മെൽബണിൽ കോവിഡ് -19 സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് വിക്ടോറിയയുമായുള്ള ക്വാറന്റെയ്ൻ രഹിത യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ന്യൂസിലന്റ് അറിയിച്ചു. ഇന്നലെ രാത്രി 7.45 മുതലാണ് യാത്ര താത്കാലികമായി റദ്ദ് ചെയ്ത്. 72 മണിക്കൂറത്തേക്കാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

വടക്കൻ മെൽബണിൽ നാല് പേർക്ക് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കൂടുതൽ കേസുകൾക്ക് സാധ്യതയുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.വിറ്റിൽസി പ്രദേശത്താണ് രോഗബാധ കണ്ടെത്തിയത്. പുതിയ ഒരു കേസ് കൂടി സംസ്ഥാനത്ത് ചൊവ്വാഴ്ച കണ്ടെത്തിയിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.

കോവിഡ് ബാധ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു.സംസ്ഥാനത്ത് കെട്ടിടത്തിനുള്ളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി. 12 വയസ്സിന് മേൽ പ്രായമായവർ കെട്ടിടത്തിനുള്ളിൽ മാസ്‌ക് ധരിക്കണമെന്ന് ആക്ടിങ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂളിൽ മാസ്‌ക് ധരിക്കണം. പ്രൈമറി സ്‌കൂൾ അദ്ധ്യാപകരും മാസ്‌ക് ധരിക്കേണ്ടതാണ്.വീടുകളിൽ ഒത്തുചേരുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തി.

സമീപ ദിവസങ്ങളിൽ ന്യൂസിലാന്റിലേക്ക് മടങ്ങിയവർ ഉൾപ്പെടെ
മെൽബണിലെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും സ്ഥലങ്ങളിൽ പ്രവേശിച്ചവർക്കായി പരിശോധനയും ക്വാറന്റെയനും ആവശ്യമാണെന്നും ന്യൂസിലന്റ് ആരോഗ്യ വിഭാഗം അറിയിച്ചു.മെയ് 11 മുതൽ മെൽബൺ സന്ദർശിച്ച ആരെങ്കിലും ന്യൂസിലന്റിൽ രോഗലക്ഷണങ്ങൾ കാണിച്ചാൽ നിരീക്ഷിക്കണമെന്നും ഹെൽത്ത് ലൈനിൽ നിന്ന് പരിശോധനയ്ക്ക് ഉപദേശം തേടണമെന്നും മന്ത്രാലയം ശുപാർശ ചെയ്യുന്നു.