തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ പുതിയ തിയറികൾ തള്ളി മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ. ഐഎസ്ആർഒ ചാരക്കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്നാണ് ശ്രീകുമാറിന്റെ ആരോപണം. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ബ്യൂറോ നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്നും മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ആർബി ശ്രീകുമാറിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്നുമുള്ള വാദങ്ങൾ മുൻ ഗുജറാത്ത് ഡിജിപി കൂടിയായിരുന്ന അദ്ദേഹം തള്ളി.

താൻ പറഞ്ഞിട്ടാണ് ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന വാദം നിയമ വിരുദ്ധമാണെന്നാണ് ആർബി ശ്രീകുമാറിന്റെ നിലപാട്. സിബി മാത്യൂസ് തന്റെ പേര് പറഞ്ഞത് ആരുടേയോ സമർദ്ദത്തിന് വഴങ്ങിയാണ്. തനിക്ക് എതിരായ ഗൂഢാലോചയ്ക്ക് പിന്നിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പ്രതി ചേർത്തത്. ക്രിമിനൽ കേസിൽ കുടുക്കി തന്നെ ശിക്ഷിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യം. നമ്പി നാരായണനെ താൻ കണ്ടിട്ടുമില്ല, ചോദ്യം ചെയ്തിട്ടുമില്ലെന്നും ആർബി ശ്രീകുമാർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു സിബി മാത്യൂസ് ആർ ബി ശ്രീകുമാറിനെതിരെ രംഗത്ത് എത്തിയത്. ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സിബി മാത്യൂസ് മുൻകൂർ ജാമ്യം തേടിയത്. എന്നാൽ ചാരക്കേസ് യാഥാർഥ്യമാണെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ഐബി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാരക്കേസിന്റെ അന്വേഷണം നടന്നത്. അന്വേഷണ വിവരങ്ങൾ കൃത്യമായി ഐബി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഫൗസിയ ഹസനെ ചോദ്യം ചെയ്തതിലൂടെ കൊളംബോ തിരുവനന്തപുരം ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചാരമാരുടെ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. നമ്പി നരായണൻ, ശശികുമാർ, ചന്ദ്രശേഖരൻ എന്നിവർക്ക് മാലി വനിതകളുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിള്ള തെളിവായി നമ്പി നാരായണൻ ഐഎസ്ആർഒയിൽ നിന്ന് സ്വയം വിരമിക്കാൻ നൽകിയ അപേക്ഷയുടെ പകർപ്പ് സിബി മാത്യൂസ് കോടതിയിൽ നൽകി. മറിയം റഷീദയെ അറ്സറ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പാണ് സ്വയം വിരമിക്കൽ എന്നും സിബി മാത്യൂസ് പറയുന്നു.

മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആർമി ക്ലബിൽ പോയ സക്വാഡ്രന്റ് ലീഡർ കെഎൽ ബാസിൻ എന്ന ഉദ്യോഗസ്ഥന്റെ വിവരം സിബിഐ മറച്ചുവെച്ചു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം കേസ് ഡയറിയിൽ സിബിഐ ഉൾപ്പെടുത്തിയിട്ടില്ല. ചാരക്കേസ് സിബിഐക്ക് വിടണമെന്ന് ശിപാർശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.