- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പിണറായി വിജയന് ആർ ശ്രീകണ്ഠൻ നായർ എഴുതുന്ന തുറന്ന കത്ത്
പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, ഒരുപാട് സാധ്യതകളുള്ള ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോൾ കടുത്ത പ്രതിസന്ധികളും പ്രശ്‌നങ്ങളും നിരവധിയുണ്ട് ഈ നാട്ടിലെന്ന് അങ്ങയ്ക്ക് പൂർണ്ണ ബോധ്യമുണ്ട് എന്നാണ് എന്റെ വിശ്വാസം. നന്നായി ഭരിക്കാനുള്ള സാഹചര്യങ്ങൾ താങ്കൾക്ക് അനുകൂലമാണ്. .ഏറ്റവും പ്രധാനം നിയമസഭയിലെ ഭൂരിപക്ഷം, പറയുന്നത് ചെയ്യുന്ന ആളാണെന്ന ഖ്യാതി, പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത അധീശത്വം- അങ്ങനെ പലതും.... ഈ സാഹചര്യം അങ്ങ് ഉപയോഗപ്പെടുത്തണം. ഭരണത്തിന് കേരളത്തിന്റെ ഭാവിയിൽ ഊന്നിയുള്ള ഒരു മുൻഗണനാക്രമം ഉണ്ടാകണം. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വികസന മുരടിപ്പ്, നിക്ഷേപകരുടെ വൈമുഖ്യം, ആരോഗ്യ രംഗത്തെ പ്രതിസന്ധി, അഴിമതി, അക്രമം, ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വം, പരദേശി തൊഴിലാളികൾ, വളരുന്ന കുറ്റവാസന, സ്ത്രീകളുടെ സുരക്ഷിതത്വ കുറവ്, മതവെറി തുടങ്ങി കേരളം നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങളെ കുറിച്ച് ഒരു ധവള പത്രം ഇപ്പോൾ തന്നെ ഇറക്കണം. കുറച്ച് വൈകിയാൽ ഇങ്ങനെ ഒരു പത്രം അങ്ങയ്ക്ക് ഇ
പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,
ഒരുപാട് സാധ്യതകളുള്ള ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോൾ കടുത്ത പ്രതിസന്ധികളും പ്രശ്‌നങ്ങളും നിരവധിയുണ്ട് ഈ നാട്ടിലെന്ന് അങ്ങയ്ക്ക് പൂർണ്ണ ബോധ്യമുണ്ട് എന്നാണ് എന്റെ വിശ്വാസം.
നന്നായി ഭരിക്കാനുള്ള സാഹചര്യങ്ങൾ താങ്കൾക്ക് അനുകൂലമാണ്. .ഏറ്റവും പ്രധാനം നിയമസഭയിലെ ഭൂരിപക്ഷം, പറയുന്നത് ചെയ്യുന്ന ആളാണെന്ന ഖ്യാതി, പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത അധീശത്വം- അങ്ങനെ പലതും.... ഈ സാഹചര്യം അങ്ങ് ഉപയോഗപ്പെടുത്തണം. ഭരണത്തിന് കേരളത്തിന്റെ ഭാവിയിൽ ഊന്നിയുള്ള ഒരു മുൻഗണനാക്രമം ഉണ്ടാകണം. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വികസന മുരടിപ്പ്, നിക്ഷേപകരുടെ വൈമുഖ്യം, ആരോഗ്യ രംഗത്തെ പ്രതിസന്ധി, അഴിമതി, അക്രമം, ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വം, പരദേശി തൊഴിലാളികൾ, വളരുന്ന കുറ്റവാസന, സ്ത്രീകളുടെ സുരക്ഷിതത്വ കുറവ്, മതവെറി തുടങ്ങി കേരളം നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങളെ കുറിച്ച് ഒരു ധവള പത്രം ഇപ്പോൾ തന്നെ ഇറക്കണം. കുറച്ച് വൈകിയാൽ ഇങ്ങനെ ഒരു പത്രം അങ്ങയ്ക്ക് ഇറക്കാനാവില്ല. പലകാരണങ്ങളാൽ..
അതുപോലെ രാഷ്ട്രീയ നിറഭേദമില്ലാതെ ഒരു സംഘം പ്രൊഫഷണലുകളുടെ ഉപദേശക സമിതി അങ്ങ് ഉണ്ടാക്കണം. ലോകത്ത് അത്ഭുതങ്ങൾ കാട്ടിയ നിരവധി മലയാളികൾ ഉണ്ട്. പെറ്റ നാടിന് ഗുണം ചെയ്യാൻ കാത്തിരിക്കുന്നവർ. ഇതിൽ ദയവുചെയ്ത് സ്തുതിപാഠകരെ ഉൾപ്പെടുത്തരുത്. അങ്ങയുടെ ഭാഷയിൽ പറഞ്ഞാൽ കാശിനും മണ്ണിനും കൊള്ളാത്ത നെറി കെട്ട അവതാരങ്ങൾ.
അങ്ങയ്ക്കറിയാമല്ലോ കേരളത്തിന് പുറത്തുള്ള നിക്ഷേപർക്ക് ഈ നാടിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ പേടിയാണ്. വന്നുപെട്ടാൽ പണം പോകുമെന്ന ധാരണ. നമുക്ക രണ്ട് പേർക്കും അറിയാം അത്തരം കടുത്ത പ്രതിസന്ധികൾ കേരളത്തിൽ നിക്ഷേപകർക്കില്ലെന്ന്. പക്ഷേ 50ഡിഗ്രി ചൂടിൽ കഠിനാധ്വാനം ചെയ്ത് അവരുണ്ടാക്കിയ പണത്തോട് ആദരവ് കാണിക്കാത്ത ബ്യൂറോക്രസി ഇവിടെ ഉണ്ട്. എല്ലാ വികസന സ്വപ്നങ്ങളും അവർ പൊളിച്ചടുക്കും. ഏകജാലകത്തെ അവർ ഏഴായിരം ജാലകമാക്കും. അവരെ നിലയ്ക്ക് നിർത്താൻ അങ്ങയ്ക്ക് കഴിയും. അങ്ങയ്ക്കും കഴിയില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസമുള്ള തൊഴിലില്ലാ പട എങ്ങോട്ട് പോകും?
സെക്രട്ടറിയേറ്റിലെ ഉഴപ്പന്മാരോട് അങ്ങ് പറഞ്ഞത് നന്നായി. യൂണിയന്റെ കാർഡുകളിൽ രക്ഷപ്പെടണ്ട ഈ പാഴ്‌നിലങ്ങൾ പൊതുജനങ്ങൾക്ക് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല.
മൂന്നാറിൽ റിസോർട്ട് പൊളിഞ്ഞ് വീഴുന്നത് കണ്ട് നമ്മുടെ ആളുകൾ കയ്യടിക്കുമ്പോൾ വിദേശത്ത് ഇരുന്ന് ഇതൊക്കെ കാണുന്ന നിക്ഷേപകർ എന്തു ചിന്തിക്കും എന്ന് യാത്ര ചെയ്യുന്നവർ തീർച്ചയായും തിരിച്ചറിയുന്നുണ്ട്.
പിന്നെ കൂടെ ഉള്ളവരോട് ഓരോ ദിവസവും ഇറങ്ങി ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞ് കുഴപ്പത്തിലാവണ്ട എന്ന് അങ്ങ് ഉപദേശിക്കണം. സായാഹ്ന ടിവിയിലെ കോമഡി ഷോയിൽ നായകരാകേണ്ട എന്ന് അവർ സ്വയം തീരുമാനിക്കണം.
ഇവർക്ക് ഒരു ഗൃഹപാഠം അങ്ങ് നൽകണം. ആദ്യത്തെ വർഷം സ്വന്തം വകുപ്പിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഗവേഷണമൊക്കെ ചെയ്ത് പഠിച്ചിട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൊണ്ടുവരാൻ പറയണം. നമ്മൾ ഒരുപാട് പ്രസംഗിക്കുന്നവരാണ്, ഇനി കുറച്ചുകാലം പ്രസംഗം കുറച്ച് പ്രവർത്തിക്കാം.
അതിരപ്പിള്ളി പോലുള്ള ഗഹനമായ വിഷയങ്ങളിലും മുല്ലപ്പെരിയാർ പോലെയുള്ള വികാരപരമായ പ്രശ്‌നങ്ങളിലും പെട്ടെന്ന് തീ കോരിയിട്ട് അങ്ങയുടെ മുൻഗണനകളിൽ നിന്ന് വഴുതിമാറരുത്.ഇതൊക്കെ പറയാൻ കാരണം അങ്ങയിൽ ഒരുപാട് പ്രതീക്ഷകൾ നാട്ടുകാർ വച്ചു പുലർത്തുന്നുണ്ട്. അതുകൊണ്ട് മാത്രമാണ്.
കൂട്ടത്തിൽ പറയട്ടെ,കാബിനെറ്റിൽ ചർച്ച ചെയ്ത ഭരണപരമായ കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് കുത്തിക്കീറാൻ കൊടുക്കേണ്ട എന്നു തീരുമാനിച്ചതും നന്നായി. അതൊരു നരേന്ദ്ര മോദി സ്‌റ്റൈലാണെങ്കിലും കാര്യബോധമുള്ള ഒരു പ്രൊഫഷണൽ സമിതിയുടെ സഹായത്തോടെ ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ചിലപ്പോൾ പരക്ഷേമ കാംക്ഷികൾ ഒരു ഓമനപ്പേര് താങ്കൾക്ക് ചാർത്തി തന്നെന്നുവരും. 'സ്വേഛാധിപതി'! എന്നാലും സാരമില്ല. ഈ നാട് രക്ഷപ്പെടുമെങ്കിൽ!
അനന്ത സാധ്യതകളുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണദണ്ഡാണ് അങ്ങയ്ക്ക ജനങ്ങൾ വച്ചു തന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ വഴി മുടക്കികളേയും നിക്ഷിപ്ത താത്പര്യക്കാരേയും അങ്ങ് മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ല. മാറുന്ന ലോകത്തിലെ ഒരു സ്വപ്ന കേരളത്തിലേക്ക് അങ്ങ് യാത്ര തുടങ്ങുമെന്ന പ്രതീക്ഷയോടെ
സ്വന്തം,
ശ്രീകണ്ഠൻ നായർ