- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൽപത്രത്തിൽ ഒരുപേജ് മാത്രമാണ് തനിക്കായി മാറ്റിവച്ചിരിക്കുന്നത്; 8 പേജ് സഹോദരിക്കും 14 പേജ് ഗണേശിനുമാണ്; അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല; വിൽപത്രം തയ്യാറാക്കിയ തീയതി പോലും കള്ളമെന്ന് തുറന്നടിച്ച് ഉഷാ മോഹൻദാസ്; പൊലീസിൽ പരാതി നൽകാനും സാധ്യത; ഗണേശിന്റെ കുടുംബ പ്രശ്നം കോടതി കയറുമെന്ന് ഉറപ്പായി
തിരുവനന്തപുരം: ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്രം കോടതി കയറുമെന്ന് ഉറപ്പായി. പിതാവായ ആർ.ബാലകൃഷ്ണപിള്ളയുടെ കോടിക്കണക്കിനു സ്വത്തുക്കളിൽ 5 സെന്റ് പോലും തനിക്കു ലഭിച്ചിട്ടില്ലെന്നും വിൽപത്രത്തിനു പിന്നിൽ ക്രമക്കേട് സംശയിക്കുന്നതായും മകൾ ഉഷ മോഹൻദാസ് അറിയിച്ചു. പൊലീസിനെ സമീപിക്കുന്നതും പരിഗണനയിലുണ്ട്. പിതാവ് വിൽപത്രം തയാറാക്കിയെന്നു പറയുന്ന തീയതിപോലും കള്ളമാണ്. വിൽപത്രത്തിലെ കൃത്രിമത്വത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉഷ ആരോപിക്കുന്നു. വിൽപത്രത്തിൽ ഒരുപേജ് മാത്രമാണ് തനിക്കായി മാറ്റിവച്ചിരിക്കുന്നത്. 8 പേജ് സഹോദരിക്കും 14 പേജ് ഗണേശിനുമാണ്. അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഉഷ പറയുന്നു.
പിണറായി മന്ത്രിസഭയിൽ ആദ്യഊഴത്തിൽ കെ.ബി ഗണേശ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണങ്ങളാണെന്ന് വാർത്തകളുണ്ടായിരുന്നു. ഗണേശിന് പിന്തുണയുമായി മറ്റൊരു സഹോദരി ബിന്ദു ബാലകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്. ബാലകൃഷ്ണപ്പിള്ള 2020 ഓഗസ്റ്റിൽ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപ്പത്രം മാറ്റിയെഴുതിയതെന്നാണ് ബിന്ദു പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വിൽപ്പത്രത്തിൽ സ്വത്ത് ഭാഗം വച്ചതിലെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ആരോപണങ്ങൾ പുതിയ തലത്തിൽ എത്തുകയാണ്. ഉഷ പൊലീസിൽ പരാതി കൊടുക്കാനും സാധ്യതയുണ്ട്. ഏതായാലും ഈ വിൽപത്രം ഉഷ അംഗീകരിക്കില്ല.
സാക്ഷി എന്നു പറയുന്ന പ്രഭാകരൻപിള്ള പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണ്. കുടുംബകാര്യങ്ങൾ പുറത്തു പറയരുതെന്നു കരുതിയാണ് ഇതുവരെ നിശബ്ദത പാലിച്ചതെന്ന് ഉഷ പറഞ്ഞു. അച്ഛന്റെ വിൽപത്രത്തിൽ നൽകിയതായി പറയുന്ന എസ്റ്റേറ്റ് തനിക്ക് അമ്മയുടെ ഷെയറായി വർഷങ്ങൾക്കു മുൻപേ ലഭിച്ചതാണ്. അനുജത്തിക്കു തന്നേക്കാൾ വലിയ സ്വത്ത് അമ്മയുടെ ഷെയറായി ലഭിച്ചിട്ടുണ്ട്. ഇതിനു പ്രത്യക വിൽപത്രവുമുണ്ട്. അമ്മയുടെ വിൽപത്രത്തിൽ ഷെയറായി ലഭിച്ച വസ്തുവിനെയാണ് അച്ഛൻ നൽകിയതായി തെറ്റായി കാണിച്ചിരിക്കുന്നത് എന്നും ഉഷ പറയുന്നു.
അടഞ്ഞ വിൽപത്രമാണ് അച്ഛൻ ആദ്യം കൊല്ലം രജിസ്റ്റ്രാർ ഓഫിസിൽ സമർപിച്ചത്. വിൽപത്രത്തെക്കുറിച്ച് അച്ഛൻ മക്കളോട് പറഞ്ഞിരുന്നു. അതിലെ വിശദാംശങ്ങളും പറഞ്ഞു. ഗണേശ് ആ വിൽപത്രത്തിൽ തൃപ്തനായിരുന്നില്ല. അച്ഛൻ ഗണേശിന്റെ ആദ്യവിവാഹത്തിലെ മക്കളുടെ പേരിലും രണ്ടു പെൺമക്കളുടെ പേരിലും സ്വത്ത് എഴുതി. അച്ഛന്റെ സഹായി ആയിരുന്നു പ്രഭാകരൻപിള്ള. അയാൾ ഇപ്പോൾ ഗണേശിന്റെ വിശ്വസ്തനാണ്. പ്രഭാകരൻപിള്ളയുടെ നേതൃത്വത്തിലാണ് ആദ്യ വിൽപത്രം തയാറാക്കിയത്. വിൽപത്രത്തിന്റെ കോപ്പി അയാൾ നൽകിയപ്പോൾ ഗണേശ് രോഷാകുലനായി. അച്ഛനെ വല്ലാതെ സമ്മർദത്തിലാക്കി ആ വിൽപത്രം റദ്ദാക്കി. പിന്നീട് കുറേകഴിഞ്ഞാണ് രണ്ടാമത്തെ വിൽപത്രം തയാറാക്കിയതെന്നും ഉഷ പറയുന്നു.
അച്ഛന്റെ പൂർണ അറിവോടെയാണ് രണ്ടാമത്തെ വിൽപത്രം എന്നു വിശ്വസിക്കുന്നില്ല. അത് രജിസ്റ്റർ ചെയ്തിരുന്നില്ല. അച്ഛൻ മരിച്ച ശേഷം പ്രഭാകരൻപിള്ള അതിന്റെ കോപ്പി എല്ലാവർക്കും നൽകി. അതിൽ കൃത്രിമത്വം നടന്നതായി സംശയം തോന്നി. കാരണം മൂന്നു മക്കളുള്ള അച്ഛൻ ഒരാളെ മാത്രം വിൽപത്രത്തിൽ ഒഴിവാക്കില്ല. സഹോദരിക്കു സ്വത്തു കിട്ടിയതിനാൽ അവർ ഗണേശിന്റെ കൂടെയാണ്. പ്രഭാകരൻപിള്ളയുടെ സഹായത്തോടെ ഗണേശ് നിർമ്മിച്ച വിൽപത്രമാണിതെന്നു വ്യക്തമാണ്. വിശ്വസ്തൻ ആണെങ്കിൽ രഹസ്യമായി വച്ച കോപ്പി പ്രഭാകരൻ ഗണേശിനു കൊടുക്കില്ല. സാക്ഷിയുടെ ആവേശം കാണുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ഗണേശിനു വേണ്ടി പ്രവർത്തിക്കുന്ന സാക്ഷിയാണ് പ്രഭാകരൻ പിള്ളയെന്നും ഉഷ പറഞ്ഞു.
3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള ഇതു ചെയ്തതെന്നും പുറത്ത് നിന്നുമുള്ള യാതൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രത്തിലെ പ്രധാന സാക്ഷിയും കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരൻ പിള്ള അറിയിച്ചു. എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്.
ഏറെ കരുതലോടെയാണ് പിള്ള ഈ വിൽപത്രം തയ്യാറാക്കിരിക്കുന്നത്. വസ്തു കൈമാറ്റത്തിൽ അടക്കം വ്യവസ്ഥകളുണ്ട്. ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്ര വ്യവസ്ഥയും. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്കുമാറിനും അവകാശപ്പെട്ടതാണ്.
ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബി.എഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. വിൽപത്രമെഴുതുന്ന നാൾ മുതൽ 10 വർഷത്തേക്ക് രക്തബന്ധത്തിലുള്ളവർക്കല്ലാതെ പുറത്തുള്ള ആർക്കും തന്നെ വസ്തുവകകൾ വിൽക്കാൻ പാടില്ല എന്നും വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഇളയ മകൾ ബിന്ദു ബാലകൃഷ്ണന്റെ മൂത്ത മകൻ വിഷ്ണു സായിക്ക് ഈ വസ്തുവകകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകൾ കൈമാറിയാൽ അതിന് യാതൊരു നിയമ സാധുതയും ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ ബിന്ദു ബാലകൃഷ്ണന് നൽകിയ മുഴുവൻ സ്വത്തുക്കളും എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. മക്കൾക്ക് നൽകിയിരിക്കുന്ന സ്വത്തു വകകൾ തന്റെ കാലശേഷം മക്കൾക്കും അവരുടെ മക്കൾക്കും മാത്രം അവകാശപ്പെട്ടതാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു
മറുനാടന് മലയാളി ബ്യൂറോ