റരപ്പതിറ്റാണ്ടായി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധിപയാണ് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് രാജകുടുംബത്തെ ഏറ്റവും സൂദീർഘമായ കാലം നയിച്ച രാജ്ഞിയെന്ന പദവിയോടെയാണ് 91-ാം വയസ്സിലും അവർ അധികാരം കൈയാളുന്നത്. ഭർത്താവ് ഫിലിപ്പ് രാജകുമാരനും നാല് മക്കൾക്കുമൊപ്പം സസന്തോഷം രാജ്ഞി വാഴുന്നു. ലോകത്തെ ഒന്നാം നിര രാജ്യങ്ങളിലൊന്നിന്റെ അധികാരസ്ഥാനത്തിരിക്കുന്ന എലിസബത്ത് രാജ്ഞിക്ക് എത്ര സ്വത്തുക്കളുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

നാല് മക്കളാണ് രാജ്ഞിക്കുള്ളത്. കിരീടാവകാശിയായ ചാൾസ് രാജകുമാരൻ (68), ആൻ രാജകുമാരി (67), ആൻഡ്രൂ രാജകുമാരൻ (57), എഡ്വേർഡ് രാജകുമാരൻ (53) എന്നിവർ. രാജ്ഞിയുടെ സ്വത്തുക്കളെക്കുറിച്ച് കൊട്ടാരം വ്യക്തമായ സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച 42 കോടി പൗണ്ടാണ് രാജ്ഞിയുടെ ആകെ ആസ്തി. സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലുള്ള ബോൾമൊറാൽ കാസിലാണ് സ്വത്തിലേറ്റവും പ്രധാനം. പത്തുകോടി പൗണ്ടിലേറെ ഈ കൊട്ടാരത്തിന് മാത്രം വരും. ബ്രിട്ടനിലെമ്പാടുമായി കിടക്കുന്ന ചെറിയ കൊട്ടാരങ്ങളും ഫാം ഹൗസുകളും സ്വത്തുക്കളുടെ കൂട്ടത്തിലുണ്ട്.

അച്ഛൻ ജോർജ് ആറാമൻ രാജാവിൽനിന്ന് പാരമ്പര്യമായി എലിസബത്തിൽ വന്നുചേർന്ന സ്വത്തുക്കളാണിവ. ഇതിന് പുറമെ, രാജ്ഞിയെന്ന നിലയിൽ 9.8 ദശലക്ഷം പൗണ്ട് വർഷംതോറും സർക്കാരിന്റെ സ്‌റ്റൈപ്പൻഡായും രാജ്ഞിക്ക് ലഭിക്കുന്നുണ്ട്. കൊട്ടാരങ്ങളിലുള്ള വിലപിടിച്ച ഫർണീച്ചറുകളും ആഭരണങ്ങളും ചേർന്ന് 84 ദശലക്ഷം പൗണ്ടിന്റെ സ്വത്തുക്കൾ വേറെയുമുണ്ട്. രാജ്ഞിക്ക്. 2002-ൽ വിക്ടോറിയ രാജ്ഞി മരിക്കുമ്പോൾ അവർ മകൾക്ക് 70 ദശലക്ഷം പൗണ്ടിന്റെയെങ്കിലും സ്വത്ത് കൈമാറിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്ഥാനമായ ബക്കിങ്ങാം പാലസ് ഉൾപ്പെടെയുള്ള ക്രൗൺ എസ്റ്റേറ്റ് ഈ സ്വത്തുക്കളിൽ വരില്ല. ക്രൗൺ എസ്റ്റേറ്റിന്റെ ആകെ മൂല്യം 7.6 ബില്യൺ പൗണ്ട് വരും. പത്ത് ബില്യൺ പൗണ്ടോളം വരുന്ന റോയൽ ആർട്ട് കളക്ഷനും ഇതിന്റെ ഭാഗമായുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്റ്റാമ്പ് ശേഖരണത്തിന്റെയും ഉടമയാണ് എലിസബത്ത് രാജ്ഞി. തന്റെ മുത്തശ്ശൻ തുടങ്ങിയ വിനോദം ഇവരും തുടർന്നുകൊണ്ടുപോവുകയായിരുന്നു.