കൊല്ലം: താൻ സവർണരുടേയും അവർണരുടേയും ആളല്ലെന്ന് ആർ ബാലകൃഷ്ണപിള്ള. വി എസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ എൽഡിഎഫിനൊപ്പമുണ്ടായിരുന്നു. മുന്നണി പ്രവേശനം സാങ്കേതിക നടപടിക്രമം മാത്രമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവുമുള്ളവർ ഇടത് മുന്നണിയിൽ വേണ്ടെന്നും വി എസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്.

കുടുംബത്തിൽ പിറന്ന സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നാണ് നേരത്തെ ആർ ബാലകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടത്. ഇതോടെയാണ് വി എസ് പിള്ളക്കെതിരെ തിരഞ്ഞിത്. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും കയറാമെന്ന സുപ്രീംകോടതി വിധി ഇടതുപക്ഷ നിലപാടാണെന്ന് വി എസ് പറഞ്ഞു. കുടുംബത്തിൽ പിറന്ന സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്ന് നിലപാടുള്ളവർ ഇടതുമുന്നണിക്ക് ബാധ്യതയാണെന്നും വി എസ് ആറ്റിങ്ങലിൽ പറഞ്ഞു.

'ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നത് ചില ഉൾക്കാഴ്‌ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉൾക്കാഴ്‌ച്ചകൾ ഉള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷം. ' കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവും ഉയർത്തിപ്പിടിക്കുന്നവർ, വർഗീയ കക്ഷികൾ എന്നിങ്ങനെയുള്ളവർക്കുള്ള ഇടത്താവളമല്ല, ഇടതുമുന്നണിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപ്രകാരം സുപ്രീംകോടതി ശരിയായി വിലയിരുത്തിയ സ്ത്രീസമത്വം എന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിർക്കുന്നവരുണ്ട്. പുരുഷൻ ചെല്ലാവുന്ന ഇടങ്ങളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത്. എന്നാൽ, കുടുംബത്തിൽ പിറന്ന സ്ത്രീകൾ ശബരിമലയിൽ പോവില്ല എന്ന നിലപാടുള്ളവരും, സ്ത്രീകൾ തങ്ങളുടെ ഭരണഘടനാ അവകാശം വിനിയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാദ്ധ്യതയാവും എന്ന കാര്യത്തിൽ തർക്കമില്ല.- വി എസ് പറഞ്ഞു.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരണം നടത്തിയത്. കേരള കോൺഗ്രസ് ബി, ലോക് താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ്, ഐ എൻ എൽ എന്നീ പാർട്ടികളെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

എം പി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ, ആർ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോൺഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന ഐഎൻഎൽ എന്നീ പാർട്ടികളാണ് ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമായിരിക്കുന്നത്.