ദോഹ: യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്‌സ്പാർട്ട് 2023 ന്റെ പ്രഖ്യാപനം യൂത്ത് ഫോറം പ്രസിഡണ്ടും ഓർഗനൈസിങ് കമ്മറ്റി ചെയർമാനുമായ എസ്.എസ് മുസ്തഫ നിർവഹിച്ചു.

പ്രവാസത്തിന്റെ തിരക്കുകൾ മൂലം പ്രകടിപ്പിക്കാൻ കഴിയാതെ പോകുന്ന സർഗ്ഗശേഷികളെ ജീവിപ്പിക്കുകയാണ് എക്‌സ്പാർട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. പ്രവാസ യൗവനത്തിന്റെ കരുത്തും ശേഷിയും സമൂഹ നന്മക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന യൂത്ത് ഫോറം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കലാ,കായിക ,ജനസേവന പ്രവർത്തനങ്ങളിൽ സജീവമാണ്. വിഭാഗീയതയും വംശീയ വിവേചനവും അതിരു നിർണയിക്കുന്ന കാലത്ത് കലാ കഴിവുകളെ പരിപോഷിപ്പിച്ച് സർഗാത്മകമായി അവയെ പ്രതിരോധിക്കാൻ എക്‌സ്പാർട്ട് 2023 സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

കൺവീനർ റബീഹ് സമാൻ എക്‌സ്പാർട്ട് പരിപാടികൾ വിശദീകരിച്ചു. ഖത്തറിലെ ഏതൊരു മലയാളിക്കും ഏതെങ്കിലും കൂട്ടായ്മ വഴി മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാം. 2023 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 06 വരെയുള്ള ദിവസങ്ങളിൽ ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി 15 ഓളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. കഥാരചന, കവിതാരചന, കാർട്ടൂൺ, കാലിഗ്രഫി,ചിത്രരചന തുടങ്ങിയവയാണ് സ്റ്റേജേതര ഇനങ്ങൾ. മോണോ ആക്ട്, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളും ഉണ്ടാകും. നാടൻപാട്ട്, സ്‌കിറ്റ്, സംഘഗാനം, മൈമിങ് എന്നിവയാണ് ഗ്രൂപ്പ് ഇനങ്ങൾ.

ബിൻ മഹ്‌മൂദിലെ സെന്ററോ കാപ്പിറ്റലിൽ സംഘടിപ്പിച്ച എക്സ്സ്പാർട്ട് ഇവന്റ് പ്രഖ്യാപനത്തിന് ഖത്തറിലെ വിവിധ കോളജ് അലൂംനി, അസോസിയേഷൻ, പ്രാദേശിക കൂട്ടായ്മാ ഭാരവാഹികൾ പങ്കെടുത്തു.

യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് അസ്ലം ഈരാറ്റുപേട്ട സ്വാഗതവും എക്‌സ്പാർട്ട് ജനറൽ കൺവീനർ ജസീം സമാപാവും നിർവ്വഹിച്ചു. യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്സൽ അബ്ദുട്ടി, ഫിനാൻസ് സെക്രട്ടറി
മുഹമ്മദ് സുഹൈൽ കൾച്ചറൽ വിങ്ങ് സെക്രട്ടറി സൽമാൻ അല്പറമ്പിൽ ഓർഗനൈസിങ് കമ്മറ്റിയംഗങ്ങളായ അലി അജ്മൽ, മുഹ്‌സിൻ , അഹമ്മദ് അൻവർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

രജിസ്‌ട്രേഷന് 33834468, 33631685 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.