ദോഹ- സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തറുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഷഹാനിയയിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ സെഷനുകളിലായി നിർമ്മിതബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ, കരിയർ ഗൈഡൻസ്, ധാർമ്മിക-വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിഷയാവതരണവും ചർച്ചയും നടന്നു. വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ഫുട്‌ബോൾ, വടം വലി, വാട്ടർപോളോ തുടങ്ങിയ മത്സരങ്ങളും മറ്റു ഗെയിമുകളും ദൈനംദിന ജീവിതത്തിലെ വ്യായാമങ്ങളുമായി ബന്ധപ്പെട്ട സെഷനും സംഘാടകർ ഒരുക്കിയിരുന്നു.

വിദ്യാഭ്യാസ മേഖലയിൽ നിർമ്മിത ബുദ്ധി ടൂളുകളുടെ സാധ്യതകളെക്കുറിച്ച് ഫഹദ് ഹനീഫ, മുബാറക് മുഹമ്മദ് എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ആസ്‌ക് ദി സ്‌കോളർ സെഷനിൽ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി, കൾച്ചറൽ എക്‌സപെഡിഷൻ എന്ന വിഷയത്തിൽ ഡോ. ഹുസൈൻ കടന്നമണ്ണ, ഫ്രണ്ട്ഷിപ്പ് റീൽ ആൻഡ് റിയൽ എന്ന തലക്കെട്ടിൽ ജംഷീദ് ഇബ്‌റാഹിം, വ്യക്തിത്വ വികാസം ഇസ്ലാമിക വീക്ഷണത്തിൽ ശൈഖ് അബൂ ഹനീഫ എന്നിവർ പങ്കെടുത്തു. മറ്റു സെഷനുകളിലായി ഷഫീഖ് അലി, അസ്ലം തൗഫീഖ്, ഡോ. സലീൽ ഹസൻ, ഷാകിർ, ഷാബിർ ഹമീദ് എന്നിവരും പങ്കെടുത്തു.

യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ പ്രസിഡന്റ് സഅദ് അമാനുള്ള, ജനറൽ സെക്രട്ടറി അബ്‌സൽ മുഹമ്മദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ഭാവി തലമുറക്ക് അവരുടെ കരിയറിനെക്കുറിച്ച ഉൾക്കാഴ്ച നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിദ്യാർത്ഥികളിൽ ശാരീരിക, മാനസിക ആരോഗ്യം നിലനിർത്തുന്നതിനും അവരെ ആത്മവിശ്വാസമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിനുമായി യൂത്ത് ഫോറം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന പരിപാടികളും ശിൽപശാലകളും സംഘടിപ്പിച്ചിരുന്നു.

വിജയകരമായ ഒരു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചതിന് യൂത്ത് ഫോറം ഖത്തറിനും സ്റ്റുഡന്റ്‌സ് ഇന്ത്യക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും നന്ദി അറിയിക്കുകയാണെന്നും, പഠന, വിനോദ, വിജഞാന സെഷനുകളിലൂടെ വിദ്യാർത്ഥികൾ ക്യാമ്പ് ആസ്വദിച്ചുവെന്ന് ഉറപ്പു പറയാനാകുമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.


വിജയകരമായ ഒരു ക്യാമ്പ് കൂടി സംഘടിപ്പിക്കാനായതിൽ ഏറെ അഭിമാനിക്കുന്നുവെന്നും ക്യാമ്പിൽ പങ്കെടുത്ത ഓരോ വിദ്യാർത്ഥിക്കും മികച്ച അനുഭവം നൽകാനും അവരിൽ ധാർമിക, സാമൂഹിക പ്രതിബദ്ധത മൂല്യങ്ങളെക്കുറിച്ച അവബോധം സൃഷ്ടിക്കാൻ ക്യാമ്പിന് കഴിഞ്ഞിട്ടുണ്ടെന്നും യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ്.എസ് മുസ്തഫ പറഞ്ഞു.

സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുന്ന ഈ യുവതലമുറയുടെ കൂട്ടായ പ്രയത്‌നങ്ങൾ ശോഭനമായ, കൂടുതൽ ഉൾക്കൊള്ളുന്നതുമായ ഒരു ഭാവിക്ക് വഴിയൊരുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും എസ്.എസ് മുസ്തഫ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളിലെ സമർപ്പണബോധത്തിലൂടെയും സഹാനുഭൂതിയിലൂടെയും നൂതനമായ ചിന്തയിലൂടെയും നല്ല സമൂഹത്തെ വളർത്തിക്കൊണ്ട് വരാൻ അവർക്ക് പ്രാപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും യൂത്ത് ഫോറം സമ്മർ ക്യാമ്പ് സംഘടിപ്പിച്ച് വരുന്നുണ്ട്.