ദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കെതിരേ കടുത്ത നടപടികളുമായി ഖത്തർ സർക്കാർ. ഇവ പാഴാക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ശിക്ഷ നൽകുന്നത് ഉൾപ്പെടെയുള്ള നിയമഭേദഗതികൾക്ക് കഴിഞ്ഞ ദിവസം ചേർന്ന് കാബിനറ്റ് മീറ്റിംഗിൽ അനുമതി നൽകി. മാത്രമല്ല, കെട്ടിടങ്ങളിൽ പകൽ സമയത്ത് ലൈറ്റ് കത്തിച്ചിട്ടാലും കനത്ത പിഴയായിരിക്കും നൽകേണ്ടി വരിക.

അടുത്തകാലത്തായി വെള്ളവും വൈദ്യുതിയും വൻ തോതിൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇതിന് തടയിടാൻ നിയമനടപടികളുമായി സർക്കാർ രംഗത്തെത്തിയത്. സൗജന്യമായി നൽകുന്ന വെള്ളം വൻ തോതിൽ പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഒരു കാരണവശാലും സമ്മതിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കുടിവെള്ളം കാറു കഴുകുന്നതിനോ വീടു കഴുകുന്നതിനോ ഉപയോഗിച്ചാൽ 20,000 റിയാൽ വരെയായിരിക്കും പിഴ അടയ്‌ക്കേണ്ടി വരിക. അത് വീട്ടുടമയായാലും വാടകക്കാരനായാലും നിയമം ഏവർക്കും ഒരുപോലെ ബാധകമാണ്. ഹോസ് ഉപയോഗിച്ച് നേരിട്ട് കാർ കഴുകുന്നതും ചെടികൾക്കു കീഴിൽ ഹോസ് തുറന്നു വിടുന്നതും മുമ്പു തന്നെ വിലക്കിയിട്ടുള്ളതാണ്. ഇവയ്ക്കുള്ള പിഴയും ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്.

രാവിലെ എഴു മുതൽ വൈകുന്നേരം 4.30 വരെ കെട്ടിടങ്ങൾക്കു പുറത്തും പബ്ലിക് പ്ലേസുകളിലും മറ്റും ലൈറ്റ് കത്തിച്ചിട്ടാലും 10,000 റിയാൽ പിഴ ഈടാക്കും. കെട്ടിടങ്ങൾക്കു പുറത്തും മറ്റുമുള്ള ലൈറ്റുകൾ പകൽ സമയം തനിയെ ഓഫാക്കുന്നതിനുള്ള ഓട്ടോമാറ്റിക് സ്വിച്ചുകൾ സ്ഥാപിക്കാനും നിർദേശിക്കുന്നുണ്ട്.  പൊട്ടിയ പൈപ്പുകൾ നന്നാക്കാതെ ഇട്ടിരുന്നാലും പിഴ ശിക്ഷയ്ക്ക് അർഹമാകും.