പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുൻനിര നായകനുമായിരുന്ന പ്രൊഫ.ശോഭീന്ദ്രൻ മാഷിന്റെ ആദര സ്മരണകളുമായി, മൈന്റ്ട്യൂൺ ഇക്കോവേവ്സ് ഗ്ലോബൽ എൻ.ജി.ഒ സൊസൈറ്റി ഏർപ്പെടുത്തുന്ന പ്രഥമ 'പ്രൊഫ.ശോഭീന്ദ്രൻ ഗ്ലോബൽ ഗ്രീൻ അവാർഡ്' ഖത്തറിന്റെ പരിസ്ഥിതി മുഖമായ യ്ക്ക്.

കഴിഞ്ഞ ദിവസം നടന്ന പ്രൊഫ.ശോഭീന്ദ്രൻ അനുസ്മരണ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണരംഗത്തും മൈന്റ്ട്യൂൺ ഇക്കോവേവ്സിനെ മുന്നോട്ടുനയിക്കുന്നതിലും അനർഘമായ സംഭാവനകൾ നൽകിയ മാഷിന്റെ ഓർമകളും നിസ്വാർഥ സേവനങ്ങളും അയവിറക്കാനാണ് അവാർഡ് ഏർപ്പെടുത്തിയതെന്ന് സംഘാടകർ വിശദീകരിച്ചു. ഡിസംബർ ആദ്യവാരം ദോഹയിൽ നടക്കുന്ന മൈന്റ് ട്യൂൺ ഇക്കോവേവ്സ് പത്താം വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

ഖത്തറിലെ സെന്റർ ഫോർ എൻവയൺമെന്റ് ഫ്രണ്ട്സിന്റെ അമരക്കാരനായി ഡോ. സൈഫ് അൽ ഹാജിരി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പ്രഥമ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഡോ. സൈഫ് അൽ ഹജാരി ഖത്തർ സർവകലാശാലയിലെ ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ അദ്ധ്യാപകനായാണ് തന്റെ കരിയർ ആരംഭിച്ചത്. അവിടെ അദ്ദേഹം 2002 വരെ തുടർന്നു. ഖത്തറിലെ വിദ്യാഭ്യാസ വിപ്ളവത്തിന് നേതൃത്വം കൊടുത്ത ഖത്തർ ഫൗണ്ടേഷനിൽ 1995 മുതൽ 2011 വരെ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ നിരവധി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സ്ഥാപകനായ അദ്ദേഹം ഖുർആൻ ബൊട്ടാണിക് ഗാർഡന്റെ സ്ഥാപകനും ചെയർമാനുമാണ്.

യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള യുണൈറ്റഡ് നേഷൻസ് കമ്മീഷണറും ഗൾഫ് നെറ്റ്‌വർക്ക് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ അന്താരാഷ്ട്ര അംബാസഡറുമായ അദ്ദേഹം മുബാദര ഫോർ സോഷ്യൽ ഇംപാക്ട് സഹസ്ഥാപിക്കുകയും അതിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ഗ്രീൻ മാൻ എന്നറിയപ്പെട്ടിരുന്ന പ്രൊഫ.ശോഭീന്ദ്രൻ മാഷിന്റെ നാമധേയത്തിലുള്ള പ്രഥമ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് അവാർഡ് വിവരം കൈമാറിയ ഗ്ലോബൽ ചെയർമാൻ ഡോ.അമാനുല്ല വടക്കാങ്ങര,സക്രട്ടറി ജനറൽ വീ.സീ.മഷ്ഹൂദ് എന്നിവരുമായി ഡോ. സൈഫ് അൽ ഹാജിരി പങ്കുവെച്ചു. പരിസ്ഥിതിക്ക് വേണ്ടി സമർപ്പിച്ച പ്രൊഫസർ ശോഭീന്ദ്രന്റെ ജീവിതവും സന്ദേശവും പുതിയ തലമുറക്ക് പ്രചോദനമാകുമെന്ന് ഡോ. സൈഫ് അൽ ഹാജിരി പറഞ്ഞു.

മൂന്ന് വർഷം മുമ്പ് പ്രൊഫ.ശോഭീന്ദ്രൻ മാഷിന്റെ ഖത്തർ സന്ദർശന വേളയിൽ ഇരുവരും ദീർഘമായി സംസാരിക്കുകയും പാരിസ്ഥിക ചിന്തകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം'എന്ന പ്രമേയത്തിൽ ഏഴു രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ എൻ.ജി.ഒ ആയ മൈന്റ്ട്യൂൺ ഇക്കോവേവ്സ് സൊസൈറ്റിയുടെ മുഖ്യ ഉപദേശകനായിരുന്നു പ്രൊഫ.ശോഭീന്ദ്രൻ.

മാഷിന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനായി ഓൺ ലൈനിൽ ചേർന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നരവധി പേർ പങ്കെടുത്തു. ഗ്ലോബൽ ചീഫ് പാട്രൺ സീ.ഏ.റസാഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്ലോബൽ സെക്രട്ടറി ജനറൽ വീ.സീ.മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ.അമാനുല്ല വടക്കാങ്ങര, ബഷീർ വടകര, മുഹമ്മദലി വിലങ്ങലിൽ ,ശ്യാം മോഹൻ,സഈദ് സൽമാൻ,ഉണ്ണി സുരേന്ദ്രൻ,സമീൽ അബ്ദുൽ വാഹിദ്,വാസു വാണിമേൽ,റസിയാ ഉസ്മാൻ,അബ്ദുല്ല പൊയിൽ,അസീസ് സഖാഫി, ബഷീർ നന്മണ്ട,വേണുഗോപാൽ നാഗലശ്ശേരി,മൊയ്തു വാണിമേൽ,അസീൽ ഫുആദ്,ഷുഐബ് ഉമർ ,സാദിഖ് അലി ,നിസാർ കപ്പാല രവീന്ദ്രൻ, മുത്തലീബ് മട്ടന്നൂർ എന്നിവർ സംസാരിച്ചു.