ദോഹ: ലോക സർവകലാശാല റാങ്കിംഗിൽ ആദ്യ 500 റാങ്കുകൾക്കുള്ളിൽ ഖത്തർ സർവകലാശാലയും ഇടംപിടിച്ചു. ടൈംസ് ഹയർ എഡ്യൂക്കേഷൻ തയാറാക്കിയ ലോക സർവകലാശാല പട്ടികയിലാണ് ഖത്തർ സർവകലാശാല ആദ്യ 500 റാങ്കിനുള്ളിൽ എത്തിയിരിക്കുന്നത്. അറബ് മേഖലയിലെ സർവകലാശാലകളിൽ മൂന്നാമതാണ് ഖത്തർ സർവകലാശാലയുടെ സ്ഥാനം.

ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും സർവകലാശാലയുടെ മികവു വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്നു ഖത്തർ സർവകലാശാല പ്രസിഡന്റ് ഹസ്സൻ അൽ ഡെർഹം പറഞ്ഞു. വർഷങ്ങളായി ഖത്തർ സർവകലാശാല കൈവരിച്ച യശസ്സ് വ്യക്തമാക്കുന്നതാണ് റാങ്കിങ്. ഉന്നത നിലവാരത്തിലുള്ള അക്കാദമിക, ഗവേഷണ ഫലങ്ങൾ നൽകുന്നതിനു ഖത്തർ സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.