- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിൽ കത്തിക്കയറി വേണുഗോപാലിന്റെ പ്രസംഗം; സമുദായ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടത് ആരെന്നു തീരുമാനിക്കേണ്ടത് സർക്കാർ അല്ലെന്നു രാജ്‌നാഥ് സിങ്; കേരള എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള ചർച്ചയെ തുടർന്നു പാർലമെന്റ് ബഹളത്തിൽ മുങ്ങി. കെ സി വേണുഗോപാൽ ശക്തമായ ഭാഷയിൽ സംഭവത്തെ വിമർശിച്ചതോടെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സർക്കാരിനെതിരെ തിരിഞ്ഞു. പ്രതിഷേധത്തിനൊടുവിൽ പാർലമെന്റ് നടപടികൾ ബഹിഷ്‌കരിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ ഇറങ്ങിപ്പോയി. പ്രധാനമന്ത്രി
ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള ചർച്ചയെ തുടർന്നു പാർലമെന്റ് ബഹളത്തിൽ മുങ്ങി. കെ സി വേണുഗോപാൽ ശക്തമായ ഭാഷയിൽ സംഭവത്തെ വിമർശിച്ചതോടെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സർക്കാരിനെതിരെ തിരിഞ്ഞു. പ്രതിഷേധത്തിനൊടുവിൽ പാർലമെന്റ് നടപടികൾ ബഹിഷ്‌കരിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ ഇറങ്ങിപ്പോയി.
പ്രധാനമന്ത്രിയുടെ പരിപാടി സ്വകാര്യചടങ്ങാണെന്ന വാദം തെറ്റെന്നു ചൂണ്ടിക്കാട്ടിയാണു കെ സി വേണുഗോപാൽ കത്തിക്കയറിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ മുഖ്യമന്ത്രിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ചടങ്ങ് നടക്കുന്ന കൊല്ലത്തെ എംപിയേയും എംഎൽഎയേയും ക്ഷണിച്ചപ്പോൾ മുഖ്യമന്ത്രിയെ മാത്രമായി ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും വേണുഗോപാൽ ആരോപിച്ചു.
എന്നാൽ, വേണുഗോപാലിന്റെ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തള്ളി. സമുദായ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടത് ആരെന്നു തീരുമാനിക്കേണ്ടത് സർക്കാർ അല്ലെന്നു മന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചു. എന്നാൽ, കേരള എംപിമാർ ഒരുമിച്ചു ബഹളം വച്ചതോടെ പാർലമെന്റ് പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി പങ്കെടുക്കുന്നത് കേരളത്തിലെ സമുദായ സംഘടനയായ എസ്.എൻ.ഡി.പി സംഘടിപ്പിക്കുന്ന സ്വകാര്യ ചടങ്ങിലാണെന്നും അതിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ഒന്നും ചെയ്യാനില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി. എന്നാൽ, മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതിരുന്ന കോൺഗ്രസ് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. ബഹളത്തിനിടെ, രാജ്‌നാഥ് സിങ് വിശദീകരണം തുടർന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിൽ കേരളത്തിൽ ചില പ്രശ്‌നങ്ങളുണ്ട്. അത് കാരണമാവാം മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നും രാജ്‌നാഥ് വിശദീകരിച്ചു. ഇതോടെ കോൺഗ്രസ് വീണ്ടും ബഹളം വച്ചു.
കൊല്ലത്തേത് സ്വകാര്യ പരിപാടിയാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയും പറഞ്ഞു. മാത്രമല്ല ചടങ്ങിൽ പങ്കെടുക്കില്ലെന്ന കാര്യം ഉമ്മൻ ചാണ്ടി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയത് കേരള ജനതയെ അപമാനിക്കുന്ന നടപടിയാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ മോദി കേരള ജനതയെ അംഗീകരിക്കുന്നില്ല എന്നാണ് തെളിയുന്നത്. കേരള ജനതയുടെ ശബ്ദമാണു മുഖ്യമന്ത്രിയെന്നും രാഹുൽ പറഞ്ഞു.
അതേസമയം, ചടങ്ങിൽനിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ നിർദ്ദേശം നല്കിയിട്ടില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി അറിയിച്ചു. സ്വകാര്യ ചടങ്ങാണെന്നാണു ഓഫീസ് നല്കിയ വിശദീകരണം. സ്വകാര്യ ചടങ്ങിൽ ആരൊക്കെ പങ്കെടുക്കണമെന്ന നിർദ്ദേശം അവരവരാണു തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.