കോഴിക്കോട്: വനിതകളുടെ ശാരീരിക ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള അതികഠിനമായ ഐപിഎസ് ട്രയിനിങ്ങ് തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ. മനോരമ ന്യുസിൽ ജോണി ലൂക്കോസുമായുള്ള 'നേരെ ചൊവ്വെ' പരിപാടിയിലായിരുന്നു അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. 'വനിതാപൊലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റക്കുട്ടികൾ മാത്രമേ ഉണ്ടാവൂ എന്നാണ് ഞങ്ങൾ പറയുക. രണ്ടുകുട്ടികൾ ഉള്ളവർ ട്രെയിനിങ്ങ് ഉഴപ്പിയെന്നാണ് പറയും. മാസമുറ വന്നാലും അത് പരിഗണിക്കാതെ കഠിനമായ ട്രയിനിങ്ങാണ് ഉണ്ടാവുന്നത്. ഇതുമൂലം ആന്തരികാവയവങ്ങളിൽ പ്രശ്നം ഉണ്ടാവുന്നതുകൊണ്ടാണ് പലർക്കും കുട്ടികൾ ഉണ്ടാവാത്തത്. എനിക്ക് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ആദ്യത്തെ കുട്ടിയുണ്ടായത്. പിന്നീട് ഒരു മകൾക്കുവേണ്ടി ഞങ്ങൾ ഏറെ ചികിത്സ തേടി. പക്ഷേ ഫലമുണ്ടായില്ല''- ആ ശ്രീലേഖ ചൂണ്ടിക്കാട്ടി. വിരമിച്ചതിനുശേഷം മാധ്യമങ്ങളിൽനിന്ന് അകലം പ്രാപിച്ച് കഴിയുകയായിരുന്ന അവരുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു.

പക്ഷേ ട്രെയിനിങ്ങിൽ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി യാതൊരു പരിഗണയും വാങ്ങരുതെന്ന് കിരൺ ബേദി നേരത്തെ ഞങ്ങളോട് പറഞ്ഞിരുന്നു. കാരണം അങ്ങനെ ആണെങ്കിൽ പിന്നെ അത് ഒരു ബ്ലാക്ക് മാർക്കായി കാലാകാലം നിലനിൽക്കും. ഞങ്ങൾ ഈ പരിശീലനകാലത്ത് ഒരു പരിഗണനയും ആവശ്യപ്പെട്ടിട്ടുമില്ല. പല അപകടങ്ങളും പറ്റിയിട്ടുണ്ട്. മുങ്ങിച്ചാവാനൊക്കെ പോയിട്ടുണ്ട്. എന്നിട്ടും ഞങ്ങൾ പിടിച്ചുനിന്നെന്നും, പുരുഷന്മാർ ചെയ്യുന്ന എല്ലാ ട്രെയിനിങ്ങും പൂർത്തിയാക്കിയെന്നും ശ്രീലേഖ പറയുന്നു.

ഐപിഎസിൽ നിന്നു രാജി വയ്ക്കാൻ ഒരുങ്ങി

കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽനിന്നു ലൈംഗിക ചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്നു മുൻ ഡിജിപി ആർ.ശ്രീലേഖ വെളിപ്പെടുത്തുന്നു. പുരുഷമേധാവിത്വം നിലനിൽക്കുന്ന പൊലീസ് സംവിധാനത്തിൽ നിന്നുള്ള മാനസികപീഡനം സഹിക്കാനാവാതെ ഒരുവേള ഐപിഎസിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങിയെന്നും അവർ പറയുന്നു.

സേനയിലെ വനിതാ ഓഫിസർമാർ പലവിധ സമ്മർദങ്ങൾ നേരിടുന്നുണ്ട്. ഒരു ഡിഐജി പൊലീസ് ക്ലബ്ബിൽ വന്നാൽ ഒരു വനിത എസ്ഐയെ അങ്ങോട്ടു വിളിക്കും. അവർ പേടിച്ച് എന്റെയടുത്തു വന്നു. 'അവർ ഇന്നു വരുന്നില്ല' എന്നു ഡിഐജിയെ വിളിച്ചു പറഞ്ഞു. ഡിഐജിക്കു കാര്യം മനസ്സിലായി. മുൻപും ഈ ഉദ്യോഗസ്ഥയെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ട്. സ്ത്രീയായതു കൊണ്ടുമാത്രം എനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നു. മദ്യപിച്ച ശേഷം പൊലീസ് ഓഫിസർമാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു.

രാഷ്ട്രീയ പിൻബലമുള്ള പൊലീസ് ഓഫിസർമാർക്കു ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാം. ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫീസറുടെ അനുസരണയെക്കുറിച്ചു പറയുന്നതു കേട്ടു ഞെട്ടി. 'ഇയാൾ അഴിമതിക്കാരനാണ് എന്ന് എനിക്കറിയാം. എന്നാലും നല്ല അനുസരണയുള്ള ആളാണ്. പറയുന്നതെന്തും ചെയ്തുകൊള്ളും. അഴിമതി ഞാനങ്ങു കണ്ണടയ്ക്കും' എന്നാണു മുഖ്യമന്ത്രി പറഞ്ഞത്, ശ്രീലേഖ പറഞ്ഞു.

ശ്രീലേഖയെ ഉപദ്രവിക്കാൻ കൂട്ടുനിന്നതും ടോമിൻ ജെ തച്ചങ്കേരിയാണോ എന്ന് കേട്ടിരുന്നല്ലോ എന്ന് ജോണി ലൂക്കോസ് അഭിമുഖത്തിൽ വെട്ടിത്തുറന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ശ്രീലേഖയുടെ മറുപടി ഇങ്ങനെ ആയിരുന്നു. 'ഞാൻ ക്ഷമിച്ച് വിട്ടുകളഞ്ഞ കാര്യമാണിത്. പല കാര്യങ്ങൾക്കും പിന്നിൽ ഇദ്ദേഹമാണെന്ന തോന്നൽ എനിക്ക് ഇങ്ങനെ ഒബ്സെഷൻ പോലെ, വന്നുകൊണ്ടിരുന്ന സമയത്ത് കുറച്ചൊന്നുമല്ല എനിക്ക് പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത്. ശാരീരികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. അത് എല്ലാം മാറി. ഹരാസ്‌മെന്റ് സഹിക്കാൻ വയ്യാതെ ഞാൻ റെസിഗനേഷൻ ലെറ്റർ വരെ എഴുതിയിട്ടുണ്ട്. സീനിയർ ഓഫീസേഴ്സ് അത്രക്ക് ദ്രോഹിച്ചു. മനഃശ്ശക്തിയുടെ പുറത്താണ് പിടിച്ചു നിന്നത്. കഴിഞ്ഞ കുറേക്കാലമായി യോഗയും മെഡിറ്റേഷനുമായി ഞാൻ മുന്നോട്ട് പോവുകയാണ്. അതുകൊണ്ട് എല്ലാം ക്ഷമിക്കാൻ കഴിയുന്നു''- ശ്രീലേഖ പറയുന്നു.

ചേഞ്ച് പൊലീസ് ബിഹേവിയർ ഹാഷ്ടാഗ് വേണം

പൊലീസിന്റെ സ്വഭാവം മാറ്റിയെടുക്കുന്നതിനായി താനടക്കമുള്ളവർ നൽകിയ പല റിപ്പോർട്ടുകളും വെളിച്ചം കണ്ടില്ലെന്നും അവർ പറയുന്നു.' എന്നെങ്കിലുമൊരിക്കൽ ഡിജിപിയാവുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു. അന്ന് ഈ പറഞ്ഞ കാര്യങ്ങളൊക്കെ നടപ്പാക്കുമെന്നാണ് കുരുതിയത്. പക്ഷേ എന്നെ ലൊ ആൻഡ് ഓർഡർ വിഭാഗത്തിൽ അധികം ഇരുത്തിയിട്ടുപോലുമില്ല''- ശ്രീലേഖ പറഞ്ഞു.

ഐപിഎസ് അസോസിയേഷനിലൊക്കെ കേവലം വ്യക്തിപരമായ അജണ്ടകൾ മാത്രമാണ് നടക്കുന്നത്. ഇനി ഉന്നത പൊലീസ് മീറ്റിങ്ങുകളിലൊക്കെ എന്തെങ്കിലും പറഞ്ഞാൽ അടിച്ചമർത്തുകയാണ് പതിവ്. എന്തിനാണ് മിണ്ടാൻ പോയത് എന്നാണ് സീനിയേഴ്സും പറയുക. മാധ്യമങ്ങളിലൂടെ വാർത്ത വന്നാലും വിപരീതഫലമാണ്. അതുകൊണ്ടാണ് എല്ലാറ്റിൽ നിന്നും ഉൾവലിഞ്ഞ് നിൽക്കുന്നത്. പക്ഷേ പൊലീസിന്റെ ബിഹേവിയർ ഇപ്പോഴും മോശമാണ്. അത് മാറ്റാൻ ജനങ്ങളുടെ ശക്തമായ ഇടപെടൽ വേണം. ചേഞ്ച് പൊലീസ് ബിഹേവിയർ എന്ന ഹാഷ്ടാഗിൽ ഒരു കാമ്പയിൻ തന്നെ നടക്കണം. ശംഖുമുഖം എസിയും സിഐയും എനിക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നല്ലോ.

പൊലീസിന്റെ തലപ്പത്ത് വനിതാ ഓഫീസർമാർ ഉണ്ടെങ്കിൽ സ്ത്രീകൾക്ക് എളുപ്പം പരാതിപ്പെടാൻ കഴിയും. വിരമിച്ചിട്ടും ഇപ്പോഴും എന്നെ തേടി നിരവധി ഫോൺ കോളുകളാണ് വരുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്ന് നീതിയും ന്യായവും കിട്ടാത്തതു കൊണ്ടല്ലേ അവർ അങ്ങനെ ചെയ്യുന്നത്.'- ശ്രീലേഖ ചോദിക്കുന്നു.

ചില ശക്തമായ സ്വയം വിമർശനവും അഭിമുഖത്തിൽ അവർ നടത്തുന്നുണ്ട്. 'ഞാൻ ചെയ്ത പല കാര്യങ്ങളും സത്യസന്ധവും പൂർണ്ണമായും ന്യായവും ആയിരുന്നില്ല. രണ്ട് കൈയും കൂട്ടി അടിച്ചാൽ മാത്രമേ, ശബ്ദം കേൾക്കില്ല. മറ്റേ കൈ വെച്ചുകൊടുത്തു. കൂടെയുള്ളവർ പറയുന്നത് വിശ്വസിച്ചു. പലരെയും അന്യായമായി സംശയിച്ചു.''- ശ്രീലേഖ പറയുന്നു.

ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന് പിണറായി

കേരളാ പൊലീസ് സേനയിൽ ലിംഗവിവേചനമെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സർവീസിലിരിക്കുമ്പോൾ അവരൊരു പരാതിയും തന്നോട് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരം സമീപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചോദ്യോത്തരവേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഈ മറുപടി നൽകിയത്.

ശ്രീലേഖയുടെ അഭിപ്രായ പ്രകടനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുൻ ഡിജിപി നടത്തിയതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബത്തിൽപ്പോലും പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് മുൻ ഡിജിപി പ്രസ്താവന നടത്തിയത്. ഈ ആരോപണവിധേയനായ മുൻ ഡിഐജിയുടെ പേര് ആർ ശ്രീലേഖ പറയാത്തതെന്ത്? വിവരം കൃത്യമായി അറിയാമായിരുന്നെങ്കിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ല? മുൻ ഡിഐജിയെന്ന് മാത്രം പറഞ്ഞതിനാൽ വിരമിച്ച പല ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാവുകയാണ്. സർവ്വീസിലിരിക്കെ ഒന്നും ചെയ്യാതെ വിരാജിച്ച ശേഷം അതിരു കടന്ന വാക്കു പറഞ്ഞ് നടക്കരുതെന്നും സംഘടനാ ജനറൽ സെക്രട്ടറി ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.