ചെന്നൈ: അഴിമതി കേസിലെ ജയിൽശിക്ഷയും പുറത്തിറങ്ങലുമൊന്നും തമിഴ്‌നാട്ടിലെ ജനമനസിനെ സ്വാധീനിച്ചില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത വൻഭൂരിപക്ഷത്തിൽ ആർകെ നഗർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ആകെയുള്ള 1.60 ലക്ഷം വോട്ടുകളിൽ ഒന്നര ലക്ഷം വോട്ടുകളും സ്വന്തമാക്കിയാണ് ജയലളിത വിജയം നേടിയത്. ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ജയലളിതക്ക്. ജയലളിതയ്ക്ക് എതിരായി മത്സരിച്ച സിപിഐയുടെ സി മഹേന്ദ്രന് നേടാൻ സാധിച്ചത് ആകെ 9,690 വോട്ട് മാത്രം.

വിജയം എത്ര വോട്ടിന്റെ ആകും ജയലളിതയുടെ വിജയം എന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയം. എതിരാളികൾ അശക്തരായിരുന്നിട്ടും എ.ഐ.എ.ഡി.എം.കെ. ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. അമ്മയ്ക്ക് ലക്ഷം കടന്നുള്ള ഭൂരിപക്ഷം നൽകണമെന്നാണ് സംസ്ഥാനമന്ത്രിമാരെല്ലാം ആർ.കെ. നഗറിലെത്തി വോട്ടർമാരോട് അഭ്യർത്ഥിച്ചത്. അതിന് ഫലം കാണുകയും ചെയ്തു. തലൈവിയുടെ ഭൂരിപക്ഷം ലക്ഷം കടന്നിരിക്കുന്നു.

ഭൂരിപക്ഷത്തിൽ 'തലൈവി' റെക്കോഡ് സൃഷ്ടിക്കുമോ എന്ന് മാത്രമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഡി.എം.കെ. ഉൾപ്പെടെയുള്ള മുഖ്യപ്രതിപക്ഷ കക്ഷികൾ വിട്ടുനിന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ സി. മഹേന്ദ്രനും സ്വതന്ത്രനായി മത്സരിക്കുന്ന ട്രാഫിക് രാമസ്വാമിയുമാണ് ജയലളിതയ്‌ക്കെതിരെ മത്സര രംഗത്തുള്ള പ്രമുഖർ.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിതയ്ക്ക് മത്സരിക്കാനായി എ.ഐ.എ.ഡി.എം.കെ. എംഎ‍ൽഎ വെട്രിവേൽ രാജിവച്ചതിനെത്തുടർന്നാണ് ആർ. കെ. നഗറിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.