ദോഹ: ഖത്തർ ലോകകപ്പ് ഓർമകൾക്ക് ഒരു വർഷം പൂർത്തിയാവുന്ന വേളയിൽ യൂത്ത് ഫോറം പ്രസിദ്ധീകരിക്കുന്ന ലോകകപ്പ് സുവനീറിന്റെ പ്രകാശനം  നടക്കും. ബിഷ്ത് എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന സുവനീർ ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ് മുസ്തഫക്ക് നൽകിയാവും പ്രകാശനം ചെയ്യുക.

ഖത്തർ ലോകകപ്പിന്റെ സാമൂഹിക-രാഷ്ട്രീയ വിശകലനങ്ങൾ, പ്രമുഖരുടെ ലോകകപ്പ് അനുഭവങ്ങൾ, കളിക്കളത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ, കിക്കോഫ് മുതൽ ഫൈനൽ വരെയുള്ള മാച്ചുകളുടെ വിശദാംശങ്ങൾ തുടങ്ങി ലോകകപ്പിന്റെ വൈവിധ്യമാർന്ന വിശേഷങ്ങളുമായാണ് സചിത്ര സുവനീർ പുറത്തിറങ്ങുന്നത്. ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം ക്യാപ്റ്റൻ മെസ്സിക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി സമ്മാനിച്ചതിലൂടെ ലോകകപ്പിന്റെ ഐക്കണായി മാറിയ അറേബ്യൻ സ്ഥാന വസ്ത്രം എന്ന നിലക്കാണ് ബിഷ്ത് എന്ന പേര് സുവനീറിന് തിരഞ്ഞെടുത്തതെന്ന് പ്രസാധക സമിതി അറിയിച്ചു.

വൈകുന്നേരം ദോഹ ഹിൽട്ടൺ എംബസി സ്യൂട്ടിൽ നടക്കുന്ന പ്രോഗ്രാമിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പുറമേ യൂത്ത് ഫോറം ഭാരവാഹികളും സുവനീർ പ്രസാധക സമിതി അംഗങ്ങളും പങ്കെടുക്കും.