- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയും; നിയമപരമായി സ്ഥാപിതമായ പദവികൾ; തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികം'; കണ്ണൂർ വിസി നിയമനത്തിൽ കത്തയച്ചതിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഗവർണർക്ക് അയച്ച കത്തിനെ വീണ്ടും ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം നടത്തിയത് പൂർണമായും ഗവർണറുടെ ഉത്തരവാദിത്തതിലാണെന്ന് ബിന്ദു വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.
നിയമനകാര്യത്തിൽ ഗവർണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടും മന്ത്രി തള്ളുന്നു. നടന്നത് സ്വാഭാവികമായ ആശയവിനിമയമാണെന്ന് മന്ത്രി വിശദീകരിക്കുന്നു.
സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണെന്നും വാർത്താക്കുറിപ്പിൽ മന്ത്രി പറയുന്നു.
മന്ത്രി ഡോ. ആർ ബിന്ദുവിന്റെ വാർത്താക്കുറിപ്പ്:
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച് സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണ്. പ്രോചാൻസലറും ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങളിലൂടെ സംവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്, പ്രോചാൻസലറെന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണ്. കൂടാതെ, ഇതു സംബന്ധിച്ച കേസ് ബഹു. ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
എന്നിട്ടും പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്ന നിലയിൽ ചിലർ പ്രചാരണം തുടരുന്നത് സർവ്വകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാൻസലർ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണ്. സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണ്.
ഇതുകൊണ്ടുതന്നെ പ്രോചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സർവ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാൻസലറെ കത്തു മുഖേന അറിയിക്കാം. സർവ്വകലാശാലാനിയമത്തിൽ പ്രോചാൻസലർ പദവി പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇത് സ്വാഭാവിക നടപടി മാത്രമാണ്.
പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആർക്കും അറിയാവുന്നതാണ്. നിയമനത്തിൽ അപാകതയൊന്നുമില്ലെന്ന് ബഹുമാനപ്പെട്ട കോടതിതന്നെ പറയുകയും ചെയ്തു. എന്നിട്ടും വിവാദം തുടരുന്നത് അപലപനീയമാണെന്നും വാർത്താക്കുറിപ്പിൽ ആർ ബിന്ദു പറയുന്നു.
കണ്ണൂർ സർവകലാശാലയിൽ വി സി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് സമ്മർദമുണ്ടായെന്ന് ഗവർണർ ആരോപിച്ചതിനെത്തുടർന്നാണ് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളുടെ തുടക്കം. ഗോപിനാഥ് രവീന്ദ്രന്റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത് അതിനാൽ വി സിയെ പുനർ നിയമിക്കണമെന്നാണ് കത്തിൽ പറയുന്നത്. വി സി നിയമനവുമായി ബന്ധപ്പെട്ട് ഒരു മന്ത്രി ഗവർണർക്ക് നേരിട്ട് കത്ത് നൽകുന്നത് പതിവില്ലാത്തതാണ്.
കണ്ണൂർ സർവകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നുമാണ് മന്ത്രി കത്തിൽ പറഞ്ഞിരുന്നത്. സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണ് ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നതെന്നാണ് കത്തിൽ പറയുന്നു.
ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറിൽ അവസാനിക്കുന്നതിനാൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകണമെന്നും പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദ്ദേശിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.
യൂണിവേഴ്സിറ്റി നേട്ടങ്ങൾ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസർച്ച് ഡയറക്ട്രേറ്റ് തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. ഗോപിനാഥിന്റെ കാലാവധി നീട്ടി നൽകുന്നത് സർവ്വകലാശാലയ്ക്ക് ഗുണകരമാകും. കണ്ണൂർ സർവ്വകലാശാലയെ സംബന്ധിച്ച് പ്രായം ഒരും നിയന്ത്രണമല്ലെന്നും കത്തിൽ പറയുന്നു. ഗവർണർക്ക് കത്തയച്ചതിന്റെ പേരിൽ മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.
ഉത്തരവിൽ ഒപ്പുവച്ച ഗവർണർക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നാണ് സിപിഎം അറിയിച്ചു. ഉത്തമബോധ്യമില്ലാത്ത കാര്യത്തിൽ ഗവർണർ എന്തിന് ഒപ്പു വച്ചുവെന്നും, സത്യപ്രതിജ്ഞാലംഘനം നടത്തിയത് ഗവർണറാണെന്നും സിപിഎം പറയുന്നു. മന്ത്രി പറയുന്നിടത്തെല്ലാം ഒപ്പിട്ട് കൊടുക്കേണ്ട ആളല്ല ഗവർണർ എന്നും ഇവർ പറയുന്നു. അതേസമയം കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമാണെന്ന് ഗവർണർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ വി സി നിയമനത്തിൽ ഗവർണർക്ക് ശുപാർശ നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരമൊരു അധികാരമില്ല. ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിച്ചുവെന്നാണ് ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചത്.
വിസി നിയമനത്തിന് ഗവർണർക്ക് കത്ത് നൽകാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
സർവകലാശാലകളിലെ വിസി നിയമനം രാഷ്ട്രീയ താൽപര്യം അനുസരിച്ചാണെന്നും ഗവർണർ ആവർത്തിച്ചിരുന്നു. മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തിയാക്കുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം.
താൻ നൽകിയ കത്തിനെക്കുറിച്ചുള്ള വിവരം ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയതിനെതിരെ മന്ത്രി ആർ ബിന്ദു വിമർശനം ഉന്നയിച്ചിരുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനം ചോദ്യം ചെയ്ത ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
മറുനാടന് മലയാളി ബ്യൂറോ