ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു തന്റെ പാർട്ടിക്ക് ഇടതുമുന്നണിപ്രവേശനം സാദ്ധ്യമാകുമെന്ന് ബാലകൃഷ്ണപിള്ള. താൻ നയിക്കുന്ന കേരള കോൺഗ്രസിന് ഇടതുമുന്നണിയിൽ പ്രവേശിക്കാൻ യാതൊരു തടസവുമില്ലെന്ന് ആർ ബാലകൃഷ്ണപിള്ള മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പ്രധാന അണികളെല്ലാം കൈയൊഴിഞ്ഞ്് എങ്ങുമില്ലാതെ കഴിയുകയാണ് പിള്ളവിഭാഗമെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു പിള്ള.

ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് സംസ്ഥാനനേതൃത്വത്തിൽനിന്നും തനിക്ക് വ്യക്തമായ ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണപിള്ള അറിയിച്ചു. ഇടതുമുന്നണി തന്റെ പാർട്ടിയോട് വളരെ മാന്യമായിട്ടാണ് ഇടപെടുന്നത്. അതുകൊണ്ടുതന്നെ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ നൂറിലേറെ യോഗങ്ങളിൽ പങ്കെടുക്കാൻ തനിക്ക് അവസരം അവർ നൽകി. ഗണേശും ഏതാണ്ട് അത്രയും യോഗത്തിൽതന്നെ പങ്കെടുത്തിട്ടുണ്ട്. ഒരുപക്ഷേ ഘടകകക്ഷികളിൽ ഏറ്റവും അധികം പ്രചരണം നടത്തിയതും തന്റെ പാർട്ടിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇനിയും ആ സഹകരണം തുടരും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായി ശക്തമായി പ്രവർത്തിക്കും. സംസ്ഥാനത്തെ മുഴുവൻ പാർട്ടി പ്രവർത്തകരെയും ഇതിനായി സജ്ജമാക്കും.

യു ഡി എഫ് തന്നോട്് നെറികേട് കാട്ടി. മുന്നണിയുണ്ടാക്കാൻ മുന്നിട്ടിറങ്ങിയ തന്നെ പിന്നീട് യു ഡി എഫ് അപമാനിച്ചു. ഇതിൽ തനിക്ക് വേദനയുണ്ട്. എന്നാൽ ഇപ്പോൾ താൻ എല്ലാം മറന്നു. അതേസമയം തന്റെ പാർട്ടിയെക്കുറിച്ച് ഇപ്പോൾ ചില പ്രചരണങ്ങൾ നടക്കുന്നത് അടിസ്ഥാനരഹിതമാണ്. പാർട്ടി നാലുകൊല്ലത്തിനുമുമ്പുതന്നെ പുറത്താക്കിയ ചിലവന്മാരാണ് ഇത്തരം പ്രചരണം നടത്തുന്നത്. ഭരണമില്ലെങ്കിൽ ഇവനൊന്നും നിലനിൽക്കാൻ കഴിയില്ല. ഇതിൽ കിഴക്കുനിന്നുള്ള ഒരുത്തൻ കഞ്ചാവ് കച്ചവടക്കാരനാണ്. അവന് നിലനിൽക്കണമെങ്കിൽ ഭരണം വേണം. ഇപ്പോൾ തന്റെ കൈയിൽ ഭരണമില്ലല്ലോ.

മറ്റൊരുത്തൻ എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അവൻ ഇതിലും ഭയങ്കരനാണ്. അവനും പണമാണ് പ്രധാന പ്രശ്‌നം. അരുവിക്കരയിൽ ഇടതുമുന്നണി ശക്തമായി പ്രവർത്തിച്ചിട്ടും പരാജപ്പെടാനുണ്ടായ കാരണം ജാതീയമായ ചില നീക്കങ്ങൾ അവിടെ നടന്നു. പ്രവീൺ തൊഗാഡിയ വെള്ളാപ്പള്ളിക്ക് നൽകിയ ഓഫറിന്റെ അടിസ്ഥാനത്തിൽ ഈഴവ വോട്ടുകൾ ബിജെപിക്ക് കുറച്ച് അനുകൂലമായി. മാത്രമല്ല തനിക്ക് പുതുതായി അറിയാൻ കഴിഞ്ഞത് രാജഗോപാൽ നായർ വിഭാഗത്തിൽപ്പെട്ട ആളല്ലെന്നാണ്. ഈഴവ വിഭാഗത്തിലെ വിശ്വകർമ്മ (ഒ ഇ സി ) ജാതിയിൽ
പെട്ട ആളാണെന്നാണ്. ഇതിന്റെ പൂർണവിവരങ്ങൾ താൻ പരിശോധിച്ചുവരികയാണ്. രാജഗോപാൽ എന്തുകൊണ്ടാണ് പാലക്കാട് മൽസരത്തിന് ഒരുങ്ങാത്തത്. മാത്രമല്ല രാജഗോപാൽ ഇതുവരെയും താൻ നായരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അപ്പോൾ രാജഗോപാലിനോട് ഈഴവന്മാർക്ക് ചെറിയ മതിപ്പ് ഉണ്ടാകുന്നതിൽ തെറ്റില്ല.

സമസ്തകേരള നായർ സമാജം എൻ എസ് എസ്സിന് ഒരു വെല്ലുവിളിയല്ല. ആ സംഘടനയുടെ തലപ്പത്തിരിക്കുന്ന നേതാവ് വിവാഹം ചെയ്തിരിക്കുന്നത് നായർ സ്ത്രീയെ ആണോ? അയാളുടെ ചരിത്രം പരിശോധിക്കണം. മാത്രമല്ല വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്ത സംഘടന എങ്ങനെയാണ് കേരളത്തിൽ ക്ലച്ച് പിടിക്കുന്നത്. അത് ഊഹിക്കാവുന്നതാണ്. സമസ്തകേരളനായർ സമാജം നായന്മാരുടെ ഇടയിൽ തിരുത്തൽ ശക്തിയായി മറുമെന്നു താൻ കരുതുന്നില്ല. എൻ എസ് എസ്സിന് ഒരു ബദലുമാകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

കേരള കോൺഗ്രസ് ബിയിൽ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസുമായി പിണങ്ങി യുഡിഎഫിന് പുറത്തുവന്ന ബാലകൃഷ്ണ പിള്ളയുടെ പാർട്ടിക്ക് ഇടതു മുന്നണി ഇനിയും സ്ഥാനം നൽകില്ലെന്നാണ് ഇവരുടെ അഭിപ്രായം. അരുവിക്കരയിലെ ഇടതു പക്ഷത്തിന്റെ പ്രധാന പ്രചാരകനായിരുന്നു പിള്ള. എന്നാൽ സിപിഐ(എം) സ്ഥാനാർത്ഥി വിജയകുമാറിന്റെ പരാജയത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതോടെ പിള്ളയുടെ ഇടതു മുന്നണി പ്രവേശനം പ്രതിസന്ധിയിലായെന്നും പറയുന്നു. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ബിയിലെ നേതാക്കൾ പാർട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നാണ് ബാലകൃഷ്ണ പിള്ളയുടെ വാദം

മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും രണ്ട് ജില്ലാ പ്രസിഡന്റുമാരും ഉൾപ്പെടെ നിരവധി നേതാക്കൾ പാർട്ടി വിടാൻ തീരുമാനിച്ചു. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള നേതൃത്വത്തിന്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അസംതൃപ്തിയാണ് പിളർപ്പിലേക്ക് നീങ്ങുന്നത്. പാർട്ടിവിട്ട് യു.ഡി.എഫിനൊപ്പം നിൽക്കാൻ താൽപര്യപ്പെടുന്നവരിൽ ഒരു വിഭാഗത്തിന്റെ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാന, ജില്ലാതല നേതാക്കൾ സംബന്ധിക്കും. യു.ഡി.എഫിനൊപ്പമുള്ള കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ചേരാനാണ് ഇവരുടെ നീക്കം. അന്തിമ തീരുമാനം വെള്ളിയാഴ്ചത്തെ യോഗത്തിലുണ്ടാകും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെയാണ് ഈ നീക്കമെന്നതാണ് യാഥാർത്ഥ്യം.

ജനറൽ സെക്രട്ടറി വി എസ്. മനോജ്കുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിടുമെന്നാണ് സൂചന. പിള്ളയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് മനോജിനെ കരുതിയിരുന്നത്. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനയപ്പോൾ പിള്ളയുടെ പേഴ്‌സണൽ സ്റ്റാഫിലും മനോജുണ്ടായിരുന്നു. മനോജിനെ പോലെ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബ്രിജേഷ് എബ്രഹാം, ലത സി. നായർ, വെട്ടിക്കവല ബ്‌ളോക് പഞ്ചായത്ത് അംഗം റെജിമോൻ വർഗീസ് തുടങ്ങിയവരും പിള്ളയിൽ നിന്ന് അകന്നുനിൽക്കുകയാണ്.