ദോഹ : അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച സെമിനാർ പ്രമേയം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഖത്തർ ചാരിറ്റിക്ക് കീഴിലുള്ള ഇസ്ദിഹാർ ഇനീഷ്യറ്റിവുമായി സഹകരിച്ചാണ് 'Inspiring Youth for a Sustainable World' എന്ന തലക്കെട്ടിൽ യൂത്ത് ഫോറം സെമിനാർ ഒരുക്കിയത്. ലുസൈലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്തു.

'Promoting Green Skills' എന്ന വിഷയത്തിൽ ഖത്തർ വികസന ഫണ്ടിലെ സ്ട്രാറ്റജറ്റിക് പാർട്ട്ണർഷിപ് വകുപ്പ് മാനേജർ റൗദ അൽ നുഐമി സംവദിച്ചു. സുസ്ഥിര വികസനം ലക്ഷ്യം വെച്ച് ഖത്തർ വികസന ഫണ്ട് മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ മാതൃകകൾ സദസ്സുമായി പങ്കുവെച്ചു.

'ഗ്രീൻ എക്കോണമി : സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ടെറ എനർജി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അൽഹാജ് (സുഡാൻ) വിഷയയ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പരീക്ഷിക്കപ്പെട്ട സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. ചോദ്യോത്തര സെഷനിൽ റൗദ നുഐമിയും ഡോ. മുഹമ്മദ് അൽഹാജും സദസ്സുമായി സംവദിച്ചു.

യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം അബ്ദുറഹീം ആമുഖ ഭാഷണം നടത്തി. സുസ്ഥിര ലോകത്തിന് യുവാക്കളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിന്റെ ഭാഗമാണ് സെമിനാറെന്ന് അദ്ദേഹം അറിയിച്ചു. രണ്ട് മാസം നീണ്ട് നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി കൂടുതൽ പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ഫോറം കേന്ദ്ര നിർവാഹക സമിതിയംഗം അഹമദ് അൻവർ സ്വാഗതം പറഞ്ഞു. ഇസ്ദിഹാർ ഇനിഷ്യേറ്റീവ് കോഡിനേറ്റർ അഹ്മദ് മുതഹർ അതിഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഷഫീഖ് അലി സെമിനാറിൽ മോഡറേറ്ററായിരുന്നു.

യുവജന സമൂഹത്തിന്റെ വിഷയങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിക്കാനും അവരുടെ കഴിവുകളെ ആഗോള സാമൂഹിക നിർമ്മിതിയിൽ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജനദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കാറുണ്ട്. Green Skills for Youth: Towards a sustainable world എന്നതാണ് ഈ വർഷത്തെ യുവജനദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.