കണ്ണൂർ: കണ്ണൂർ വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി കെ.ബാബുവിനും എതിരെ ത്വരിത അന്വേഷണം നടത്താൻ തലശേരി വിജിലൻസ് കോടതി ഉത്തരവിട്ടു. ഇവരെ കൂടാതെ കണ്ണൂർ വിമാനത്താവള നിർമ്മാണ കന്പനിയുടെ എം.ഡി ചന്ദ്രമൗലി, സിയാൽ എം.ഡി വി.ജെ.കുര്യൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടോം ജോസഫ് എന്നിവർക്കെതിരേയും അന്വേഷണം നടത്തി ജൂൺ 17നകം റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.

ഇരിട്ടി സ്വദേശിയായ ജെയിംസാണ് പരാതിക്കാരൻ. വിമാനത്താവളത്തിന് 70 ഏക്കർ സ്ഥലം നൽകിയതിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണന്ന് ഹർജിയിൽ പറയുന്നു. വിമാനത്താവളത്തിനായി റബ്ബർ മരങ്ങൾ മുറിച്ചു മാറ്റിയതിലും ക്രമക്കേട് നടന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന്റെ ഭൂമി നിസാരവിലയ്ക്ക് കൈമാറിയെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.കൂടാതെ മരം മുറിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥർ അനധികൃതമായി ഇടപെട്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മരം മുറിയുടെ വരവ് ചെലവുകൾ കണക്കിൽപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെയും മന്ത്രി കെ ബാബുവിന്റെയും അറിവോടെയാണ് ക്രമക്കേടുകൾ നടന്നതെന്നും പരാതിക്കാരനായി അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

നേരത്തെ ഇത് അന്വേഷിച്ച ഉത്തരമേഖല എഡിജിപി എൻ ശങ്കർ റെഡ്ഡി മരംമുറിച്ച് വിറ്റതിൽ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം താനല്ല ഇതൊന്നും ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരാണ് ഇതൊക്കെ നടപ്പിലാക്കുന്നതെന്നും കാര്യങ്ങൾ വിശദമായി അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും മന്ത്രി കെ ബാബു പറഞ്ഞു.