- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവിയിൽ ആരാകണം എന്ന ചോദ്യത്തിന് യേശുദാസാകണം എന്ന് ഉപന്യാസം എഴുതിയ മഹാൻ; ചില സംഗീതദിന ചിന്തകൾ: മാധ്യമ പ്രവർത്തകൻ ആർ.ബാലകൃഷ്ണന്റെ ഓർമക്കുറിപ്പ്
സ്‌കൂൾ വാർഷികമായിരുന്നു.വോളന്റിയറാണ്. വട്ടത്തിൽ വെട്ടിയെടുത്ത വെള്ളനിറത്തിലുള്ള കട്ടിക്കടലാസിൽ VOLUNTEER എന്നെഴുതി ( അച്ചടിച്ചല്ല ) തന്നിരുന്നു.
അത് പോക്കറ്റിന് മുകളിൽ മൊട്ടുസൂചികൊണ്ട് കുത്തിവയ്ക്കുന്നതിന്റെ അന്തസ്സ് ആറാം ക്ലാസ്സുകാരന് വളരെ വലുതാണല്ലോ. അമ്പത്തിമൂന്ന് വർഷം മുൻപാണ്.
വല്ലാത്ത സങ്കടത്തിലായിരുന്നു പക്ഷേ, ഞാൻ. നാണക്കേട് തോന്നിയിരുന്നോ എന്ന് ചോദിച്ചാൽ അതുമുണ്ടായിരുന്നു എന്ന് പറയാം. രവീന്ദ്രൻ മാഷാണ് അത് കണ്ടുപിടിച്ചത്. അഞ്ചാം ക്ലാസ്സിൽ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത് മാഷായിരുന്നു. മലയാളത്തിന് കൂടുതൽ മാർക്ക് കിട്ടിയിരുന്നതുകൊണ്ട് എന്നോട് പ്രത്യേകിച്ചൊരു ഇഷ്ടവുമുണ്ടായിരുന്നു അദ്ദേഹത്തിന്.
എന്റെ മുഖം കണ്ടിട്ട് സുഖമില്ലെന്നോ ഉച്ചയ്‌ക്കൊന്നും കഴിച്ചില്ലെന്നോ ആണ് മാഷ് കരുതിയത്. അത് രണ്ടുമല്ലെന്ന് മനസ്സിലായപ്പോൾ അദ്ദേഹം എന്നെ കാര്യമായൊന്ന് അടിമുടി നോക്കി. എന്റെ തലയിലൊന്ന് തലോടി. ഞാൻ കരയുമെന്ന മട്ടായി.
'എന്താടോ.?'
ഞാൻ മാഷിനോട് എന്റെ സങ്കടം പറഞ്ഞു.
'എനിക്ക് ഒരു സമ്മാനംപോലുമില്ല മാഷേ.'
മലയാളം പ്രസംഗം, ഉപന്യാസം എന്നിവയിലേതിലെങ്കിലും ഒരു സമ്മാനം ഒന്നാം ക്ലാസ് മുതൽ സ്ഥിരമായി ലഭിച്ചിരുന്നവന്റെ ധർമ്മസങ്കടം മാഷിനറിയില്ലല്ലോ. മൂന്നാം സ്ഥാനമോ പ്രോത്സാഹനസമ്മാനമോ എങ്കിലും ലഭിക്കാത്ത ഒറ്റ വർഷം പോലുമുണ്ടായിട്ടില്ല. ഒരു തമാശ കേട്ടപോലെയാണ് രവീന്ദ്രൻ മാഷ് ചിരിച്ചത്. എന്നാലും നിരാശപ്പെടുത്തിയില്ല. ഏതിനാണ് പങ്കെടുത്തത് എന്ന് മാഷന്വേഷിച്ചു. മലയാളം ഉപന്യാസം എന്നു കേട്ടപ്പോൾ സന്തോഷമായിക്കാണണം. വിഷയം എന്തായിരുന്നു എന്നായി അടുത്ത ചോദ്യം.
'ഞാൻ ആരാകാൻ ആഗ്രഹിക്കുന്നു'
എന്നായിരുന്നു വിഷയമെന്ന് ആവേശത്തോടെ പറഞ്ഞു. ( പഠിച്ചുവച്ച വിഷയങ്ങളിലൊന്നായിരുന്നു അത്.)
' സമ്മാനം അത്ര വല്യ കാര്യോന്ന്വല്ല. അടുത്ത കൊല്ലം നോക്കാടോ. താൻ ചെല്ല്.' ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ മാഷല്ലാതെ എനിക്ക് ഇക്കാര്യം പറയാൻ മറ്റാരുമില്ല. അതുകൊണ്ട് ഇത്രകൂടി ഞാൻ പറഞ്ഞൊപ്പിച്ചു.
'ഞാൻ നന്നായി എഴുതിയിരുന്നു മാഷേ.'
ഞാൻ 'സീരിയസ്സാ'ണെന്ന് അപ്പോഴാണ് മാഷിന് മനസ്സിലായതെന്ന് തോന്നുന്നു. ഒന്ന് മൂളി അദ്ദേഹം പോയി. മൂന്നോ നാലോ ദിവസം കഴിഞ്ഞുകാണും. സ്റ്റാഫ് റൂമിൽ തെറ്റുതിരുത്തി വച്ചിരുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ പുസ്തകങ്ങൾ എടുത്തുകൊണ്ടുവരാൻ ക്ലാസ്സിനിടെ പറഞ്ഞുവിട്ടതായിരുന്നു എന്നെ. വളരെ കുറച്ച് അദ്ധ്യാപകർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അവരിലൊരാൾ രവീന്ദ്രൻ മാഷായിരുന്നു. പുസ്തകങ്ങളുമായി പുറത്തേയ്ക്കിറങ്ങിയപ്പോൾ മാഷും എത്തി.
'എടോ, താനെഴുതിയത് നന്നായിരുന്നെന്നാണ് പരിശോധിച്ചവരെല്ലാം പറഞ്ഞത്.' അതുപോരേ.? സന്തോഷമായില്ലേ.? സമ്മാനത്തിനെല്ലാം ഇനിയും എത്രയോ അവസരം കിടക്കുന്നു!'
മറന്നുതുടങ്ങിയതായിരുന്നു ഞാൻ. പക്ഷേ മാഷ് പറഞ്ഞു കഴിഞ്ഞിട്ടില്ലായിരുന്നു. 'ഏഴിലെ പിള്ളേരല്ലേ ഫസ്റ്റും സെക്കൻഡും? അവര് കുറച്ചുകൂടി ഗൗരവമായി എഴുതിയിട്ടുണ്ടാവും. ഒരു ക്ലാസ് മുകളിലല്ലേ?'
മാഷ് വിടാൻ കണ്ടിട്ടില്ല. എന്നോട് താല്പര്യമുള്ളതുകൊണ്ടാണ്. എന്നാലും...
'നല്ലൊരു മനുഷ്യനാകണം എന്നാണ് ഫസ്റ്റ് കിട്ടിയവൻ എഴുതിയിരിക്കുന്നത്. സെക്കൻഡ് കിട്ടിയവന് ഡോക്ടറാകണം. അവൻ സാധുക്കളെ സൗജന്യമായി ചികിത്സിക്കുമെന്നെല്ലാം എഴുതിയിട്ടുണ്ടത്രെ! സാരമില്ലെടോ. അടുത്ത പ്രാവശ്യം കുറച്ചുകൂടി സീരിയസ്സായി എഴുതിയാൽ മതി.'
പുതിയ ഒരു കാര്യം അറിഞ്ഞ സന്തോഷത്തോടെയാണ് രവീന്ദ്രൻ മാഷ് അടുത്ത ചോദ്യം ചോദിച്ചത്.
'താൻ പാടും ഇല്ലേ.? എനിക്കറിയില്ലായിരുന്നു.'
'ഇല്ല മാഷേ. എനിക്ക് ഒട്ടും പാടാൻ അറിയില്ല.'
മാഷ് ഞെട്ടിക്കാണും. ഭാവിയിൽ ആരാകണം എന്ന ചോദ്യത്തിന് യേശുദാസാകണം എന്ന് ഉപന്യാസമെഴുതിയ മഹാനാണല്ലോ അദ്ദേഹത്തിന്റെ മുൻപിൽ നില്ക്കുന്നത്. പക്ഷേ, വളരെ പ്രായോഗികമായാണ് മാഷ് കാര്യങ്ങൾ പറഞ്ഞു തന്നത്.
'ഇനി ഇത്തരം വിഷയങ്ങൾ കിട്ടിയാൽ കളക്റ്ററോ ഐജിയോ ആകാനാഗ്രഹമുണ്ടെന്നേ എഴുതാവൂ. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകണമെന്നെഴുതിയാലും നല്ലത് തന്നെ. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നവരല്ലേ.? സിനിമാക്കാരനാകണമെന്ന് പറഞ്ഞാലൊന്നും സമ്മാനം കിട്ടില്ല. കാര്യമാക്കണ്ട. നമുക്ക് അടുത്ത വർഷം ഫസ്റ്റ് വാങ്ങാം.'
എനിക്ക് അവരൊന്നുമാകാൻ താല്പര്യമില്ലായിരുന്നു. മാഷിനോടെങ്കിലും അത് പറയാമെന്ന് എനിക്ക് തോന്നിയിരിക്കണം. യേശുദാസ് പാടിയ ചില പാട്ടുകളും അവയേത് സിനിമയിലേതാണെന്നും ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു. എല്ലാം ഹിറ്റായ ഗാനങ്ങൾ. പിന്നെന്താ പ്രശ്‌നം എന്നായിരിക്കാം അപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത്. അറിയില്ല.
പറഞ്ഞതുകൊണ്ട് ഫലമില്ലെന്ന് മാഷിന് തോന്നിക്കാണും. എന്നെ ക്ലാസ്സിലേയ്ക്ക് പറഞ്ഞുവിട്ടു. യേശുദാസിലും ചലച്ചിത്രഗാനങ്ങളിലും ആ ചെറുക്കൻ തുടങ്ങുകയായിരുന്നു. റേഡിയോ സിലോണിന്റെ ബിനാക്കാ ഗീത് മാലയിലൂടെ, വിവിധ് ഭാരതിയുടെ സിബാക്കാ ഗീത് മാലയും കടന്ന്....കഥകളിപ്പദങ്ങൾ.. ഉപകരണസംഗീതവാദനങ്ങൾ..സംഗീതകച്ചേരികൾ.. ഗസലുകൾ.. പിന്നെയെപ്പോഴോ അതിർത്തികൾക്കപ്പുറത്തുനിന്നുള്ള സംഗീതവും.
എന്തിന് ഒരു പ്രത്യേക ദിവസം?
എപ്പോഴും സംഗീതം.