ദോഹ. അറിയപ്പെടുന്ന സാഹിത്യത്തിന് വഴങ്ങാത്ത ഭാഷയും പ്രയോഗങ്ങളുമാണ് ബഷീർ സാഹിത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പ്രശസ്ത ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനും ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പലുമായ ഡോ.സലീൽ ഹസൻ അഭിപ്രായപ്പെട്ടു. ബഷീർ ഓർമദിനമായ ജൂലൈ 5 ന് മീഡിയ പ്ളസ് സംഘടിപ്പിച്ച ചടങ്ങിൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ കാലഘട്ടത്തിന് പരിചയമില്ലാത്ത മനുഷ്യപറ്റുള്ള ഭാഷയും പ്രയോഗങ്ങളും ധൈര്യപൂർവം പ്രയോഗിച്ച് ഭാഷയിൽ വിസ്മയം സൃഷ്ടിച്ച മഹാനാണ് ബഷീർ. സാഹിത്യത്തിലെ കലാപാത്രങ്ങളും നായിക നായകന്മാരും സമൂഹത്തിലെ എല്ലാ തട്ടുകളിൽ നിന്നുമാകാമെന്ന് പ്രയോഗത്തിലൂടെ കാണിച്ചത് ബഷീറായിരുന്നു. കുശിനിക്കാരനും പ്യൂണും വേശ്യകളുമെന്നല്ല സമൂഹത്തിലെ എല്ലാ രംഗത്തുള്ളവർക്കും കഥാപാത്രങ്ങളാകാമെന്ന് ബഷീർ തെളിയിച്ചു. പച്ചയായ മനുഷ്യയാഥാർഥ്യങ്ങളിലേക്ക് കഥയേയും സാഹിത്യത്തേയും കൊണ്ടുവന്നാണ് ബഷീർ ഉയർന്നു നിൽക്കുന്നത്, അദ്ദേഹം പറഞ്ഞു.

ബഡുക്കൂസ്, ബുദ്ദൂസ്, ഇമ്മിണി ബല്യ ഒന്ന് തുടങ്ങി നിരവധി പുതിയ വാക്കുകളും പ്രയോഗങ്ങളുമാണ് ബഷീർ മലയാള സാഹിത്യത്തിന് സമ്മാനിച്ചത് . തീക്ഷ്ണമായ അനുഭവങ്ങളും യാത്രകളുമൊക്കെയാകാം ബഷീറിനെ ഇത്തരം മികച്ച രചനകൾക്ക് സഹായകമായത്. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിറഞ്ഞാടിയ മഹാനായ ബഷീർ സാഹിത്യ വിദ്യാർത്ഥികൾക്ക് ഇന്നും വിസ്മയമാണ് . സാധാരണഗതിയിൽ പ്രകോപനം സൃഷ്ടിക്കുന്ന പദപ്രയോഗങ്ങൾ ബഷീറിന്റെ തൂലികയിലൂടെ ആവിഷ്‌ക്കരിക്കുമ്പോൾ ഹാസ്യാത്മകമായ അനുഭവമായി മാറുമെന്നതാണ് യാഥാർഥ്യം, അദ്ദേഹം കൂട്ടിച്ചേർത്തു.
ദാർശനികനും സ്യാതന്ത്ര്യ സമര സേനാനിയും മാനവികനുമായ ബഷീറിന്റെ രചനകൾ ഇനിയും കൂടുതൽ വായിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വമുള്ള അനുരാഗത്തിന്റെ മതാതീതമായ സ്നേഹത്തിന്റെ ഉജ്വലമാതൃക സമ്മാനിച്ച ബഷീറിയൻ കൃതികളുടെ സമകാലിക പ്രസക്തി വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി ദോഹ മുൻ അധ്യക്ഷനും നോർക്ക റൂട്‌സ് ഡയറക്‌റുമായ സി.വി.റപ്പായി പരിപാടി ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ കൾചറൽ സെന്റർ മുൻ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ പി.എൻ.ബാബുരാജൻ , ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, സാംസ്‌കാരിക പ്രവർത്തകരായ ബിജു പി. മംഗലം, ജയകുമാർ മാധവൻ ,ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ. പരുമല , ലോക കേരള സഭ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ കെ.എം.സിസി ട്രഷറർ ഹുസൈൻ എന്നിവർ സംസാരിച്ചു.

മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു