ഡൽഹി: ഡി.എം.കെ നേതാവും ലോക്‌സഭാ എംപിയുമായ കനിമൊഴിയുടെ ആതിഥ്യം ലഭിച്ച സന്തോഷത്തിലാണ് ഖത്തറിൽ നിന്നെത്തിയ ഒരു സംഘം ഇന്ത്യൻ വിദ്യാർത്ഥികൾ. ഖത്തർ പ്രവാസികളായ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറം ഖത്തറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച 'രഷ്‌കെ ജിനാൻ ഹമാര' എന്ന പേരിൽ ഇന്ത്യയുടെ ചരിത്ര പ്രധാന നഗരങ്ങളിലൂടെയുള്ള യാത്രയുടെ ഭാഗമായി ഡൽഹിയിലെത്തിയതാണ് വിദ്യാർത്ഥികൾ.

തന്നെ സന്ദർശിക്കാനെത്തിയ ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി സംഘത്തെ കുറിച്ചുള്ള വിവരം തന്റെ ഫേസ്‌ബുക്ക് ട്വിറ്റർ അക്കൗണ്ടുകളിലൂടെ കനിമൊഴി എംപി തന്നെയാണ് പുറത്ത് വിട്ടത്. വിദ്യാർത്ഥികളുമായി സമകാലിക ഇന്ത്യൻ സാഹചര്യങ്ങളും ചരിത്രവും രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്തതായി കവിയും എഴുത്തുകാരിയും ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതിയായിരുന്ന കരുണാനിധിയുടെ മകളുമായ കനിമൊഴി എംപി യെ നേരിൽ കണ്ട് സംവദിച്ച സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.

ഗൾഫിലെ അവധിക്കാലം വിദ്യാർത്ഥികൾക്ക് ഇന്ത്യയെ അറിയാനുതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന ചിന്തയിൽ നിന്നാണ് 'രശ്‌കെ ജിനാൻ ഹമാര' എന്ന പേരിൽ തെരഞ്ഞെടുത്ത ഇന്ത്യൻ വിദ്യാർത്ഥിക്കായി യാത്ര സംഘടിപ്പിച്ചതെന്ന് സംഘത്തോടൊപ്പമുള്ള യൂത്ത് ഫോറം ഖത്തർ കേന്ദ്ര സമിതി അംഗമായ മുഫീദ് പറഞ്ഞു.മെക്കാനിക്കൽ എഞ്ചിനീയറും യൂത്ത് ഫോറം പ്രവർത്തകനുമായ അലി അജ്മൽ ആണ് യാത്ര നയിക്കുന്നത്.

ഈ മാസം ജൂലൈ 19-ന് കോഴിക്കോട് നിന്ന് യാത്ര തുടങ്ങിയ സംഘം ഹൈദരാബാദ്, ആഗ്ര സന്ദർശനങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ എത്തിയത്. വരും ദിവസങ്ങളിൽ ഡൽഹി, കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും, പരിസരങ്ങിലുമുള്ള ചരിത്ര സ്ഥലങ്ങൾ കൂടി സന്ദർശിച്ച് ഈ മാസം 31 ന് നാട്ടിലേക്ക് മടങ്ങും.