വൃത്തിയില്ലാത്തതും അനാരോഗ്യകരമായ സാഹചര്യവും മൂലം സിഡ്‌നിയിലെ വെന്റ്വർത്ത് അവന്യൂവിലുള്ള ട്രാവലോഡ്ജ് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരെ മാറ്റി താമസിപ്പിച്ചു. 366 പേരെയാണ് മറ്റു ഹോട്ടലുകളിലേക്ക് മാറ്റിയത്.

പല വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി നിർബന്ധിത ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരാണ് ഇത്.ഒരാൾക്ക് 3,000 ഡോളറാണ് ക്വാറന്റൈൻ ഫീസായി ഈടാക്കുന്നത്. എന്നാൽ വൃത്തിരഹിതമായ മുറികളാണ് ട്രാവലോഡ്ജ് ഹോട്ടലിൽ ഉള്ളതെന്ന് പരാതികൾ ഉയർന്നിരുന്നു.

ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ നിരവധി പേർ ഉൾപ്പെടെയാണ് പരാതി നൽകിയിരുന്നത്. ഇതേത്തുടർന്ന് പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹോട്ടലിലുണ്ടായിരുന്നവരെ മറ്റ് ക്വാറന്റൈൻ ഹോട്ടലുകളിലേക്ക് മാറ്റിയത്. 12 മണിക്കൂറോളമെടുത്താണ് സംസ്ഥാന സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരെ മാറ്റിപ്പാർപ്പിച്ചത്.