അങ്കമാലി: രണ്ടു പേരുടെ മരണത്തിന്നിടയാക്കിയ ഇല്ലിത്തോട് സ്ഫോടനക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം. 2019 സെപ്റ്റംബർ 21 നാണ് ഇല്ലിത്തോട് വിജയ പാറമടക്ക് സമീപം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം ഉണ്ടായത്. നാടിനെ നടുക്കിയ ശക്തമായ സ്ഫോടനത്തിൽ അവിടെ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി പെരിയണ്ണൻ (40), കർണാടക സ്വദേശി ധനപാലൻ (38) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.

സ്ഫോടനത്തിൽ കോൺക്രീറ്റ് കെട്ടിടം പൂർണമായും തകർന്നിരുന്നു. നിരോധിക്കപ്പെട്ട സ്ഫോടകവസ്തുക്കളും നിയമാനുസൃതം സൂക്ഷിക്കാവുന്നതിലധികം സ്ഫോടക വസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിരുന്നതായി പിന്നീടു നടന്ന അന്വേണത്തിൽ ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു. തികഞ്ഞ ലാഘവത്തോടെയാണ് ഇതേക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പൊട്ടിത്തെറിക്ക് മണിക്കൂറുകൾ മുമ്പേ അർദ്ധരാത്രിയോടെ ഒരു ജീപ്പിൽ ഇവിടേക്ക് സാധനങ്ങൾ ഇറക്കിയിരുന്നതായി പ്രദേശവാസികൾ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴിനൽകിയിരുന്നു.

കൂടാതെ മറ്റൊരു പാറമടയിലെ ജീവനക്കാരനെ പൊട്ടിത്തെറിയുണ്ടായ വീടിനു സമീപത്തെ തോട്ടിൽ നിന്നും അവശനിലയിൽ കണ്ടെത്തിയിരുന്നു. നാട്ടിൽ നിന്നും ജോലിക്കെത്തി ക്വാറന്റെനിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് ഉടമകൾ പറഞ്ഞിട്ടുള്ളത്. എന്നാൽ ഒരുമിച്ച് കിടന്നിരുന്ന രണ്ടു പേരിൽ ഒരാളുടെ ശരീരം പൊട്ടിത്തെറിയിൽ ഛിന്നഭിന്നമായിരുന്നു. മറ്റേയാളുടെ മൃതശരീരത്തിൽ കാര്യമായ പരിക്കുകൾ ഇല്ലാതായിരുന്നു താനും. ഇത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

വിജയ പാറമടയുടെ പ്രവർത്തനം ദുരൂഹമാണെന്നുള്ള വെളിപ്പെടുത്തലും നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.മുൻ ഉടമയുടെയും ലൈസൻസിയുടെയും ഡ്രൈവറായിരുന്ന റോബിൻ ജോസഫിന്റെപേരിലാണ് പാറമടയുടെ ലൈസൻസ് നിലനിൽക്കുന്നതെന്നാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം.മുൻ ലൈസൻസിയുടെ ബിനാമിയായ താൻ അവരുടെ ആളുകൾ പറയുന്നിടത്ത് ഒപ്പിടുക മാത്രമേ ചെയ്യുന്നുള്ളൂവെന്നാണ് അപകടത്തിന് പിന്നാലെ റോബിൻ ജോസ്ഫ് വെളിപ്പെടുത്തിയിട്ടുള്ളത്.റോബിന്റെ പേരിലേക്ക് ലൈസൻസ് വന്നുചേർന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

ലൈസൻസ് വ്യവസ്ഥ ലംഘിച്ച് അധികം അളവിൽ പൊട്ടിച്ചെടുത്തതിന് ഒരു കോടി 24 ലക്ഷം രൂപ ഫൈൻ ഉൾപ്പെടെ ഈ പാടമട നടത്തിപ്പുകാർ സർക്കാരിലേക്ക് അടച്ചിട്ടുണ്ട്.സഹകരണ ബാങ്കിൽ നിന്നും ലോണെടുത്തുപണിത വീട് ജപ്തിയിൽ നിന്നൊഴിവാക്കാൻ റോബിൻ പെടാപ്പാടുപെടുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക സർക്കാരിലേയ്ക്ക് അടച്ചതായുള്ള വിവരം പുറത്തുവന്നിട്ടുള്ളത്.കോടികളുടെ ഇടപാടുകൾ സ്വന്തം പേരിൽ നടക്കുമ്പോഴും സ്ഫോടനക്കേസ്സിൽ ഒന്നാം പ്രതിയായ റോബിൻ പാപ്പരാണ് എന്നുള്ള വിലയിരുത്തുലുകളാണ് പൊതുവെയുള്ളത്.

അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച വീടിന്റെ ഉടമകളായ ബെന്നി പുത്തേനും ഭാര്യ ജോബിൻ ബെന്നിയുമാണ് കേസ്സിൽ രണ്ടും മൂന്നും പ്രതികളായിട്ടുള്ളത്.പാറമട ലൈസൻസി പാപ്പരായി തുടരുമ്പോൾ ബെന്നിയാകട്ടെ അങ്കമാലി ടൗണിൽ നാലുനില ഹോട്ടൽ, പാറ പൊട്ടിച്ചെടുക്കുന്നതിനായി മലയാറ്റൂരിൽ 38 ഏക്കർ ഭൂമി, ഭാര്യയുടെ പേരിൽ കാലടിയിൽ പെട്രോൾ പമ്പ് തുടങ്ങിയവ സ്വന്തമാക്കിയിട്ടുള്ളതായിട്ടാണ് നാട്ടുകാരുടെ ആരോപണം.

പാറമടയുടെ യഥാർത്ഥ ഉടമയെ നിഴലിൽ നിർത്തി ബിനാമികളായ ഒൻപതു പേരെ കേസിൽ പ്രതികളാക്കി പൊലീസ് കള്ളക്കളിനടത്തിയെന്നും യഥാർത്ഥ പ്രതികൾ കാണാമറയത്ത് തുടരുകയാണെന്നും ഇവർ പണമെറിഞ്ഞ് അന്വേഷണം അട്ടിമറിക്കുകയാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമായിരിക്കുകയാണെന്നും ബിനാമി സ്വത്തുക്കൾ തിരികെ നൽകാതെ വന്നപ്പോൾ മനഃപൂർവ്വം അപകടമുണ്ടാക്കി പാറമടയുടെ ലൈസൻസ് റദ്ദാക്കാൻ പണമിറക്കിയവർ നടത്തിയ കൊടുംചതിയാണ് സ്ഫോടനമെന്നും സാമ്പത്തീക-രാഷ്ട്രീയ ഇടപെടലുകളിലൂടെ പൊലീസ് കേസ്സ് തങ്ങളിലേയ്ക്കെത്താതിരിക്കാൻ കാണാമറയത്തുള്ളവർ ചരടുവലികൾ നടത്തിയൈന്നും മറ്റുമുള്ള ആരോപണങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്.

പാറമട നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ മേഖലയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവായിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാരി രതീഷും മലയാറ്റൂർ രതീഷ്, മലയാറ്റൂർ സന്തോഷ് തുടങ്ങിയവർ പയറ്റിത്തെളിഞ്ഞത് ഇവിടുത്തെ അക്രമസംഭവങ്ങളിലൂടെയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. കൊടുംക്രിമിനലുകൾക്ക് ഒളിവിൽ താമസിയ്്ക്കുന്നതിനും ഇവിടുത്തെ പാറമടകൾ അനുഗ്രമാവുന്നുണ്ട്.നക്സൽ നേതാവ് മല്ലരാജറെഡ്ഡി ഒളിവിൽക്കഴിഞ്ഞത് പാറമടയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.അങ്കമാലിയിൽ നിന്നാണ് ഇയാൾ പൊലീസ്് പിടിയിലാവുന്നത്.