കൊച്ചി: എന്റെ നിന്റെ മൊയ്തീന്റെ സൂപ്പർ വിജയത്തോടെ സംവിധായകൻ ആർ എസ് വിമലിന് എന്തു പറ്റിയെന്നതായിരുന്നു ഉയർന്ന ചോദ്യം. കർണ്ണനെന്ന 300 കോടിയുടെ ചിത്രവുമായെത്തുമെന്ന് പ്രഖ്യാപിച്ച വിമലിനെ നിർമ്മാതാവ് കൈവിട്ടെന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിട്ടു. മൊയ്തീന്റെ പുതിയ പതിപ്പിൽ വിമലിനെ മാത്രം ഒഴിവാക്കുന്നതും ചർച്ചയായി. മൊയ്തീന്റെ സഹോദരൻ നിർമ്മിക്കുന്ന സിനിമയിൽ എന്ന് നിന്റെ മൊയ്തീനിലെ അതേ ടീമിൽ നിന്ന് വിമൽ മാത്രമാണ് പുറത്തു പോയത്. ഇതിനൊപ്പാമായിരുന്നു കർണ്ണൻ സിനിമയുടെ നിർമ്മാതാവ് വേണു കുന്നപ്പള്ളി പിന്മാറിയെന്ന റിപ്പോർട്ട് പുറത്തുവന്നത്. പൃഥ്വി രാജ് പോലും വിമലിനോട് അകലം പാലിക്കുന്നുവെന്നും സിനിമയിലെ അണിയറക്കാർ സംസാരം തുടങ്ങുകയും ചെയ്തു. എന്നാൽ മറുനാടന് പുറത്തുവിട്ട ഈ റിപ്പോർട്ടിന് മനോരമയിലൂടെ മറുപടി നൽകുകയാണ് വിമൽ.

കർണ്ണനുമായി മുന്നോട്ട് പോവുകയാണെന്ന് വ്യക്തമാക്കുന്നു. പ്രി പ്രൊഡക്ഷൻ ജോലി തുടരുന്നുവെന്ന് പറയുമ്പോഴും വിമൽ നിർമ്മാതാവിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മൊയ്തീന്റെ പുതിയ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് മനോരമയിലൂടെ സംവിധായകൻ വിശദീകരിക്കുന്നത്. ഇതൊരു മലയാള ചിത്രമേയല്ല. ലോകം മുഴുവൻ അറിയുന്നതാണ് മഹാഭാരതകഥ, ഒപ്പം കർണനെന്ന ഇതിഹാസത്തെയും. സാർവദേശീയമായ ആ കഥ പറയുമ്പോൾ അതൊരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രം തന്നെയായിരിക്കും...-ആർ.എസ്.വിമൽ പറയുന്നു. കർണനെന്ന വീരേതിഹാസത്തെ പൃഥ്വിരാജിലൂടെ തിരശീലയിലെത്തിക്കുമ്പോൾ വിമലിനു മുന്നിൽ കടമ്പകളേറെയാണ്. പക്ഷേ അതെല്ലാം ഒന്നൊന്നായി തട്ടിനീക്കി മുന്നോട്ടു നീങ്ങുകയാണ് സംവിധായകനും ഒപ്പം ഇരുനൂറോളം വരുന്ന സാങ്കേതിക പ്രവർത്തകരുമെന്നും മനോരമ പറയുന്നു. എന്നാൽ തടസ്സങ്ങളെ കുറിച്ച് വിശദീകരിക്കുന്നതുമില്ല.

അതിനു വേണ്ടിത്തന്നെ ഇരുനൂറോളം പേർ ഇക്കഴിഞ്ഞ ആറുമാസമായി ജോലിയെടുക്കുമ്പോൾ അതുകഴി!ഞ്ഞ് വരാനിരിക്കുന്നത് എന്താണെന്ന് ഊഹിക്കാവുന്നതാണല്ലോ. വരുന്ന മാർച്ചിൽ 'കർണന്റെ' ചിത്രീകരണം ആരംഭിക്കാവുന്ന വിധത്തിലാണ് നടപടികളെല്ലാം മുന്നോട്ടു പോകുന്നത്. തുടക്കത്തിൽ 25-30 കോടി രൂപയായിരുന്നു ബജറ്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രീപ്രൊഡക്ഷൻ ജോലികൾക്കു തന്നെ 'എന്നു സ്വന്തം മൊയ്തീന്' മൊത്തമായി ചെലവിട്ടതിനെക്കാൾ തുക വേണ്ടിവരുമെന്നും വിമൽ പറയുന്നു. പക്ഷേ പൃഥ്വിരാജ് ഉൾപ്പെടെ മുഴുവൻ പിന്തുണയുമായി ഒപ്പമുണ്ട്. വരുന്ന മാർച്ചിൽ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കാവുന്ന വിധത്തിൽ എല്ലാം ഭംഗിയായി മുന്നോട്ടുപോകുകയാണെന്നും വിമൽ മനോരമയോട് പറയുന്നു.

തിരുവനന്തപുരത്തും ഹൈദരാബാദുമുള്ള വിഷ്വൽ എഫക്ട്‌സ് സംഘത്തിന്റെ നേതൃത്വത്തിൽ കർണന്റെ പ്രീവിഷ്വൽ ആനിമേഷൻ തകൃതിയായി നടക്കുന്നു. ഹൈദരാബാദിൽ വിമൽ തന്നെ തിരഞ്ഞെടുത്ത വിഎഫ്എക്‌സ് സംഘമാണുള്ളത്. രണ്ടേമുക്കാൽ മണിക്കൂറായിരിക്കും ചിത്രത്തിന്റെ ദൈർഘ്യം. അതേ ദൈർഘ്യത്തോടെ തന്നെയുള്ള 'കർണന്റെ' ആനിമേഷനാണ് ഇപ്പോൾ തയാറാക്കുന്നത്. അഭിനേതാക്കൾക്കും കലാസംവിധായകനും ഛായാഗ്രാഹകനും മെയ്‌ക്കപ് ആർടിസ്റ്റുമാർക്കും ഉൾപ്പെടെ ഈ ഒരൊറ്റ ആനിമേഷൻ കണ്ടുകഴിഞ്ഞാൽ ചിത്രത്തെപ്പറ്റിയുള്ള ധാരണ ലഭിക്കും. അതോടെ സമയവും പണവും ലാഭിക്കാം എന്ന നേട്ടവുമുണ്ട്. നിലവിൽ യാതൊരു തടസ്സവുമില്ലാത്ത വിധം കർണന്റെ ഗ്രാഫിക്‌സ് ജോലികൾ മുന്നോട്ടു പോകുന്നുണ്ട്. അതിനൊപ്പം ഒരു കാര്യവും സംവിധായകൻ പറയുന്നു

'പാരകളാണു ചുറ്റിലും. ആരോടും ഒന്നും പറയാനാകാത്ത അവസ്ഥ. കർണൻ' പ്രഖ്യാപിച്ചതിനു ശേഷം ഇതിനോടകം നേരിടേണ്ടി വന്ന എതിർപ്പുകൾക്ക് കൈയും കണക്കുമില്ല...പക്ഷേ എന്നു നിന്റെ മൊയ്തീനു' മുൻപേ തന്നെ മനസിലുണ്ടായിരുന്ന ചിത്രമാണ് കർണൻ. ദൈവം സഹായിച്ച് 'മൊയ്തീൻ' വൻ ഹിറ്റുമായി. അതിൽ നിന്നാണ് ഇത്രയും വലിയ ബജറ്റിൽ കർണൻ തയാറാക്കാനുള്ള ആവേശം ലഭിച്ചത്...' അന്യഭാഷകളിലെ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പമുണ്ടാകുമെന്ന് വിമലിന്റെ വാക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറക്കുക. എന്നാൽ മൊഴിമാറ്റ ചിത്രമായിരിക്കില്ല. നാലു ഭാഷകളിലെയും ഷൂട്ടിങ് ഒരേസമയം തന്നെ പൂർത്തിയാക്കും. ഒരേ അഭിനേതാക്കൾ തന്നെയായിരിക്കും നാലു ഭാഷകളിലും ഉണ്ടാകുകയെന്ന സൗകര്യവുമുണ്ട്. പക്ഷേ ഓരോ ഭാഷയ്ക്കും പ്രിയപ്പെട്ട സൂപ്പർതാരങ്ങൾ തന്നെയായിരിക്കും ചിത്രത്തിലെ കഥാപാത്രങ്ങളായെത്തുകയെന്നും വിമൽ പറയുന്നു. 'ഇംഗ്ലിഷിലും ചിത്രം പുറത്തിറക്കും. ഹോളിവുഡിലെ ഉൾപ്പെടെ സാങ്കേതികവിദഗ്ധരെയാണ് ചിത്രത്തിലേക്കെത്തിക്കുന്നത്. ത്രീഡിയിലായിരിക്കും ചിത്രീകരണം.

'ഗ്ലാഡിയേറ്ററൊ'ക്കെപ്പോലുള്ള ഒരു ചിത്രം തന്നെയാണു സ്വപ്നം. അതിനാൽത്തന്നെയാണ് ബജറ്റ് 300 കോടി രൂപ കടക്കുമെന്നും പറഞ്ഞത്. ഇത് കേരളത്തിലെ വിപണിയെ മാത്രം ലക്ഷ്യമിട്ടുള്ള ചിത്രവുമല്ല. അന്താരാഷ്ട്ര വിപണി തന്നെയാണു ലക്ഷ്യം. മറ്റു ഭാഷകളിലെ പ്രമുഖതാരങ്ങളുടെ ഉൾപ്പെടെ സമയം അനുസരിച്ചായിരിക്കും ഷൂട്ടിങ്. അതിനാൽത്തന്നെ എട്ടുമാസത്തോളമെടുത്തായിരിക്കും ചിത്രീകരണം പൂർത്തിയാക്കുക. പ്രീ വിഷ്വൽ ആനിമേഷൻ ചിത്രം പൂർത്തിയായാലുടൻ രാമോജി റാവു ഫിലിം സിറ്റിയിൽ സെറ്റിന്റെ നിർമ്മാണം ആരംഭിക്കും. ഹസ്തിനപുരിയും ഇന്ദ്രപ്രസ്ഥവുമൊക്കെ എങ്ങനെയായിരിക്കണമെന്നത് കൃത്യമായി പ്രീവിഷ്വൽ ആനിമേഷനിലുണ്ടാകും. കോസ്റ്റ്യൂമിന്റെ കാര്യത്തിൽ വരെ വ്യക്തത ലഭിക്കും. ആനിമേഷനിലെ ഒരു സീനിലൂടെത്തന്നെ വ്യക്തമാകും അവിടെ എന്തൊക്കെ പ്രോപ്പർട്ടി വേണം, കഥാപാത്രങ്ങളുടെ വസ്ത്രം എങ്ങനെയായിരിക്കണം, ക്യാമറ ആംഗിൾ തുടങ്ങിയ സകല കാര്യങ്ങളും.-വിമൽ പറയുന്നു. 20 ശതമാനം ഷൂട്ടിങ് ജോലികൾ ഫിലിം സിറ്റിക്ക് പുറത്താണ്. ഗംഗാനദിയുടെ പശ്ചാത്തലത്തിലുൾപ്പെടെ ചിത്രീകരണമുണ്ടാകും. ഇന്ത്യയിൽ തന്നെയായിരിക്കും മുഴുവൻ ഷൂട്ടിങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. തമിഴ് തിരക്കഥ ജയമോഹനാണു തയാറാക്കുന്നത്. അയ്യായിരത്തിലേറെ തിയേറ്ററുകളിൽ റിലീസിനാണു ശ്രമം. കർണന്റെ മാർക്കറ്റിങ് ജോലികളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായും വിമൽ പറഞ്ഞു.

വിമൽ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കർണ്ണന് മുമ്പിൽ കടമ്പകൾ ഏറെയാണ്. നിർമ്മാതാവിനെ കണ്ടെത്തുകയ പ്രയാസകരം തന്നെയാകും. കർണ്ണത്തിന്റെ പ്രാരംഭ ജോലികൾക്കായി വേണു ഒരു കോടിയോളം രൂപ നൽകിയിരുന്നതായാണ് സൂചന. ഇതുപയോഗിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ വിമൽ തുടങ്ങുകയും ചെയ്തു. ആദ്യം 25 കോടിയുടെ ബജറ്റിലെ സിനിമയാണ് വിമൽ മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ചാണ് വേണു നിർമ്മാണം ഏറ്റെടുത്തത്. പിന്നീട് നൂറു കോടിയുടെ ബജറ്റിലേക്ക് വിമൽ മാറി. എന്ന് നിന്റെ മൊയ്തീന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് 300 കോടിയുടെ ചെലവ് തുക പ്രഖ്യാപിക്കുകയും ചെയ്തു. വേണു ഇതിന് സമ്മതം അറിയിച്ചിരുന്നില്ലെന്നാണ് സൂചന. ഇതേ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് കർണ്ണനെ ബാധിക്കുന്നത്.

25 കോടിക്കപ്പുറം ചില്ലകാശ് ചെലവാക്കാനില്ലെന്നാണ് വേണുവിന്റെ നിലപാട്. 25 കോടിക്ക് അപ്പുറം മുടക്കിയാൽ പണം തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാകും. പുലി മുരുകൻ 100 കോടിയേ കള്കട് ചെയ്യൂവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ 300 കോടി മുടക്കിയാൽ അത് ഒരിക്കലും മലയാളത്തിൽ തിരിച്ചുപിടിക്കാനാവില്ല. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യ ബോധമില്ലാത്ത കർണ്ണനുമായി പോകാൻ അദ്ദേഹം തയ്യാറല്ല. മറ്റൊരു സിനിമയുമായി സഹകരണം ഈ നിർമ്മാതാവ് തുടങ്ങിയെന്നാണ് സൂചന. ഇതിനിടെ ഈ നിർമ്മാതാവിന്റെ സമ്മതമില്ലാതെ കർണ്ണനുമായി മുന്നോ്ട്ട് പോകാൻ വിമലിന് കഴിയില്ല. കർണ്ണന് വേണ്ടി തടുക്കത്തിൽ വാങ്ങിയ കാശാണ് ഇതിന് കാരണം. ഇതോടെ സിനിമ സംവിധായകനിൽ നിന്ന് നിർമ്മാതാവിന് ആയി. ഇനി നിർമ്മാതവിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മാത്രമേ മറ്റൊരു നിർമ്മാതാവിനെ കൊണ്ട് പോലും സിനിമ നിർമ്മിക്കാൻ നിയമപരമായി കഴിയൂ. ഇതൊന്നും വിമൽ ഇതുവരെ ചെയ്തിട്ടില്ലെന്നതാണ് വസ്തുത.