കോഴിക്കോട്: ആൺകുട്ടികളിലെ സുന്നത്ത് കർമ്മത്തെ എതിർത്ത് ഖുർആൻ സുന്നത്ത് സൊസൈറ്റി. ഖുർആനിൽ ഒരിക്കലും ചെയ്യാൻ പറയാത്തതും മുഹമ്മദ് നബി ഒരിക്കലും മാതൃക ആക്കാൻ പറയാത്തതുമായ കാര്യമാണ് ആൺകുട്ടികളിലെ ചേലാകർമമെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി. ചേലാകർമം എന്നത് വളരെ പ്രാകൃതമായ ആചാരവരും കുട്ടികൾക്കുള്ള പീഡനവും നിർബന്ധിത മത പരിവർത്തനതിന്റെ ഭാഗവുമാണെന്നും സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യഹൂദ പുരോഹിതന്മാർ ചേലാ കർമം നടത്തി കുട്ടികളെ യഹൂദന്മാരായി പ്രഖ്യാപിക്കുമ്പോൾ ക്രിസ്ത്യൻ പുരോഹിതന്മാർ മാമോദീസ നടത്തി കുട്ടികളെ ക്രിസ്ത്യാനി ആയി പ്രഖ്യാപിക്കുമ്പോൾ അറേബ്യൻ ആചാരങ്ങളെയും പൈതൃകങ്ങളെയും അന്ധമായി ആരാധിച്ചിരുന്ന അറേബ്യൻ സുന്നികൾ തങ്ങളുടെ മക്കൾ അഹലസുന്ന എന്ന തങ്ങളുടെ വിശ്വാസത്തിൽ നിന്നും പുറത്ത് ചാടത്തിരിക്കാൻ കണ്ട് പിടിച്ച ക്രൂരമായ ചടങ്ങ് ആയിരുന്നു ചേലാ കർമം എന്ന സുന്നത്ത് കല്യാണം. മത പരിവർത്തനതിന്റെ പ്രാകൃത രൂപമെന്നും ഇതിനെ പറയാനുള്ള കാരണവും ഇതാണെന്നം സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

യഹൂദപുരോഹിതനായിരുന്ന അബുഹുറൈ ഇസ്ലാമിലേക്ക് കടന്നുകൂടിയ ഒരുപാട് അനാചാരങ്ങളിൽ ഒന്നാണ് ചേലാകർമ്മം. ഖുർആനിൽ അല്ലാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട് മനുഷ്യരെ ഞാൻ സൃഷ്ടിക്കുകയും അവർക്ക് നല്ല ശരീരഘടന നൽകുകയും ചെയ്തു. ഈ പറഞ്ഞതിനെ പരിഹസിക്കുന്ന വിധത്തിലാണ് ചേലാ കർമം നടത്തുന്നത്. ദൈവത്തിന്റെ സൃഷ്ടി പൂർണതയിൽ അല്ല എന്ന് കാണിക്കാൻ ആണ് ചേലാ കർമം പുരോഹിതർ സ്ഥാപിച്ചത്. ആകാശവും ഭൂമിയും മണ്ണിനടിയിൽ ഉള്ളതും എല്ലാം സൃഷ്ടിച്ചത് ദൈവം ആണെന്നും പ്രപഞ്ചത്തിൽ എല്ലാം സൃഷ്ടിച്ചത് യാതൊരു അപാകതയും ഇല്ലാതൈയാണെന്നും എന്തെങ്കിലും അപാകത കാണുന്നുണ്ടെങ്കിൽ അത് മനുഷ്യന്റെ കൈ കടത്തൽ കൊണ്ട് മാത്രമാണെന്നും ഖുർആനിൽ പറയുന്നുണ്ട്. ഇത് ചേലാ കർമം എന്നത് മതപരമായും ശാസ്ത്രപരമായും തെറ്റാണ് എന്നാണ് പറയുന്നത്.

പ്രവാചകനായിരുന്ന ഇബ്രാഹിം നബിയുടെ ചേലാകർമം നടന്നത് പോലും 80 വയസ്സിൽ ആണ്. അത് കോടാലി കൊണ്ടായിരുന്നു. സി എൻ അഹമ്മദ് മൗലവിയുടെ ബുഖാരി പരിഭാഷ എന്ന വ്യാജ ഹദീസിലും ഇത്തരത്തിലുള്ള അനാചാരത്തിന്റെ അടിസ്ഥാനം. എന്നാൽ നബിയുടെ കാലത്ത് നബിയോ നബിയുടെ കൊച്ചുമക്കളായ ഹസ്സൻ ഹുസ്സൈൻ എന്നിവരോ അവരുടെ സന്താന പരമ്പരകളോ ചേലാകർമം നടത്തിയതായി ഒരു ഹദീസിലും പറഞ്ഞിട്ടില്ല. മുഹമ്മദ് നബി അറേബ്യയിൽ വരുന്നതിന് 5000 വർഷം മുൻപ് ആഫ്രിക്കയിൽ നിലനിന്നിരുന്ന ഗോത്രചാരം മാത്രമാണ് ചേലാകർമം. ഇത് ഇസ്ലാമിലേക്ക് കടത്തിക്കൂട്ടുക വഴി ഇസ്ലാമിക നിയമം ആയി മാറുകയായിരുന്നു എന്നും ഖുർആൻ സുന്നത്ത് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

ഖുർആൻ സുന്നത്ത് സൊസൈറ്റി സ്റ്റേറ്റ് ജനറൽ സെക്രട്ടറി പുതൂർ അബൂബക്കർ മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ പുറ്റക്കാട്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം എസ് റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തും.