വില്യം രാജകുമാരന്റെയും കേയ്റ്റിന്റെയും മൂന്നാമത്തെ സന്തതിയും തന്റെ ആറാമത്തെ ഗ്രേറ്റ് ഗ്രാന്റ് ചൈൽഡുമായ ലൂയീസ് രാജകുമാരനെ കാണാൻ എലിസബത്ത് രാജ്ഞി ആദ്യമായെത്തിയത് വാർത്തകളിൽ നിറയുന്നു. ഇതിനായി വിൻഡ്സർ കാസിലിൽ നിന്നും കെൻസിങ്ടൺ പാലസിലേക്ക് പുഷ്പങ്ങളുമായി എലിസബത്ത് രാജ്ഞി പറന്നിറങ്ങിയത് ഹെലികോപ്റ്ററിലായിരുന്നു. ഹെഡ് സ്‌കാർഫും ട്വീഡ് സ്‌കർട്ടും പിങ്ക് കാഷ്മീർ ജമ്പർ ,ഷൂ എന്നിവ ധരിച്ചായിരുന്നു രാജ്ഞിയുടെ വരവ്. പാലസിലെത്തിയ പാടെ തന്റെ അഞ്ചാമത്തെ പിൻഗാമിക്ക് മുത്തം നൽകി ബ്രിട്ടീഷ് രാജ്ഞി സാഫല്യമടയുകയും ചെയ്തു. ചാൾസ്, വില്യം,ജോർജ്, ചാർലെറ്റ് എന്നിവർക്ക് ശേഷമുള്ള കിരീടാവകാശിയായാണ് ലൂയീസ് പിറന്നിരിക്കുന്നത്. 

ഒരു പിടി പുഷ്പങ്ങളുമായി ഹെലികോപ്റ്ററിൽ നിന്നിറങ്ങി പച്ചപ്പുൽ പരവതാനിയിലൂടെ നടക്കുന്ന രാജ്ഞിയെ കാത്ത് നിരവധി പേർ നിൽക്കുന്നുണ്ടായിരുന്നു. പ്രായത്തിന്റെ പരാധീനതകൾ ഉണ്ടെങ്കിലും 92 കാരിയായ രാജ്ഞി വളരെയേറെ ഉല്ലാസവതിയായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. ബർഗുൻഡി ലിവറീഡ് ഒഫീഷ്യൽ ഹെലികോപ്റ്ററിൽ പെർക്ക്സ് ഫീൽഡിൽ നിന്നും കയറി 40 മിനുറ്റ് നേരം യാത്ര ചെയ്തായിരുന്നു രാജ്ഞി കൊട്ടാരത്തിലെത്തിയത്.തന്റെ സുരക്ഷക്കെത്തിയ പൊലീസ് പ്രൊട്ടക്ഷൻ ഓഫീസർമാരോട് രാജ്ഞി തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.



തുടർന്ന് തന്നെ കാത്ത് നിൽക്കുന്ന ജനക്കൂട്ടത്തോട് അവർ ഹൃദ്യമായി പുഞ്ചിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഔദ്യോഗിക റേഞ്ച് റോവറിലായിരുന്നു കെൻസിങ്ടൺ കൊട്ടാരത്തിലേക്കുള്ള കുറച്ച് ദൂരം രാജ്ഞി സഞ്ചരിച്ചത്. ലൂയീസിന്റെ സഹോദരങ്ങളായ ജോർജ്, ചാർലറ്റ് എന്നിവരുമായി അൽപനേരം സമയം ചെലവിടാനും രാജ്ഞി തയ്യാറായിരുന്നു. ഇന്നലെ മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ചാർലറ്റിന് സമ്മാനംനൽകാനും രാജ്ഞി മറന്നില്ല. വിൻഡ്സർ കാസിലിൽ ഫിലിപ്പ് രാജകുമാരനൊപ്പമാണ് രാജ്ഞി കഴിയുന്നത്. കഴിഞ്ഞ ആഴ്ച ലൂയീസ് ജനിച്ചപ്പോൾ ഇടുപ്പ് ശസ്ത്രക്രിയ കഴിഞ്ഞ് രാജ്ഞി വിശ്രമത്തിലായതിനാലാണ് കുട്ടിയെ കാണാൻ ഇത്രയും വൈകിയിരിക്കുന്നത്.

എന്നാൽ കുട്ടി ജനിച്ച വിവരമറിഞ്ഞ് വില്യം രാജകുമാരനെ ആദ്യം ഫോൺ വിളിച്ചവരിൽ ഒരാൾ രാജ്ഞിയായിരുന്നു. തന്റെ മൂന്നാമത്തെ പേരക്കുട്ടിയായ ലൂയീസിനെ കാണാൻ എപ്പോഴാണ് വരുന്നതെന്ന് ചാൾസ് രാജകുമാരൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ലൂയീസിന്റെ ജനനം കേംബ്രിഡ്ജിൽ ഔപചാരികമായി രജിസ്ട്രർ ചെയ്തിരുന്നു. വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിൽ രജിസ്ട്രാർ പട്രീസിയ ഗോർഡനിനെ സാക്ഷിയാക്കിയാണ് വില്യം പ്രസ്തുത സർട്ടിഫിക്കറ്റിൽ ഒപ്പ് വച്ചിരിക്കുന്നത്. ഹിസ് റോയൽ ഹൈനസ് പ്രിൻസ് ലൂയീസ്ആർതർ ചാൾസ് കേംബ്രിഡ്ജ് എന്നാണ് കുട്ടിയുടെ പൂർണമായ പേര്.