സംസ്ഥാനത്ത് വീണ്ടും കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി വിക്ടോറിയയിൽ റീറ്റെയ്ൽ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ ക്യുആർ കോഡ് ചെക്ക് ഇൻ നിർബന്ധമാക്കി. ഇന്ന് മുതൽ പുതിയ നിയമം നടപ്പിലാക്കും.

സർവീസ് വിക്ടോറിയ ആപ്പ് ഉപയോഗിച്ച് വേണം ക്യൂആർ കോഡ് ചെക്ക് ഇൻ ചെയ്യാൻ. ആപ്പ് ഉപയോഗിക്കാൻ കഴിയാത്തവരുടെ പേരും, ഫോൺ നമ്പറും ബിസിനസ് ഉടമകൾ എഴുതി വയ്ക്കേണ്ടതാണെന്ന് സർക്കാർ വക്താവ് അറിയിച്ചു. നിയമം ലംഘിക്കുന്ന ബിസിനസുകളിൽ നിന്ന് 1,652 ഡോളർ പിഴ ഈടാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നിയമം നടപ്പാക്കുന്നതിൽ തുടർച്ചായി വീഴ്ച വരുത്തുന്ന ബിസിനസുകളിൽ നിന്ന് 9,913 ഡോളർ പിഴ ഈടാക്കും.

നേരത്തെ റീറ്റെയ്ൽ സ്റ്റോറുകളിൽ 15 മിനിറ്റിൽ കൂടുതൽ സമയം ചെലവിടുന്നവർ മാത്രമായിരുന്നു QR കോഡ് ചെക്ക് ഇൻ ചെയ്യേണ്ടത്.എന്നാൽ ഇനി മുതൽ ബിസിനസുകളിൽ പ്രവേശിക്കുന്ന എല്ലാ ഉപഭോക്താക്കളും QR ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യണം. അതായത് കാപ്പി ടേക്ക് എവേയായി വാങ്ങാൻ എത്തുന്നവർ പോലും ചെക്ക് ഇൻ ചെയ്യണം.നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൂപ്പർമാർക്കറ്റുകളിലും ബിസിനസുകളിലും അംഗീകൃത ഉദ്യോഗസ്ഥർ സന്ദർശനം നടത്തും.