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുസ്തക പ്രകാശനവും ജൂലൈ 5 ന് ബുധനാഴ്ച വൈകുന്നേരം 7.45 ന് ദോഹയിലെ സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കും.

വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ചബഷീർ വർത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ ഗൾഫ് പ്രകാശനം ചടങ്ങിൽ ഇന്ത്യൻ കൾചറൽ സെന്റർ മുൻ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക നായകനുമായ പി.എൻ. ബാബുരാജന് ആദ്യ പ്രതി നൽകി നോർക്ക റൂട്‌സ് ഡയറക്ടർ സി.വി.റപ്പായ് നിർവഹിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ ബഷീറിന്റെ കൃതികളെക്കുറിച്ചും സാഹിത്യ സംഭാവനകളെക്കുറിച്ചും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ.സലീൽ ഹസൻ, സാംസ്‌കാരിക പ്രവർത്തകരായ ബിജു പി. മംഗലം, ജയകുമാർ മാധവൻ എന്നിവർ പ്രസംഗിക്കും.

ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ. പരുമല , ലോക കേരള സഭ അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.ശ്രീകല ജിനൻ അവതരിപ്പിക്കുന്ന ബഷീർ കൃതികളുടെ ശബ്ദാവിഷ്‌കാരവും മുത്തലിബ് മട്ടന്നൂർ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും പരിപാടിക്ക് കൊഴുപ്പേകും.