- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈരാറ്റിൻപുറം ടൂറിസം പദ്ധതി ഉദ്ഘാടനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനങ്ങളെ കബളിപ്പിക്കൽ തന്ത്രം; പദ്ധതി തുടങ്ങിയത് യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലയളവിൽ: ആർ.സെൽവരാജ്
നെയ്യാറ്റിൻകര: നടപ്പാതയും, ടിക്കറ്റ് കൗണ്ടറും മാത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയ്ത ഈരാറ്റിൻപുറം ടൂറിസം പദ്ധതി എൽഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ജനങ്ങളെ കബളിപ്പിക്കൽ തന്ത്രം മാത്രമാണെന്ന് നെയ്യാറ്റിൻകര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ.സെൽവരാജ് ആരോപിച്ചു.
യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലയളവിൽ ആണ് ഈരാറ്റിൻപുറം ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ അതു കഴിഞ്ഞ് അഞ്ച് വർഷത്തോളമായിട്ടും ഒരു കല്ല് ഇടാൻ പോലും കഴിയാത്ത എൽഡിഎഫ് സർക്കാർ അധികാരമൊഴിയാറായപ്പോൾ ഒരു നടപ്പാതയും, ടിക്കറ്റ് കണ്ടറും മാത്രം നിർമ്മിച്ച് പദ്ധതി പൂർത്തിയായതായി സ്ഥാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്.
ഗവൺമെന്റ് ഓർഡറിൽ പറഞ്ഞിരിക്കുന്ന പ്രവർത്തികൾ പോലും ഈരാറ്റിൻപുറത്ത് പൂർത്തിയായിട്ടില്ല. പദ്ധതിയുടെ മുഖ്യ ആകർഷകമായിരുന്ന റോക്ക് പാർക്ക് നിർമ്മാണം പോലും ആരംഭിച്ചിട്ടില്ല. പദ്ധതിക്കായി നിശ്ചയിച്ച് നൽകിയ കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തീകരിച്ചിട്ടുമില്ല. പലവട്ടം കരാർ കാലാവധി നീട്ടി നൽകി നിർമ്മാണകമ്പനി സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ 30 ശതമാനം പോലും പൂർത്തിയാക്കാതെയാണ് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് തട്ടിക്കൂട്ട് ഉദ്ഘാടനം ധൃതിപിടിച്ച് നടത്തിയത്.
മുൻ യുഡിഎഫ് മുനിസിപ്പാലിറ്റി ഭരണ സമിതി ടൂറിസം വകുപ്പിന് സമർപ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ഈരാറ്റിൻപുറം ടൂറിസം പദ്ധതി. എന്നാൽ ഇപ്പോൾ പണി പൂർത്തിയായി എന്ന് പറഞ്ഞ് ഉദ്ഘാടനം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് എൽഡിഎഫും നിലവിലെ നഗരസഭയും. തെരഞ്ഞടുപ്പടുക്കുമ്പോൾ നടക്കുന്ന ഉദ്ഘാടന മഹാമഹങ്ങളുടെ കൂട്ടത്തിൽ ഒരെണ്ണമായി ഈരാറ്റിൻപുറം ടൂറിസം പദ്ധതിയെയും അവർ മാറ്റി.
2010ൽ യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലയളവിൽ ഇളവനിക്കരയിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായ പുഷ്പലീലയാണ് നഗരസഭയിൽ ആദ്യമായി അത്തരമൊരു പദ്ധതി നിർദ്ദേശം മുന്നോട്ടു വച്ചതും പദ്ധതിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അന്ന് എംഎൽഎ ആയിരുന്ന സെൽവരാജിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തത്. അന്നതിനെ പരിഹസിച്ചവരാണ് ഇന്ന് വലിയ അവകാശവാദത്തോടെ പദ്ധതിയെപ്പറ്റി വാചാലരാകുന്നത്.
നിയമസഭയിൽ സെൽവരാജ് ഈ വിഷയം ഉന്നയിക്കുകയും അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ പി അനിൽകുമാറിനെ നേരിൽകണ്ട് ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ടൂറിസം ഭൂപടത്തിൽ ഈരാറ്റിൻപുറം ടൂറിസം പദ്ധതിയെ ഉൾപ്പെടുത്തുകയും തൂക്കുപാലം,റോക്ക് പാർക്ക്, പാർക്കിനോടനുബന്ധിച്ച് കെട്ടിടങ്ങൾ ലൈറ്റ്, ആൻഡ് സൗണ്ട് സിസ്റ്റം എന്നിവയൊക്കെ സ്ഥാപിക്കാൻ തീരുമാനിച്ചതും. അവിടെയാണ് കേവലം ഒരു നടപ്പാതയും ടോയ്ലറ്റും, ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ച് 20 സെന്റ് സ്ഥലം പോലുമില്ലാത്ത പാർക്കിങ് ഏരിയയും തയ്യാറാക്കി തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തിയത്.
കഴിഞ്ഞ നാലേമുക്കാൽ കൊല്ലം നാടിന്റെ വികസനത്തെ പിന്നോട്ട് അടിച്ചിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംഘടിപ്പിക്കുന്ന ഇത്തരം ഉദ്ഘാടന മാമാങ്കളിലൂടെ ഇവിടുത്തെ ജനങ്ങളെ കബളിപ്പിക്കുവാൻ ആർക്കുമാവില്ല.
മറുനാടന് ഡെസ്ക്