ദോഹ:ഗ്രീൻ ഡെസേർട്ട്,ബെറ്റർ എൻവയോൺമെന്റ് മരുഭൂമിയെ ഹരിതാഭമാക്കാൻ പരിസ്ഥിതിയെ പവിത്രമാക്കാൻ' എന്ന പ്രമേയത്തിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എക്സ്പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്റ്ട്യൂൺ ഇക്കോവേവ്സ് രംഗത്ത് . ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വർക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കുമായി സഹകരിച്ചാണ് 'മൈന്റ്ട്യൂൺ ഇക്കോവേവ്സ്' എന്ന എൻജിഒ ഈ മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ഊഷരതയുടെ മണലാരണ്യങ്ങളിൽ,ഉർവ്വരതയുടെ നനവും തണുപ്പുമേകി ജീവിത മരുപ്പച്ചയുടെ മനോഹാരിത തീർക്കുന്ന എക്സ്പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങൾ അർപ്പിക്കുന്ന 'ബിഗ് സല്യൂട്ട് ഗ്രീൻ മാർച്ചിന്' ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അലി അൽ ഹൻസാബ്, സൊസൈറ്റി പ്രസിഡണ്ട് സീ.ഏ.റസാഖ്, ഗ്ലോബൽ സെക്രട്ടറി ജനറൽ മഷ്ഹൂദ് വി.സീ, ഗ്ലോബൽ ചെയർമാൻ ഡോ.അമാനുല്ല വടക്കാങ്ങര,സമീൽ അബ്ദുൽ വാഹിദ്, ആർ.ജെ.അഷ്ഠമി, ആർ.ജെ.സന്ധീപ്. ഡോ. പ്രതിഭ രതീഷ് തുടങ്ങിയവർ നേതൃത്വം നൽകും.

'മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം'എന്ന പ്രമേയത്തിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ മൈന്റ്ട്യൂൺ ഇക്കോവേവ്സ് പത്തുവർഷം മുമ്പ് ഖത്തറിലാണ് രൂപംകൊണ്ടത്.മണ്ണിനും മനുഷ്യനും വേണ്ടി നിലകൊള്ളുന്ന കൂട്ടായ്മക്ക് ഏഴു രാജ്യങ്ങളിലായി ഇരുപതിനായിരത്തിലേറെ അംഗങ്ങളുണ്ട്. ഖത്തറിന്റെ വൺ മില്യൺ ട്രീ പ്രോജക്റ്റിന്റെ ഭാഗമായ ആദ്യ എൻ.ജി.ഒ. യും മൈന്റ്ട്യൂൺ ഇക്കോവേവ്സ് ആയിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് അലി അൽ ഹൻസാബിനെ മൈന്റ്ട്യൂൺ ഇക്കോവേവ്സ് ഖത്തർ കമ്മ്യൂൺ ആദരിച്ചിരുന്നു.

2019ൽ ഖത്തറിൽ നടന്ന പരിസ്ഥിതി ഗ്ലോബൽ സമ്മിറ്റിൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കപ്പെട്ട ഇന്ത്യയുടെ പച്ചമനുഷ്യനും സംഘടനയുടെ ഗ്ലോബൽ മുഖ്യ ഉപദേശകനുമായിരുന്ന യശശരീരനായ പ്രൊഫ.ശോഭീന്ദ്രൻ മാഷിന്റെ പേരിലുള്ള പ്രഥമ ഗ്ലോബൽ ഗ്രീൻ അവാർഡിന്,ഖത്തറിന്റെ പരിസ്ഥിതി മുഖവും വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ ഡോ.സെയ്ഫ് അലി അൽ ഹാജിരിയാണ് അർഹനായത്. 2024 ൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ അവാർഡ് സമ്മാനിക്കും.

എക്സ്പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങൾ അർപ്പിച്ച്കൊണ്ട് ഡിസംബർ ഏഴിന് നടക്കുന്ന യാത്രയുടെ ഭാഗമാവാൻ ഉദ്ദേശിക്കുന്നവർ വൈകീട്ട് 3.45 ന് എക്സ്പോ ഇന്റർനാഷനൽ സോൺ കവാടത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.