ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽക്കഴിയുന്നവർക്ക് ഇതിൽപ്പരം ആശ്വാസം ലഭിക്കാനിടയില്ല. കാരണം, റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ആശുപത്രിയിൽ അവരെ കാണാനും സമാശ്വസിപ്പിക്കാനും എത്തിയത് സാക്ഷാൽ എലിസബത്ത് രാജ്ഞിയാണ്. തന്റെ രാജ്യത്തെ പ്രജകൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയ രാജ്ഞി ആക്രമണത്തിൽ പരിക്കേറ്റ് കഴിയുന്ന യുവാക്കൾക്ക് പുതിയ പ്രചോദനമായി മാറുകയും ചെയ്തു.

ഭ്രാന്തന്മാരുടെ ചെയ്തിയാണ് ചാവേറാക്രമണമെന്ന് രാജ്ഞി പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മില്ലി റോബ്‌സൺ, എവി മിൽസ്, ആമി ബാർലലോ തുടങ്ങിയ കൗമാരക്കാരെ രാജ്ഞി സന്ദർശിച്ചു. 91-ാം വയസ്സിൽ തങ്ങളെ കാണാൻ വേണ്ടി ആശുപത്രിയിലേക്ക് എത്തിയ രാജ്ഞിയുടെ മുന്നിൽ ആക്രമണത്തിനിരയായവരും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. ധീരരായിരിക്കാൻ ഉപദേശിച്ച രാജ്ഞി, ആക്രമണത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ കഠിനാധ്വാനം ചെയ്ത ആശുപത്രി ജീവനക്കാരെയും അഭിനന്ദിച്ചു.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ 14 കുട്ടികളാണ് ഇവിടെ ഇപ്പോഴുമുള്ളത്. അതിൽ അഞ്ചുപേർ ഗുരുതരാവസ്ഥയിലാണ്. എട്ട് ആശുപത്രികളിലായി 75 പേരോളം ചികിത്സയിലുണ്ട്. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതിനും അതിനിരയായവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് രാജ്ഞി ആശുപത്രിയിൽ നേരിട്ടെത്തിയത്. സ്‌ഫോടനത്തിൽനിന്ന് ഓരോരുത്തരും രക്ഷപ്പെട്ടതെങ്ങനെയെന്ന് രാജ്ഞി ചോദിച്ചറിഞ്ഞു.

ഒരു മത്സരത്തിലൂടെയാണ് സംഗീതപരിപാടിക്കുള്ള വി.ഐ.പി. പാസ് തനിക്ക് കിട്ടിയതെന്ന് മില്ലി റോബ്‌സൺ രാജ്ഞിയോട് പറഞ്ഞു. സമ്മാനത്തിന്റെ ഭാഗമായി പോപ് ഗായിക അരിയാന ഗ്രൻഡെയെ വേദിയിലെത്തി കാണാനു അവസരം ലഭിച്ചു. ആശുപത്രിക്കിടക്കയിലും അരിയാന ഗ്രൻഡെയുടെ പടമുള്ള ടിഷർട്ടണിഞ്ഞ കാര്യം രാജ്ഞി തിരക്കിയപ്പോഴാണ് മില്ലി ഇതു പറഞ്ഞത്. ആശുപത്രി ജീവനക്കാരുടെ പ്രയത്‌നത്തെക്കുറിച്ചും മില്ലി രാജ്ഞിയോട് പറഞ്ഞു.