ദോഹ; ഖത്തറിലെ ആരോഗ്യമേഖലയിൽ ജോലി കിട്ടണമെങ്കിൽ യോഗ്യതാ പരീക്ഷയിൽ ഇനി ഉയർന്ന മാർക്ക് കരസ്ഥമാക്കമം. ഖത്തർ കൗൺസിൽ ഫോർ ഹെൽത്ത് പ്രാക്ടീഷണേഴ്സ് (ക്യുസിഎച്ച്പി ) നടത്തുന്ന യോഗ്യതാ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് ഉയർത്തിയതോടെ മികച്ച മാർക്ക് ലഭിക്കുന്നവർക്ക് മാത്രമേ നിയമനം ലഭിക്കാൻ അവസരമൊരുങ്ങുന്നത്.

ഡോക്ടർ, ദന്ത ഡോക്ടർ, ഫാർമസിസ്റ്റ്, നേഴ്സ് തുടങ്ങിയ തസ്തികകളിലെല്ലാം പുതിയ തീരുമാനം ബാധകമാണ്.ആരോഗ്യമേഖലയിലുള്ളവർ രാജ്യാന്തര നിലവാരം പുലർത്തുന്നവരാണെന്ന് ഉറപ്പാക്കുന്നതിനും രോഗികൾക്കു മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനും ചികിൽസാ നിലവാരം ഉയർത്തുന്നതിനുമാണു യോഗ്യതാ പരീക്ഷയിലെ കട്ട്ഓഫ് മാർക്ക് ഉയർത്തിയത്.

കഴിഞ്ഞ വർഷം സ്ഥിരം ലൈസൻസിങ് സമിതി കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പരിഷ്‌കാരം. പുതിയ തീരുമാനപ്രകാരം ഡോക്ടർമാർ, ദന്ത ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്കു രണ്ടരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണു നടത്തുക. ശരിയായ ഉത്തരം അടയാളപ്പെടുത്തേണ്ട 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. 60 എണ്ണം ശരിയായാലേ ഇനി ഈ വിഭാഗങ്ങളിൽ ഖത്തറിൽ ജോലി ചെയ്യുന്നതിനു ലൈസൻസ് ലഭിക്കൂ.

നഴ്സുമാർ, റേഡിയോളജിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, റേഡിയോ ടെക്നീഷ്യൻ, പാരാമെഡിക്കൽ, ഡന്റൽ അസിസ്റ്റന്റ്, ഡന്റൽ ഹൈജീനിസ്റ്റ്, ഡന്റൽ ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ ലൈസൻസ് ലഭിക്കണമെങ്കിൽ പ്രവേശന പരീക്ഷയിൽ 50% മാർക്ക് നേടണം. ഇതിൽ ഗ്രേഡ് കൂടിയ തസ്തികകളിലേക്കു നൂറുമാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷ രണ്ടരമണിക്കൂറാണ്. ഗ്രേഡ് കുറഞ്ഞ തസ്തികകളിലേക്ക് 70 ചോദ്യങ്ങളേ ഉണ്ടാകൂ. രണ്ടുമണിക്കൂറാണു പരീക്ഷാസമയം.റിക്രൂട്ട് ചെയ്ത് എത്തുന്നവർ ഇവിടെ ടെസ്റ്റ് എഴുതേണ്ട

ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്ത് ഇവിടേക്കെത്തുന്ന ഡോക്ടർമാരോ നഴ്സുമാരോ ഫാർമസിസ്റ്റുകളോ ഇവിടെ എത്തിയശേഷം ക്യുസിഎച്ച്പിയുടെ ലൈസൻസിങ് ടെസ്റ്റ് എഴുതേണ്ടതില്ല. ക്രെഡൻഷ്യലിങ് പൂർത്തിയാക്കിയാണ് അവരെല്ലാം ഖത്തറിലേക്ക് എത്തുന്നത്. എന്നാൽ, ഖത്തറിലെത്തി നിശ്ചിത കാലയളവിലേക്കു സർവീസിൽനിന്നു വിട്ടുനിൽക്കുന്നവർക്കു ജോലിയിൽ തിരികെ പ്രവേശിക്കണമെങ്കിൽ ക്യുസിഎച്ച്പിയിൽ അപേക്ഷ നൽകി പരീക്ഷ എഴുതി പാസാകേണ്ടിവരും

നിലവിൽ രണ്ടുവർഷം കൂടുമ്പോൾ എല്ലാവരുടെയും ക്യുസിഎച്ച്പി ലൈസൻസ് പുതുക്കപ്പെടുന്നുണ്ട്. ഇതിനായി രണ്ടുവർഷം കൊണ്ട് 80 സിപിഡി (കണ്ടിന്യൂയിങ് പ്രഫഷനൽ ഡവലപ്മെന്റ്) പോയിന്റുകൾ നേടണം. ആശുപത്രികളിൽ നടത്തുന്ന പഠന പരിപാടികളിലും സിപിഇ (കണ്ടിന്യൂയിങ് പ്രഫഷനൽ എജ്യുക്കേഷൻ) കോഴ്സുകൾ നടത്താൻ ക്യുസിഎച്ച്പി അനുമതി നൽകിയിരിക്കുന്ന സ്ഥാപനങ്ങളുടെ സെമിനാറുകളിൽ പങ്കെടുത്തുമാണ് ഇത്രയും സിപിഡി പോയിന്റുകൾ നേടേണ്ടത്.

മൊത്തം 80 സിപിഡി ഉള്ളതിൽ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്കൊക്കെ ജനറൽ, സ്പെഷലൈസേഷൻ തുടങ്ങി ഓരോ ഉപവിഭാഗത്തിലും നിശ്ചിത പോയിന്റുകൾ ലഭിച്ചിരിക്കണമെന്നുമുണ്ട്. ഇതു ലഭിക്കാത്തവരുടെ ലൈസൻസ് ക്യുസിഎച്ച്പി പുതുക്കുകയില്ല. ഇവർക്കു തുടർന്നു ഖത്തറിൽ ജോലിചെയ്യാനും ആവില്ല.