ന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരൻ റിട്ടയർ ചെയ്യുന്നതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചെങ്കിലും താൻ ബാക്ക്സീറ്റിലേക്ക് ഒതുങ്ങാൻ അടുത്തൊന്നും ആലോചിക്കുന്നില്ലെന്നാണ് 91 വയസുള്ള സാക്ഷാൽ എലിസബത്ത് രാജ്ഞി വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും കുറച്ച് വർഷം കൂടി മുൻ സീറ്റിലിരിക്കാനാകുമെന്ന് പള്ളിയിൽ നിന്നും സ്വന്തമായി കാറോടിച്ച് കൊട്ടാരത്തിലേക്ക് മടങ്ങിയതിലൂടെ അവർ തെളിയിച്ചിരിക്കുകയാണ്... ഡ്രൈവിങ് ലൈസൻസോ പോലുമില്ലാതിരുന്നിട്ടും ബ്രിട്ടൻ അടക്കം നിരവധി രാജ്യങ്ങളുടെ ഭരണാധികാരിയായിട്ടും സ്വയം കാറോടിക്കാനുള്ള സന്നദ്ധയും ധൈര്യവും ഈ പ്രായത്തിലും പ്രകടിപ്പിച്ചുവെന്നതാണ് രാജ്ഞിയെ ശ്രദ്ധേയയാക്കുന്നത്. ഒരിക്കൽ ലോകത്തെ പല കോളനികളുടെയും അധിപതിയായിരുന്ന ബ്രിട്ടീഷ് രാജ്ഞി റോഡിലൂടെ സ്വയം കാറോടിച്ച് പോയെന്ന വാർത്ത ലോകം അത്യധികമായ കൗതുകത്തോടെയാണ് ചെവിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ സൺഡേ മോണിങ് സർവീസിന് ശേഷമാണ് പച്ച നിറത്തിലുള്ള ജാഗ്വറിൽ വിൻഡ്സൻ പാർക്കിലെ റോയൽ ചാപ്പൽ ഓഫ് ആൾ സെയിന്റ്സിൽ നന്നും ഇവർ കൊട്ടാരത്തിലേക്ക് പോയത്. തുണയായി ഒരു സെക്യൂരിറ്റ് ഗാർഡ് മാത്രമേ രാജ്ഞിക്കൊപ്പമുണ്ടായിരുന്നുള്ളൂ. ബ്ല്യൂ സ്യൂട്ടും അതിനോട് യോജിക്കുന്ന തൊപ്പിയുമായിരുന്നു രാജ്ഞിയുടെ വേഷം. യുകെയിലെ ഡ്രൈവിങ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നത് രാജ്ഞിയായതിനാൽ പ്രോട്ടോക്കോൾ പ്രകാരം രാജ്ഞിക്ക് ഡ്രൈവിങ് ലൈസൻസ് വേണ്ട. യുകെയിൽ വണ്ടിയോടിക്കാൻ ലൈസൻസ് വേണ്ടാത്ത ഏക വ്യക്തിയുമാണിവർ. കാറുകളോടും ഡ്രൈവിംഗിനോടുമുള്ള തന്റെ ഭ്രമം എലിസബത്ത് ഇത്രയും കാലത്തിനിടെ വിവിധ അവസരങ്ങളിൽ പ്രകടിപ്പിച്ചിരുന്നു.

സാൻഡ്രിൻഗ്ഹാം എസ്റ്റേറ്റിലൂടെ കാറോടിച്ച് പോകുന്ന രാജ്ഞിയുടെ ചിത്രങ്ങളേറെ പുറത്ത് വരുകയും ചെയ്തിരുന്നു. ഇതിന് പുറമെ വിൻഡ്സർ എസ്റ്റേറ്റിലെ റോയൽ കോളജിനടുത്തുള്ള ചർച്ചിലേക്കും രാജ്ഞി ഇടക്ക് കാറോടിച്ച് പോകാറുണ്ട്. രാജകീയ ചടങ്ങുകൾക്കെല്ലാം ഔദ്യോഗിക ഡ്രൈവർഓടിക്കുന്ന വാഹനങ്ങളിലാണ് രാജ്ഞി പോകാറുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിനിടെ വുമൺസ് ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ പ്രവർത്തിക്കുമ്പോഴായിരുന്നു രാജ്ഞി ഡ്രൈവിങ് പഠിച്ചത്. കഴിഞ്ഞ വർഷം ഒരു പിക്നിക്ക് ലഞ്ചിനിടെ ബാൽമോറലിൽ വച്ച് തന്റെ പേരക്കുട്ടിയായ വില്യം രാജകുമാരനെയും ഭാര്യ കേയ്റ്റിനെയും വണ്ടിയിലിരുത്തി ഡ്രൈവ് ചെയ്ത് എലിസബത്ത് ശ്രദ്ധേയയായിരുന്നു.

കഴിഞ്ഞയാഴ്ച ലെയ്സെസ്റ്റർ കത്തിഡ്രലിൽ നിന്നും തന്റെ ഭർത്താവായ ഫിലിപ്പിനൊപ്പം കാറോടിച്ച് വരുന്ന രാജ്ഞിയുടെ ചിത്രം പുറത്ത് വന്നിരുന്നു. എല്ലാ രാജകീയ കടമകളിൽ നിന്നും താൻ റിട്ടയർ ചെയ്യുകയാണെന്ന് കഴിഞ്ഞ യാഴ്ച ബക്കിങ്ഹാം പാലസിൽ ചേർന്ന ഒരു രഹസ്യ അടിയന്തിര യോഗത്തിൽ വച്ച് ഫിലിപ്പ് രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു. 1947ന് ശേഷം 22,000ത്തിൽഅധികം ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇക്കാലത്തിനിടെ അദ്ദേഹം 5000ത്തിൽ അധികം പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്.