ക്യൂൻസ് ലാൻഡ്: ഫ്രേസർ ഐലൻഡിൽ നിന്നും ശക്തമായ കാറ്റുവീശുമെന്നതിനാൽ ക്യൂൻസ് ലാൻഡിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി എമർജൻസി സർവീസ്. ശക്തമായ കാറ്റും കനത്ത മഴയും പെയ്യുമെന്നതിനാൽ ക്യൂൻസ് ലാൻഡിന്റെ സൗത്ത് ഈസ്റ്റ് മേഖലകളിൽ മിന്നൽ പ്രളയ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

പ്രതീക്ഷച്ചതിലും വേഗത്തിലാണ് കാറ്റ് വീശുന്നത്. അതുകൊണ്ടു തന്നെ കനത്ത മഴയും ഈ മേഖലയിൽ പെയ്യും. ബ്രിസ്‌ബേൻ സിബിഡി, ഗോൾഡ് കോസ്റ്റ് എന്നിവിടങ്ങളിൽ ശക്തമായ മുന്നറിയിപ്പ് ബ്യൂറോ ഓഫ് മെറ്റീരിയോളജി നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തായി വീശുന്ന കാറ്റ് നാശനഷ്ടങ്ങൾക്ക് കാരണമായേക്കാം. തന്മൂലം ഇവിടങ്ങളിലുള്ള എല്ലാ ബീച്ചുകളും അടയ്ക്കാൻ ഗോൾഡ് കോസ്റ്റ് സിറ്റി കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ വാട്ടർ റെസ്‌ക്യൂ ടീമിനെ വിന്യസിപ്പിക്കാനും നടപടികൾ സ്വീകരിക്കും.

പാം ബീച്ച്‌, കൂലാംഗട്ട, നാരോനെക്ക് ബീച്ചുകളിൽ വൻ സുരക്ഷാ സന്നാഹങ്ങളിലും ഒരുക്കിയിട്ടുണ്ട്. കാറ്റിന്റെ ഗതി പ്രവചിക്കാൻ സാധിക്കാത്തതിനാൽ കടൽ ക്ഷോഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. 80 മില്ലി മീറ്റർ വരെ എന്ന തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഫ്രേസർ ഐലൻഡിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മോശമായ കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ ഇതിനെതിരേ ജാഗരൂകരായിക്കണമെന്നാണ് നിർദ്ദേശം.

മിന്നൽപ്രളയത്തെ നേരിടാൻ ബ്രിസ്‌ബേനിൽ തന്നെ സാൻഡ് ബാഗുകൾ കരുതിയാണ് എമർജൻസി സർവീസ് തയാറായിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ്‌ ഒന്നിന് സംഭവിച്ചതുപോലെയുള്ള കാലാവസ്ഥയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.