ദോഹ: മീഡിയ പ്ലസിന്റെ ശ്രദ്ധേയ പ്രസിദ്ധീകരണമായ ഖത്തർ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് 2024 മാർച്ചിൽ പ്രസിദ്ധീകരിക്കും. മാന്വലിന്റെ ആദ്യ പതിപ്പുകൾക്ക് ലഭിച്ച പിന്തുണയും പ്രോൽസാഹനവുമാണ് പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് പുറത്തിറക്കാൻ പ്രേരിപ്പിച്ചതെന്ന് മാന്വൽ ചീഫ് എഡിറ്ററും മീഡിയ പ്ലസ് സി. ഇ. ഒയുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

മെച്ചപ്പെട്ട ജീവിതമാർഗം തേടിയുള്ള മലയാളിയുടെ സഞ്ചാരത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ സാഹസികമായി ലോഞ്ചിലും മറ്റും ഗൾഫിലെത്തി നാടിനും വീടിനും അത്താണിയായി മാറിയ എത്രയെത്ര പ്രവാസികൾ. സ്വന്തം ജീവൻ പോലും പണയം വെച്ച് കടൽ യാത്ര നടത്തി നിരവധി തലമുറകൾക്കുള്ള ജീവനമാർഗം കണ്ടെത്തിയ ആ മലയാളികളെ ഇനിയെങ്കിലും നാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ കരച്ചിൽ കാതുകളിൽ വന്നുനിറഞ്ഞപ്പോഴാണ് മലയാളികൾ പലരും പേർഷ്യയിലേക്ക് ഇറങ്ങിതിരിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലർക്കുമത്. എന്നാൽ കഠിനാദ്ധ്വാനവും ക്ഷമയും അർപണബോധവും കൈമുതലാക്കിയ അവർ ലക്ഷ്യം കൈവരിച്ചു. ആ ലക്ഷ്യ പ്രാപ്തിയുടെ ആസ്വാദകരാണ് ഇന്ന് ഗൾഫിലുള്ളവരും കേരളത്തിലെ അവരുടെ ആശ്രിതരും.

ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തർ മലയാളികളുടെ ജീവിതത്തെ പച്ചയായി പകർത്തുകയും വരും തലമുറക്ക് പഠിക്കാൻ സമാഹരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഖത്തർ മലയാളി മാന്വലിലൂടെ മീഡിയ പ്ലസ് ചെയ്യാനുദ്ദേശിച്ചത്. പ്രവാസി സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രമുഖരുടെ നേട്ടങ്ങളും ചരിത്രവും മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തിൽ സാധാരണക്കാരന്റെ വിജയഗാഥകളും സംഭവബഹുലമായ ജീവിത യാഥാർഥ്യങ്ങളും രേഖപ്പെടുത്താതിരുന്നുകൂട എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പ്രേരകം. ഇന്ന് ഉന്നതങ്ങളിൽ കഴിയുന്ന പലർക്കും ത്യാഗത്തിന്റേയും ദുരിതത്തിന്റേയും വേദന നിറഞ്ഞ ഒരു പൂർവകാല ജീവതമുണ്ട്. പുതിയ തലമുറക്ക് പലതും പഠിക്കാൻ കഴിയുന്ന രീതിയിൽ ആ ജീവിതത്തിലൂടെ അവരുടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഖത്തർ മലയാളി മാന്വൽ.

വ്യാപാരം, വിദ്യാഭ്യാസം, കല,സാമൂഹ്യം, സംസ്‌കാരം, മാധ്യമ പ്രവർത്തനം, ജനസേവനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരേയാണ് മാന്വലിൽ ഉൾപ്പെടുത്തുന്നത്. മുൻ പതിപ്പുകളിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയവരെ ഉൾപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിലാണ് മൂന്നാം പതിപ്പ് പുറത്തിറങ്ങുക.

മലയാളി മാന്വലിന്റെ മൂന്നാം പതിപ്പിൽ ഉൾപ്പെടുത്തേണ്ടവരെ ചൂണ്ടിക്കാണിച്ചും മുൻ പതിപ്പുകളിലെ പോരായ്മകൾ തിരുത്തുവാൻ സഹായിക്കുകയും ചെയ്യണമെന്നുമാണ് ഓരോ മലയാളിയോടും ഞങ്ങളുടെ അഭ്യർത്ഥനയെന്ന് മീഡിയ പ്ളസ് അധികൃതർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 70413304, 77004027 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
--