മനാമ: ഐവൈസിസി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 മത് ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും വിപുലമായി സംഘടിപ്പിച്ചു, ക്വിറ്റ് സംഘിസം, ക്വിറ്റ് ഫാസിസം എന്നീ മുദ്രാവാഖ്യം ഉയർത്തിയായിരുന്നു ഐവൈസിസിയുടെ പരിപാടി. അദ്‌ലിയ ഫുഡ് വേൾഡ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്നു.

ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ രാജീവ് വെള്ളിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ സാമൂഹിക ഐക്യത്തിനു ഊന്നൽ നൽകാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റു കൊടുത്ത കമ്മ്യൂണിസ്റ്റുകാരും ബ്രിട്ടീഷുകാർക്ക് വിടുപണി ചെയ്ത സംഘപരിവാരും ഇന്ന് കോൺഗ്രസുകാരെ ദേശീയവാദം പഠിപ്പിക്കുവാൻ വരുന്നത് അപഹാസ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഡ്വ.ഷബീർ അഹമ്മദ് പറഞ്ഞു.

ക്വിറ്റ് ദിന ചരിത്രം പോലും വളച്ചൊടിക്ക് തങ്ങൾക്ക് അനുകൂലമാക്കുവാൻ ഇന്നത്തെ ഫാസിസ്റ്റ് ഭരണകുടം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയേയും നെഹ്രുവിനേയും പോലെയുള്ള നേതാക്കളെ തിരസ്‌കരിച്ച് കൊണ്ട് സംഘപരിവാർ നേതാക്കളെ സ്വാതന്ത്ര്യസമരനായകരായി ചിത്രീകരിക്കുവാനുള്ള വിഫല ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത. ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് ഭരിക്കുവാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങൾ അതേപടി പയറ്റുകയാണു മോദി സർക്കാർ. പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യത്തെ പോലും അട്ടിമറിക്കുവാൻ അവർ ശ്രമിക്കുകയാണ്. ആ ശ്രമങൾക്കുള്ള ആദ്യ തിരിച്ചടിയാണു ഗുജറാത്തിലെ അഹമ്മദ് പട്ടേലിന്റെ വിജയത്തിലൂടെ നമ്മുക്ക് കാണുവാൻ സാധിച്ചത്. അത്തരം സാഹചര്യത്തിൽ ക്വിറ്റ് ഫാസിസം ക്വിറ്റ് സംഘിസം എന്നീ മുദ്രാവാക്യഫങ്ങൾക്ക് പ്രസക്തി വർദ്ദിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ എൻ റ്റി യു സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ജോഷ്വാ മുഖ്യാതിഥിയായിരുന്നു, ഐവൈസിസി ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം ആശംസിച്ചു. അഡ്വ. ലതീശ് ഭരതൻ ആശംസകൾ അർപ്പിച്ചു. ക്വിറ്റ് ഇന്ത്യാ ദിന പ്രതിജ്ഞ അനസ് റഹിം ചൊല്ലിക്കൊടുത്തു. ഐവൈസിസി മുൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മെമെന്റൊ നൽകി ആദരിച്ചു. ട്രഷറർ ഹരി ഭാസ്‌കരൻ നന്ദി അർപ്പിച്ചു.