ദോഹ. നാളെയുടെ നക്ഷത്രങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മീഡിയ പെൻ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, റേഡിയോ മലയാളം 98.6 എഫ്. എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഖത്തർ ഇന്ത്യൻ കലോൽസവമായ കലാജ്ഞലി 2023 ഡിസംബർ 19 മുതൽ 22 വരെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. കേരളത്തിലെ സ്‌കൂൾ യുവജനോൽസവം മാതൃകയിൽ സംഘടിപ്പിക്കുന്ന കലാജ്ഞലിയുടെ മൂന്നാമത് കലാമാമാങ്കമാണ് ഡിസംബറിൽ നടക്കുക.

കലാജ്ഞലി 2023 ന്റെ ലോഗോ പ്രകാശനവും വീഡിയോ ലോഞ്ചും കഴിഞ്ഞ ദിവസം എം.ആർ.എ റസ്റ്റോറന്റ് ബാങ്കറ്റ് ഹാളിൽ നടന്നു. കലാജ്ഞലി 2023 ഓർഗനൈസിങ് കമ്മറ്റി പ്രസിഡണ്ട് ഡോ.എംപി. ഹസൻ കുഞ്ഞി, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഷമീം ശൈഖ്, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, മീഡിയ പെൻ ജനറൽ മാനേജർ ബിനു കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കലാജ്ഞലി 2023 ന്റെ ലോഗോ ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി.മണികണ്ഠന് നൽകി എം.ഇ.എസ്. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ പ്രകാശനം ചെയ്തു. വീഡിയോ ലോഞ്ച് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാനാണ് നിർവഹിച്ചത്.

ഖത്തറിലെ ഇന്ത്യൻ എംബസി അപേക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്റർ എന്നിവയുടെ അധ്യക്ഷന്മാരെ ഉൾപ്പെടുത്തി പാട്രൺ കമ്മറ്റി ഖത്തറിലെ കലാസാംസ്‌കാരിക മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾപ്പെടുത്തി ഓർഗനൈസിങ് കമ്മറ്റിയും വിപുലീകരിച്ചതായി ജനറൽ കൺവീനർ ബിനു കുമാർ അറിയിച്ചു. -