ദോഹ: ശുചിത്വക്കുറവിന്റെ പേരിൽ പ്രശസ്ത സൂപ്പർമാർക്കറ്റായ ക്വാളിറ്റി സൂപ്പർമാർക്കറ്റ് ഏതാനും ദിവസത്തേക്ക് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് (എംഎംയുപി) ഭാഗികമായി അടപ്പിച്ചു. സൽവ റോഡിലുള്ള സൂപ്പർമാർക്കറ്റിന്റെ ഗ്രോസറി സെക്ഷനാണ് അഞ്ചു ദിവസത്തേക്ക് എംഎംയുപി അടപ്പിച്ചത്.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നുവെന്നാണ് ക്വാളിറ്റി ഹൈപ്പർമാർക്ക് ഭാഗികമായി അടപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് എംഎംയുപി വ്യക്തമാക്കി. ഹൈപ്പർമാർക്കറ്റിലെ ബേക്കറി, ഡയറി, മീറ്റ്, ഫിഷ് സെക്ഷനുകളാണ് അധികൃതർ അടപ്പിച്ചത്. അതേസമയം മുകൾ നിലയിലുള്ള ഇലക്ട്രോണിക്‌സ്, ഹോം ആക്‌സസറീസ് ഷോറൂമുകൾ പതിവു പോലെ പ്രവർത്തിക്കുന്നുണ്ട്.

പുറമേ നിന്നു നോക്കിയാൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നു തോന്നുമെങ്കിലും ആഹാരപദാർഥങ്ങൾ വാങ്ങാനെത്തുന്നവരെ വൻ സ്‌ക്രീനുകളും ബാനറുകളും മറച്ച് അകത്തേക്കു കടത്തിവിടുന്നില്ല. ജൂൺ പതിനാറോടെ ഇതു പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.